മുള്ളൂർക്കര റെയിൽവേ മേൽപ്പാലം; ജനറൽ അറേഞ്ച്മെന്റ് ഡ്രോയിങ്ങിന് റെയിൽവേയുടെ പച്ചക്കൊടി
text_fieldsമുള്ളൂർക്കര: മുള്ളൂർക്കര ലെവൽ ക്രോസിങ് നമ്പർ ആറിന് പകരമായി നിർമിക്കുന്ന റെയിൽവേ മേൽപ്പാലത്തിന്റെ ഘടന, വിന്യാസം, അളവുകൾ എന്നിവ വ്യക്തമാക്കുന്ന ജനറൽ അറേഞ്ച്മെന്റ് ഡ്രോയിങ്ങിന് ദക്ഷിണ റെയിൽവേ ചീഫ് ബ്രിഡ്ജ് എൻജിനീയർ ഒപ്പുവെച്ച് അംഗീകാരം നൽകി. പദ്ധതിയുടെ അനുമതി വേഗത്തിലാക്കാൻ കെ. രാധാകൃഷ്ണൻ എം.പി, ദക്ഷിണ റെയിൽവേ ജനറൽ മാനേജറുമായി നടത്തിയ ഇടപെടലുകളെയും കത്തുകളെയും തുടർന്നാണ് നടപടികൾ വേഗത്തിലായത്.
ഏകദേശം 550 മീറ്റർ നീളത്തിലാണ് മുള്ളൂർക്കരയിൽ റെയിൽവേ മേൽപ്പാലം നിർമിക്കുന്നത്. റോഡിനായി ഏഴര മീറ്റർ വീതിയും ഒരു വശത്ത് നടപ്പാതക്കായി ഒന്നര മീറ്റർ വീതിയും ഉണ്ടാകും. വടക്കാഞ്ചേരി-വള്ളത്തോൾ നഗർ റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള മുള്ളൂർക്കര റെയിൽവേ ഗേറ്റിൽ നിന്ന് കൊടുങ്ങല്ലൂർ-ഷൊർണൂർ സംസ്ഥാന പാതയിലേക്കുള്ള കുറഞ്ഞ ദൂരം കണക്കിലെടുത്ത് ഗ്രീൻഫീൽഡ് അലൈൻമെന്റിലാണ് പാലത്തിന്റെ രൂപരേഖ തയാറാക്കിയിരിക്കുന്നത്.
മേൽപ്പാലം വരുന്നതോടെ നിലവിലെ റെയിൽവേ ഗേറ്റിന്റെ ഭാഗത്ത് ചെറിയ വാഹനങ്ങൾക്കായി അടിപ്പാത നിർമിക്കും. എറണാകുളം-ഷൊർണൂർ റൂട്ടിൽ പുതുതായി നിർമിക്കുന്ന മൂന്നും നാലും ട്രാക്കുകൾക്ക് തടസ്സമില്ലാത്ത വിധത്തിൽ ആവശ്യമായ ക്ലിയറൻസ് ലഭ്യമാക്കിയാണ് കെ-റെയിൽ ഇതിന്റെ ജി.എ.ഡി തയാറാക്കി സമർപ്പിച്ചത്. പദ്ധതിയുടെ നിർമാണചെലവ് പൂർണമായും റെയിൽവേ വഹിക്കുമ്പോൾ, നിർവഹണ ചുമതല കെ-റെയിലിനാണ്.
പാലം നിർമാണത്തിനും സ്ഥലം ഏറ്റെടുക്കലിനുമായി ഏകദേശം 40 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. സ്ഥലമെടുപ്പിനുള്ള തത്വത്തിലുള്ള അനുമതി റെയിൽവേ നൽകിയിട്ടുണ്ട്. ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ റവന്യൂ വകുപ്പുമായി ചേർന്ന് ഇടപെടൽ നടത്തുമെന്നും കെ. രാധാകൃഷ്ണൻ എം.പി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

