കോടികളുടെ നിക്ഷേപത്തട്ടിപ്പ്: നിധി കമ്പനി ചെയർമാനും ഡയറക്ടർമാരും അറസ്റ്റിൽ
text_fieldsതൃശൂരിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ ജുവിൻ ,രതീഷ്, നവീൻകുമാർ
തൃശൂർ: അനധികൃത പണമിടപാട് സ്ഥാപനം നടത്തി 12 ശതമാനം പ്രതിമാസ പലിശ വാഗ്ദാനം ചെയ്ത് നിരവധി പേരിൽനിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത കേസിൽ പ്രതികൾ അറസ്റ്റിൽ. പുഴക്കൽ ആനേടത്ത് വീട്ടിൽ രതീഷ് (39), വിൽവട്ടം പാടൂക്കാട് തൃപ്പേകുളത്ത് മാരാത്ത് വീട്ടിൽ നവീൻകുമാർ (41), കോലഴി അരിമ്പൂർ വീട്ടിൽ ജുവിൻ (42) എന്നിവരാണ് അറസ്റ്റിലായത്. തിരുവിതാംകൂർ നിധി ലിമിറ്റഡ് എന്ന പേരിൽ പാട്ടുരായ്ക്കലിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനം പിന്നീട് അയ്യന്തോളിലെ പഞ്ചിക്കലിലേക്ക് മാറ്റിയിരുന്നു. 10 ലക്ഷം രൂപ നഷ്ടമായ തൃശൂർ സ്വദേശിയുടെ പരാതിയിൽ തൃശൂർ വെസ്റ്റ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ നടന്ന അന്വേഷണത്തിലാണ് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് വെളിവായത്. സംഭവം അറിഞ്ഞ് നിരവധി പേരാണ് പരാതിയുമായി സ്റ്റേഷനിലേക്ക് എത്തുന്നത്.
അറസ്റ്റിലായ രതീഷ് ആനേടത്ത് ചെയർമാനും നവീൻകുമാർ, ജുവിൻ പോൾ, ജാക്സൺ ആൻറണി, പ്രജോദ്, ജയശീലൻ, നിതിൻ കുമാർ, സൂരജ്, ഹരികൃഷ്ണൻ എന്നിവർ ഡയറക്ടർമാരും സ്ഥാപനത്തിലെ വർക്കർമാരായ ജിലു, ബിന്ദു, ഷിൻസി, ഷെഫീറോസ്, ഈശ്വരി എന്നിവരടക്കം പതിനഞ്ചോളം പ്രതികളാണ് കേസിലുൾപെട്ടിട്ടുള്ളത്. കൂടുതൽ പ്രതികളെ വരും ദിവസങ്ങളിൽ അറസ്റ്റ് ചെയ്യുമെന്ന് വെസ്റ്റ് പൊലീസ് അറിയിച്ചു. തൃശൂർ അസി. കമീഷണർ വി.കെ. രാജുവിെൻറ നിർദേശപ്രകാരമുള്ള അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർമാരായ കെ.ആർ. റെമിൻ, കെ.എൻ. വിജയൻ, കെ.ജി. ജയനാരായണൻ, പി.കെ. ഹരി എന്നിവരും സിവിൽ പൊലീസ് ഓഫിസർമാരായ കെ.എസ്. സുജിത്ത്, അബീഷ് ആൻറണി, വരുൺകുമാർ, റിക്സൺ എന്നിവരും ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം സിറ്റി പൊലീസിെൻറ ഫേസ്ബുക്ക് പേജിലൂടെ ഇത്തരം അനധികൃത പണമിടപാട് സ്ഥാപനങ്ങൾക്കെതിരെ ജാഗ്രത പുലർത്താനുള്ള നിർദേശം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

