മുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് പ്രോട്ടോകോൾ പ്രകാരം സംസ്കരിക്കപ്പെട്ടവരുടെ മരണസംഖ്യ 2020 ജൂൺ എട്ട് മുതൽ 2021 ഡിസംബർ 11 വരെ 3006 എണ്ണമെന്ന് ഔദ്യോഗികരേഖകൾ.
കോവിഡ് ബാധിച്ച് മരിച്ചവർ, കോവിഡ് പിടിപെട്ട് സുഖം പ്രാപിച്ചെങ്കിലും വൈകാതെ മരണത്തിന് പിടികൊടുത്ത് പ്രോട്ടോകോൾ പാലിക്കാൻ മെഡിക്കൽ ബോർഡ് നിർദേശം നൽകിയ കേസുകൾ, കോവിഡിെൻറ ആദ്യഘട്ടത്തിൽ കോവിഡ് മരണം സംശയിക്കപ്പെട്ട കേസുകൾ തുടങ്ങിയവയെല്ലാം ഈ ഗണത്തിൽപെടും.
മാലദ്വീപിൽ അധ്യാപകനായി ജോലി ചെയ്തിരുന്ന 48 വയസ്സുള്ള ചാലക്കുടി സ്വദേശിയായിരുന്നു ആശുപത്രിയിൽ കോവിഡ് വന്ന് മരിച്ച ആദ്യത്തെയാൾ. ഇദ്ദേഹത്തിെൻറ ഭാര്യ അവിടെ നഴ്സ് ആയിരുന്നു.
രണ്ടുപേർക്കും യു.കെയിൽ ജോലി കിട്ടിയതിനാൽ നാട്ടിൽ വന്ന് കുറച്ചുകാലം കുടുംബത്തോടൊപ്പം കഴിഞ്ഞ ശേഷം ലണ്ടനിലേക്ക് പോകാമെന്ന് കരുതിയിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി കോവിഡ് വേട്ടയാടുന്നത്. തുടക്കത്തിൽ ധൈര്യസമേതം അസുഖത്തെ നേരിട്ട ഇദ്ദേഹത്തിന് ഒടുവിൽ മരണത്തിന് കീഴടങ്ങേണ്ടി വന്നു.
2020 ജൂൺ എട്ടിന് ഉച്ചയോടെയായിരുന്നു മരണം. ഇദ്ദേഹത്തിെൻറ ശരീരം വിട്ടുകൊടുക്കാനുള്ള നടപടി പ്രിൻസിപ്പലിെൻറ നേതൃത്വത്തിൽ വളരെവേഗം പൂർത്തിയാക്കി.
കോവിഡ് മൃതദേഹം വിട്ടുകൊടുക്കാൻ ഡി.എം.ഒയുടെ കത്തിന് പുറമെ ജില്ല കലക്ടറുടെ റിലീസ് ഓർഡർ കൂടി (ഓരോ മരണത്തിനും വെവ്വേറെ) വേണ്ടിയിരുന്നു. ആ തീരുമാനം പിന്നീട് കലക്ടർ തന്നെ മാറ്റി. ജൂൺ എട്ടിന് മരിച്ച ഇദ്ദേഹത്തിെൻറ മൃതദേഹം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട് സ്വന്തം നാട്ടിൽ പ്രാദേശികമായി വലിയ കോലാഹലം തന്നെ നടന്നു. ഉച്ചയോടെ മരിച്ചെങ്കിലും 10ന് രാത്രി വളരെ വൈകിയാണ് മൃതദേഹം സംസ്കരിച്ചത്.
മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒരു ദിവസം 37 കോവിഡ് മരണം വരെ നടന്നിട്ടുണ്ട്. 22 മൃതശരീരം സൂക്ഷിക്കാൻ മാത്രമേ സൗകര്യം ഉണ്ടായിരുന്നുള്ളൂ.
തുടർന്ന് മൃതദേഹം സൂക്ഷിക്കാനുള്ള താൽക്കാലിക സൗകര്യം ഏർപ്പെടുത്തേണ്ട സ്ഥിതിയായിരുന്നു.