കൊടുംക്രൂരതയിൽ നടുങ്ങി നാട് ; നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച് മാതാവ്
text_fieldsചെറുതുരുത്തി പൊലീസും ഫോറൻസിക് ഉദ്യോഗസ്ഥരും സ്വപ്നയുടെ ആറ്റൂരിലെ വീട്ടിൽ പരിശോധന നടത്തുന്നു
ചെറുതുരുത്തി: മനഃസാക്ഷിയെ മരവിപ്പിക്കുന്ന കൊടുംക്രൂരതയിൽ നടുങ്ങി നാട്. കുനത്തറ ത്രങ്ങാലിയിലെ ക്വാറിയിൽ ചാക്കിൽ കെട്ടിയ നിലയിൽ നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ചത് മാതാവ് ആറ്റൂർ ഭഗവതിക്കുന്ന് വീട്ടിലെ സ്വപ്നയാണെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
സ്വപ്ന രണ്ട് കുട്ടികളുടെ മാതാവാണെന്നും മുമ്പും ഗർഭച്ഛിദ്രത്തിന് ശ്രമിച്ചിട്ടുണ്ടെന്നും പൊലീസ് സ്ഥിരീകരിച്ചു. ഗർഭിണിയാണെന്ന വിവരം കുടുംബത്തിൽനിന്നുപോലും മറച്ചുവെച്ചത് എന്തിനാണെന്നാണ് നാട്ടുകാരുടെയും വീട്ടുകാരുടെയും സംശയം. വയർ അസ്വാഭാവികമായി വീർത്ത നിലയിൽ കണ്ടത് ചോദിച്ചവരോടെല്ലാം മൂത്രം പോകാത്തതിനാലാണെന്നും ഡോക്ടറെ കണ്ടെന്നുമാണ് മറുപടി നൽകിയിരുന്നത്.
സുഖമില്ലെന്ന് അറിയിച്ചതിനെ തുടർന്നാണ് കഴിഞ്ഞ ഞായറാഴ്ച പാലക്കാട് കൂനത്തറയിലെ സ്വന്തം വീട്ടിലേക്ക് ഇവരെ കൊണ്ടുവന്നത്. ഭർതൃഗൃഹത്തിലെ ശൗചാലയത്തിൽ വെള്ളിയാഴ്ച പ്രസവിച്ച കുഞ്ഞിന്റെ മൃതദേഹം ചാക്കിൽ കെട്ടിയാണ് വീട്ടിലെത്തിച്ചത്. കൈവശം ഉണ്ടായിരുന്ന ചാക്കിൽ കളയാനുള്ള തുണികൾ നിറച്ചതാണെന്നാണ് പറഞ്ഞത്. അമിതരക്തസ്രാവമാണെന്നും രോഗസമയത്ത് തുടച്ച തുണികളാണെന്നും പറഞ്ഞ് ചാക്ക് ഉപേക്ഷിക്കാൻ സഹോദരനെ ഏൽപിക്കുകയായിരുന്നു.
ചെറുതുരുത്തി എസ്.എച്ച്.ഒ വി. വിനുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ക്വാറി കുളത്തിൽ നിന്നും കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തത്. യുവതിയുടെ ആറ്റൂരിലെ വീട്ടിൽ ഫോറൻസിക് വിദഗ്ധരും ഉന്നത ഉദ്യോഗസ്ഥരും എത്തി വിശദമായ പരിശോധന നടത്തി. യുവതിക്കും സഹോദരനുമെതിരെ കേസെടുത്ത പൊലീസ്, സംഭവത്തിൽ ഗൂഢാലോചന ഉൾപ്പെടെ കാര്യങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

