മുനക്കൽ മുസിരിസ് ഡോൾഫിൻ ബീച്ച് അന്താരാഷ്ട്ര നിലവാരത്തിലേക്ക്
text_fieldsഅഴീക്കോട് മുനക്കൽ ബീച്ച്
അഴീക്കോട്: സംസ്ഥാനത്തെ ഏറ്റവും മണൽപ്പരപ്പുള്ള ബീച്ചായ അഴീക്കോട് മുനക്കൽ മുസിരിസ് ഡോൾഫിൻ ബീച്ച് അന്താരാഷ്ട്ര നിലവാരത്തിലേക്ക്. മുസ്രിസ് പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തി ആറ് കോടി രൂപയുടെ ബീച്ച് സൗന്ദര്യവത്കരണ പദ്ധതികൾക്കാണ് തുടക്കം കുറിക്കുന്നത്. പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഓൺലൈനായി നിർവഹിക്കും.
ലോക ടൂറിസം ഭൂപടത്തിൽ ഇടം നേടുന്നതിെൻറ ഭാഗമായി 2019ലാണ് ഡി.ടി.പി.സി ബീച്ച് മുസിരിസ് പൈതൃക പദ്ധതിക്ക് കൈമാറിയത്. അഴീക്കോട് കടൽത്തീരത്തായി ചൂളമരക്കാടുകളും ചീനവലകളും മിയോവാക്കി വനവും ഉൾപ്പെടെയുള്ള വിശാലമായ മണൽപ്പരപ്പോടുകൂടിയ 30 ഏക്കറിലധികം വരുന്നതാണ് ബീച്ച്.
നിലവിലുള്ള പരിമിതമായ സൗകര്യങ്ങൾ ആധുനിക സംവിധാനങ്ങളോടെ വിപുലപ്പെടുത്തി, പ്രകൃതിസൗന്ദര്യം പൂർണമായി നിലനിർത്തിക്കൊണ്ടുള്ള സൗന്ദര്യവത്കരണമാണ് ലക്ഷ്യമിടുന്നത്.
പദ്ധതിയുടെ ഭാഗമായി ബീച്ചിന് കിഴക്കുഭാഗത്ത് വിപുലമായ സൗകര്യമുള്ള ബോട്ടുജെട്ടി സ്ഥാപിച്ചതോടെ മുസിരിസ് പൈതൃക പദ്ധതി പ്രദേശങ്ങളിലേക്ക് ഒരു ജലപാതകൂടിയാണ് യാഥാർഥ്യമായത്.
സൗന്ദര്യവത്കരണത്തിെൻറ ഭാഗമായി വീതിയേറിയ നടപ്പാതകൾ, കിലോമീറ്ററുകൾ ദൂരമുള്ള സൈക്കിൾ പാത, വിശ്രമസങ്കേതങ്ങൾ, കുട്ടികൾക്കുള്ള കളിസ്ഥലങ്ങൾ, സൈൻ ബോർഡുകൾ, ഫുട്ബാൾ, വോളിബാൾ തുടങ്ങിയ കായിക ഇനങ്ങൾക്കുള്ള പ്രത്യേക സൗകര്യങ്ങൾ എന്നിവയാണ് ഒരുക്കുന്നത്.
കടലും കായലും സംഗമിക്കുന്നയിടത്ത് സൂര്യാസ്തമയം ദർശിക്കുന്നതിനുള്ള പ്രത്യേക സംവിധാനങ്ങളും ഒരുക്കും. നേരത്തെ ബീച്ചിെൻറ ഒരുഭാഗത്ത് 20 സെൻറ് സ്ഥലത്ത് മിയോവാക്കി കാടുകൾ തയാറാക്കിയിരുന്നു.
പദ്ധതി യാഥാർഥ്യമാകുന്നതോടെ മുസിരിസ് പൈതൃക പദ്ധതി പ്രദേശങ്ങളിലെത്തുന്ന സഞ്ചാരികളുടെ പ്രധാന കേന്ദ്രമായി ബീച്ച് മാറും. തീരദേശത്ത് നിരവധി തൊഴിൽസാധ്യതകൾക്കും ഇത് വഴി തുറക്കും. ഇതോടെ ഏറ്റവും വിസ്തൃതിയേറിയ ആധുനിക സംവിധാനങ്ങളുള്ള ബീച്ചായി അഴീക്കോട് മാറും.
ഇ.ടി. ടൈസൺ എം.എൽ.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ടൂറിസം വകുപ്പ് ഡയറക്ടർ പി. ബാലകിരൺ പദ്ധതി വിശദീകരിക്കും. ബെന്നി ബഹനാൻ എം.പി മുഖ്യാതിഥിയാകും.
ടൂറിസം പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് മുഖ്യ പ്രഭാഷണം നടത്തും.
എറിയാട് പഞ്ചായത്ത് പ്രസിഡൻറ് കെ.പി. രാജൻ, വൈസ് പ്രസിഡൻറ് പ്രസീന റാഫി, മുസിരിസ് പൈതൃക പദ്ധതി മാനേജിങ് ഡയറക്ടർ പി.എം. നൗഷാദ്, മാർക്കറ്റിങ് മാനേജർ ഇബ്രാഹിം സബിൻ എന്നിവർ പങ്കെടുക്കും.

