ചിരിയും ചിന്തയുമായി മോണിക്കയുടെ ക്ലൗൺഷോ നാളെ
text_fieldsമോണിക്ക സാന്റോസ്
തൃശൂർ: ചിരിക്കൊപ്പം ചിന്തയും പകർന്നുനൽകുന്നതാണ് സ്പെയിന്‍കാരി മോണിക്ക സാന്റോസിെൻറ ക്ലൗൺഷോ. വ്യത്യസ്തമായ ശരീരഭാഷയിലൂടെയും സംഭാഷണ ചാതുര്യത്തിലൂടെയും അഞ്ചിലധികം വർഷങ്ങളായി ഇന്ത്യക്കാരെ ചിരിപ്പിക്കുന്ന മോണിക്കയുടെ ക്ലൗൺഷോ വ്യാഴാഴ്ച തൃശൂരിൽ സംഗീത നാടക അക്കാദമി അങ്കണത്തിൽ അരങ്ങേറും. അക്കാദമി സംഘടിപ്പിക്കുന്ന ഹോപ്പ് ഫെസ്റ്റിെൻറ ഭാഗമായി വൈകീട്ട് നാലിനാണ് ഷോ അരങ്ങേറുക.
സ്പെയിനിലെ ബാങ്ക് ഉദ്യോഗസ്ഥയായിരുന്ന ഇവര്‍ 25ാം വയസ്സില്‍ ആകസ്മികമായാണ് ക്ലൗണ്‍ ഷോയിലേക്ക് എത്തുന്നത്. ഉയര്‍ന്ന ശമ്പളമുള്ള ജോലി നല്കുന്ന സംതൃപ്തിയല്ല യഥാർഥ സന്തോഷം എന്ന് തിരിച്ചറിഞ്ഞ ഇവര്‍ പിന്നീട് ഈ രംഗത്ത് തുടരുകയായിരുന്നു. ടൂറിസ്റ്റ് വിസയില്‍ മുമ്പ് സന്ദർശിച്ചതിെൻറ ഓർമയിലാണ് ഇന്ത്യയിലെത്തിയതും മുംബൈയിലെ ആശുപത്രികള്‍ കേന്ദ്രീകരിച്ച് ഷോ ചെയ്തുവരുന്നതും.
രോഗവുമായി നിരന്തരം മല്ലിടുന്നവരുടെ മനസ്സില്‍ സന്തോഷം നിറച്ചാല്‍, മരുന്നുകള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുമെന്ന് മോണിക്ക അനുഭവത്തിലൂടെ സാക്ഷ്യപ്പെടുത്തുന്നു. ആശുപത്രികള്‍ കേന്ദ്രീകരിച്ച് ഷോ അവതരിപ്പിക്കുമ്പോള്‍ രോഗിയുടെ പുഞ്ചിരിതന്നെ ജീവിതത്തെ സാർഥകമാക്കുന്നുവെന്ന് ഇവർ പറഞ്ഞു നിർത്തി.
ഹോപ്പ് ഫെസ്റ്റ്: ഇന്ന് അരങ്ങുണരും
തൃശൂർ: നാടകം, സംഗീതം, വാദ്യം എന്നിവക്ക് പ്രാധാന്യം നൽകി കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന ഹോപ്പ് ഫെസ്റ്റിന് ബുധനാഴ്ച അരങ്ങുണരും. ഡിസംബര്‍ 29 മുതല്‍ മൂന്ന് ദിവസങ്ങളിലാണ് പരിപാടി. പൂർണമായും കോവിഡ് ചട്ടങ്ങള്‍ പാലിച്ചുള്ള പരിപാടിയിലേക്ക് കാണികള്‍ക്ക് സൗജന്യ ടിക്കറ്റ് മുഖേനയാണ് പ്രവേശനം.
ഷോ ആരംഭിക്കുന്നതിന് അല്പം മുമ്പ് അക്കാദമി കൗണ്ടറില്‍ നിന്ന് ടിക്കറ്റ് കൈപ്പറ്റാമെന്ന് അക്കാദമി സെക്രട്ടറി ഡോ. പ്രഭാകരന് പഴശ്ശി പറഞ്ഞു. സമീപകാലത്ത് അന്തരിച്ച നാടകപ്രതിഭകളായ പി. ബാലചന്ദ്രന്, കെ.കെ രാജന്, കോഴിക്കോട് ശാരദ, എന്‍.ജി ഉണ്ണികൃഷ്ണന്, അനില്‍ നെടുമങ്ങാട്, ഡോ. ജോസ് ജോര്‍ജ്, എ. ശാന്തകുമാര്‍, രാജീവ് വിജയന് എന്നിവരെ അനുസ്മരിച്ച് ഉച്ചക്ക് 12.30ന് വി.ഡി. പ്രേമപ്രസാദ് പ്രഭാഷണം നടത്തും.
ജോസ് കോശി സംവിധാനം ചെയ്ത് ഗോപാലന് അടാട്ട്, വിവേക് റോഷന് എന്നിവര്‍ അഭിനയിക്കുന്ന ഇവല്യൂഷന്‍ എന്ന ചെറുനാടകം അക്കാദമി വളപ്പിലെ ബ്ലാക്ക് ബോക്സില്‍ ഉച്ചക്ക് രണ്ടിന് അരങ്ങേറും. വൈകീട്ട് 3.30ന് വാദ്യകുലപതി പെരുവനം കുട്ടന് മാരാരുടെ നേതൃത്വത്തില്‍ 150 വാദ്യകലാകാരന്ന്മാരെ അണിനിരത്തുന്ന ഇലഞ്ഞിത്തറമേളം നടക്കും.
വൈകീട്ട് അഞ്ചിന് സ്കൂള്‍ ഓഫ് ഡ്രാമയിലെ വിദ്യാർഥികളായിരുന്ന ഗാര്‍ഗി അനന്തന്, അതുല്‍ എം, അജയ് ഉദയന്‍ എന്നിവര്‍ ഹോപ്പ് ക്ലൗണുകളായി അരങ്ങിലെത്തും.
വൈകീട്ട് 5.30ന് ഭരത് മുരളി ഓപണ്‍ എയര്‍ തിയറ്ററില്‍ ഈറോഡ് നാടക സംഘം അവതരിപ്പിക്കുന്ന 'ടക്കൊന്നൊരു കഥ' എന്ന ചെറുനാടകവും അവതരിപ്പിക്കും. വൈകീട്ട് 6.30ന് വിനുജോസഫ് അവതരിപ്പിക്കുന്ന ക്ലൗണ്ഷോയായ ഡോക്റ്റര്‍ വികടനും അരങ്ങിലെത്തും.
രാത്രി 7.15ന് കെ.ടി. മുഹമ്മദ് സ്മാരക റീജനല്‍ തിയറ്ററില്‍ സ്കൂള്‍ ഓഫ് ഡ്രാമയിലെ വിദ്യാർഥികള്‍ അവതരിപ്പിക്കുന്ന കോറിയോഗ്രാഫിക്കല് ഷോ നടക്കും. രാത്രി 7.30ന് വീണ്ടും, ബ്ലോക്ക് ബോക്സില്‍ ഇവല്യൂഷന്‍ അരങ്ങേറും.
രാത്രി 8.40ന് അക്കാദമി അങ്കണത്തില്‍ സർക്കസ് തിയറ്ററായ ടിങ്കി അവതരിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

