തൃശൂർ മെഡിക്കൽ കോളജിലെ രക്തബാങ്കിന് ദേശീയ അംഗീകാരം
text_fieldsരക്ത ബാങ്കിനുള്ള അംഗീകാരം മെഡിക്കൽ കോളജ് അധികൃതർ ഏറ്റുവാങ്ങുന്നു
തൃശൂർ: ദേശീയ ആരോഗ്യ മന്ത്രാലയം തൃശൂർ ഗവ. മെഡിക്കൽ കോളജിലെ രക്ത ബാങ്കിനെ സംസ്ഥാനത്തെ മികച്ച രക്ത ബാങ്കായി തിരഞ്ഞെടുത്തു.
ദേശീയ ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സർവിസ് വിഭാഗം എല്ലാ സംസ്ഥാനത്തെയും മികച്ച രക്ത ബാങ്കിനെ ആദരിച്ചിരുന്നു. സന്നദ്ധ രക്ത ദാനത്തിലെ മികവ്, രക്തഘടകങ്ങളുടെ ഉൽപാദനം, കൃത്യമായ റിപ്പോർട്ടിങ്, സേവനത്തിലെ ഗുണനിലവാരം, മികച്ച രോഗീ സേവനം തുടങ്ങിയ മാനദണ്ഡങ്ങളെ ആധാരമാക്കിയായിരുന്നു തെരഞ്ഞെടുപ്പ്.
രക്ത ബാങ്കിന് ലഭിച്ച ആദരം, വകുപ്പ് മേധാവി ഡോ. സജിത്ത് വിളമ്പിൽ, മെഡിക്കൽ ഓഫിസർമാരായ ഡോ. അർച്ചന, ഡോ. അഞ്ജലി, ഡോ. ആഷ്ലി മൊൺസൺ മാത്യു, ഡോ. നിത്യ എം. ബൈജു, സയന്റിഫിക് ഓഫിസർമാരായ സിന്ധു, ഷീജ, കൗൺസിലർ പ്രീതി വർഗീസ് എന്നിവർ ചേർന്ന് കേന്ദ്ര അഡീഷനൽ ഹെൽത്ത് സർവിസ് ഡയറക്ടർ ഡോ. വിജയ വിജയ് മോത്ഘരെയിൽ നിന്നും ഏറ്റുവാങ്ങി.
ഇന്ത്യയിലെ എല്ലാ സംസ്ഥങ്ങളിൽനിന്നും പ്രതിനിധികൾ പങ്കെടുത്ത സമ്മേളനം കൊച്ചിയിലാണ് നടന്നത്.
പ്രതിവർഷം ഇരുപതിനായിരം യൂനിറ്റ് രക്തം ശേഖരിക്കുന്ന തൃശൂർ ഗവ. മെഡിക്കൽ കോളജിലെ രക്ത കേന്ദ്രം ചുവന്ന രക്താണുക്കൾ, പ്ലേറ്റ്ലെറ്റുകൾ, പ്ലാസ്മ, ക്രയോപ്രെസിപിറ്റേറ്റ്, തുടങ്ങിയ വിവിധ രക്ത ഘടകങ്ങളുടെ നിർമാണത്തിലും വിതരണത്തിലും ക്രിയാത്മകമാണ്.
തൃശൂർ മെഡിക്കൽ കോളജിന്റെ വികസന പ്രവർത്തനങ്ങളിൽ രക്ത ബാങ്ക് ശക്തമായ സാന്നിധ്യമാണെന്നും ട്രാൻസ്ഫ്യൂഷൻ മെഡിസിനിലെ ബിരുദാനന്തര പഠനം ഉൾപ്പടെ നിരവധി പദ്ധതികൾക്ക് ഈ വിഭാഗം തയാറെടുക്കുന്നുവെന്നും പ്രിൻസിപ്പൽ ഡോ. എൻ. അശോകൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

