ഉദ്ഘാടനം കഴിഞ്ഞിട്ട് മാസങ്ങൾ; വിദ്യാർഥികൾക്ക് പ്രവേശിക്കാനാവാതെ കടിക്കാട് ഗവ. എച്ച്.എസ്.എസ് കെട്ടിടം
text_fieldsപുന്നയൂർക്കുളം: ഉത്സവാഘോഷത്തിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത കടിക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടത്തിലേക്ക് ഇതുവരെയായിട്ട് വിദ്യാർഥികൾക്ക് പ്രവേശിക്കാനായിട്ടില്ല. സംസ്ഥാന സർക്കാറിന്റെ നവകേരളം കർമ പദ്ധതി വിദ്യാകിരണം മിഷന്റെ ഭാഗമായി മേയ് 29ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത പുതിയ കെട്ടിടമാണ് അധികൃതരുടെ അനാസ്ഥയിൽ ഇനിയും തുറന്നുകൊടുക്കാത്തത്.
സമീപത്ത് നിർമാണ പ്രവർത്തനങ്ങൾ നടത്തുന്ന മറ്റൊരു കെട്ടിടത്തിന്റെ തൊഴിലാളികളാണ് സ്കൂളിൽ ഇപ്പോൾ താമസിക്കുന്നത്.
മുൻ എം.എൽ.എ കെ.വി. അബ്ദുൽ ഖാദറിന്റെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് 1.99 കോടിക്കാണ് പുതിയ കെട്ടിടം നിർമിച്ചത്. 7000 സ്ക്വയർ മീറ്ററിൽ ഓഫിസ് റൂം, ശുചീകരണ മുറി, എട്ട് ക്ലാസ് റൂം എന്നിവയാണ് രണ്ട് നിലകൾ മുകളിലായി നിർമിച്ചത്. എല്ലാ പ്രവൃത്തികളും പൂർത്തിയാക്കിയാണ് ഉദ്ഘാടനമെന്നാണ് അധികൃതർ അറിയിച്ചത്.
ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് മാസം പൂർത്തിയാവാൻ ഏതാനും ദിവസങ്ങളേയുള്ളൂ. പുതിയ കെട്ടിടം ക്ലാസ് മുറികൾക്കായി വിട്ടുനൽകാത്തതിനാൽ നിലവിൽ കുട്ടികൾ മറ്റു ക്ലാസുകളിൽ ഞെങ്ങിയും ഞെരുങ്ങിയുമിരുന്നാണ് പഠിക്കുന്നത്.
സ്കൂൾ തുറക്കുന്നതിന് പൊതുമരാമത്ത് വകുപ്പിൽ നിന്ന് എതിർപ്പുകളൊന്നുമില്ലെന്നാണ് വിവരം.
അതേസമയം, ചില കടലാസ് വർക്കുകൾ ബാക്കിയുണ്ടായിരുന്നതിനാലാണ് സ്കൂൾ തുറക്കാൻ വൈകിയതെന്നും ഇപ്പോൾ എല്ലാം പരിഹരിച്ചുവെന്നും സ്കൂൾ ഉടനെ തുറക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷഹീർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

