അഞ്ച് വർഷത്തിനിടെ ജില്ലയിൽ 1200ലേറെ പോക്സോ കേസുകൾ
text_fieldsതൃശൂർ: കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾക്കെതിരെ നടപടികളും ബോധവത്കരണവും തുടരുമ്പോഴും പോക്സോ കേസുകൾ ക്രമാതീതമായി വർധിക്കുന്നു. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ജില്ലയിൽ കുട്ടികൾക്ക് നേരെ നടന്ന ലൈംഗിക അതിക്രമങ്ങളിൽ 36 പേരെയാണ് പോക്സോ കോടതികൾ ശിക്ഷിച്ചത്. കുന്നംകുളം ഫാസ്റ്റ് ട്രാക്ക് പോക്സോ സ്പെഷൽ കോടതി പത്തുപേരെ ശിക്ഷിച്ചപ്പോൾ തൃശൂർ ഫാസ്റ്റ് ട്രാക്ക് കോടതി 26 പേരെയാണ് ശിക്ഷിച്ചത്.
തൃശൂർ ഫാസ്റ്റ് ട്രാക്ക് കോടതി ആരംഭിച്ചതോടെ വിവിധ കോടതികളിൽ നിന്നുള്ള 400 കേസുകളാണ് കൈമാറിയത്. ഇതിൽ 197 കേസുകളാണ് ഇതുവരെ പരിഗണിച്ചത്. ഇതിൽ 26 പേരെ ശിക്ഷിച്ചപ്പോൾ രണ്ടുപേരെ വെറുതെ വിട്ടു. ബാക്കി കേസുകളിൽ ഇരുപക്ഷവും ഒത്തുതീർപ്പിൽ എത്തുകയാണുണ്ടായത്.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 1200ലേറെ പോക്സോ കേസുകളാണ് ജില്ലയിൽ പൊലീസ് രജിസ്റ്റർ ചെയ്തത്. കോവിഡിനെ തുടർന്ന് കടുത്ത നിയന്ത്രണങ്ങൾ ഉണ്ടായ 2020 ൽ പോലും ഇരുനൂറ്റമ്പതോളം കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു.
കഴിഞ്ഞ വർഷം അത് മുന്നൂറിന് അടുത്തെത്തി. ഓരോ വർഷം ചെല്ലുംതോറും കേസുകൾ കൂടുകയാണ്. കഴിഞ്ഞ വർഷം തൃശൂർ സിറ്റി പൊലീസ് പരിധിയിൽ 136 കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ റൂറൽ പരിധിയിൽ 160 കേസ് രജിസ്റ്റർ ചെയ്തിരുന്നു. 2020ൽ സിറ്റി പരിധിയിൽ 113 ഉം റൂറൽ പരിധിയിൽ 121 കേസുകളുമാണ് രജിസ്റ്റർ ചെയ്തത്. കേസുകളുടെ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കുന്നതിൽ പൊലീസ് മുൻകാലങ്ങളെ അപേക്ഷിച്ച് വളരെ വേഗതയാണ് കൈവരിക്കുന്നത്. കഴിഞ്ഞ ദിവസം വടക്കാഞ്ചേരി പൊലീസ് 21 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ച് റെക്കോഡിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

