കോവിഡിനെ മറികടക്കാൻ 365 കഥകളുടെ നുറുങ്ങുപാലം തീർത്ത് നന്ദകിഷോർ വർമ
text_fieldsനന്ദകിഷോർ വർമ
തൃശൂർ: തൃശൂർ ശങ്കരയ്യ റോഡിലെ വേണുവിഹാരം പാലസിലെ നന്ദകിഷോർ വർമ കോവിഡിെൻറ വിരസതയെ കീഴടക്കിയത് നുറുങ്ങുകഥകൾ കൊണ്ടാണ്. കോവിഡ് ഭീതിയിൽ നാട് വിറങ്ങലിച്ചു നിന്ന ഓരോ ദിവസവും ഇദ്ദേഹം ഓരോ കഥകൾ വീതം എഴുതി. അങ്ങനെ ഒരുവർഷം പൂർത്തിയായപ്പോൾ നന്ദകിഷോറിെൻറ കൈയിൽ 365 നുറുങ്ങുകഥകൾ. തൽക്കാലം മതി എന്നുറപ്പിച്ച് കോവിഡിെൻറ ആലസ്യത്തിന് വിട്ടുകൊടുത്ത് കഥയൊഴുകാത്ത വീട്ടിൽ ഇരിപ്പാണ് വർമ.
തൃശൂർ എൻജിനീയറിങ് േകാളജിൽനിന്ന് 1985ൽ പുറത്തിറങ്ങിയപ്പോൾ അൽപം എഴുത്ത് കൂട്ടിനുണ്ടായിരുന്നു. പിന്നീട് എഫ്.എ.സി.ടിയിൽ. ജോലി രാജിവെച്ച് ഗൾഫിലുമെത്തി. 2016ൽ തിരിച്ചെത്തി ഫ്രീലാൻസായി 'ഫയർ സേഫ്റ്റി' പരിശീലന ക്ലാസുകളും ഉപദേശങ്ങളും നൽകി നാട്ടിൽ ഒതുങ്ങിക്കൂടവേയാണ് കോവിഡ് വില്ലെൻറ രൂപത്തിലെത്തിയത്. തുരുത്തിൽ കുടുങ്ങിയ മുത്തശ്ശിയുടെ അയൽകരക്കാരുടെ വരവ് പ്രതീക്ഷിച്ചുള്ള ഇരിപ്പ് 'കാവൽ' എന്ന ആദ്യ കഥയായി. അത് രാവിലെ ആറിന് കഥ നുറുങ്ങ് എന്ന ഹാഷ് ടാഗിൽ ഫേസ്ബുക്കിൽ ഇട്ടു.
പൂർവവിദ്യാർഥി കൂട്ടായ്മയുടെ വാട്സ്ആപ് ഗ്രൂപ്പിലുമിട്ടു. പിന്നീട് ഓരോ ദിവസവും ഇത് ആവർത്തിച്ചു. അങ്ങനെ 2020 സെപ്റ്റംബർ 26 മുതൽ 2021 സെപ്റ്റംബർ 25 വരെ 365 കഥകൾ എഴുതി. ഭരതവാക്യം എന്ന 365ാം കഥ ശനിയാഴ്ചയാണ് പൂർത്തിയാക്കിയത്.
സമൂഹ മാധ്യമങ്ങളിൽ വർമക്ക് ആരാധകർ ഏറെയായിരുന്നു. ഒടുവിൽ ശനിയാഴ്ച കഥയുടെ ഒരു വർഷം പൂർത്തിയായപ്പോൾ തൃശൂർ ഗവ. എൻജിനീയറിങ് കോളജ് പൂർവ വിദ്യാർഥി സംഘടനയിലെ കലാപ്രവർത്തകരുടെ കൂട്ടായ്മയായ 'ഗസൽ' ഓൺലൈനിൽ ആദരിക്കലും നടന്നു. എഴുത്തുകാരനായ ഇ. സന്തോഷ്കുമാറായിരുന്നു ഉദ്ഘാടകൻ. 2020ൽ 'വിേഛദങ്ങൾ' ചെറുകഥാ പുസ്തകം എഴുതിയിട്ടുണ്ട്. ഭാര്യ: മൃദുല. മകൻ അനങ്ക് ബംഗളൂരു അസിം പ്രേംജി യൂനിവേഴ്സിറ്റിയിൽ ബി.എ ഇക്കണോമിക്സ് അവസാനവർഷ വിദ്യാർഥിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

