തൃശൂരിൽ മോദിയുടെ രണ്ടാം വരവ്
text_fieldsഇന്ന് ജില്ല സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോയുടെ ഭാഗമായി സ്വരാജ് റൗണ്ടിൽ നടന്ന ട്രയൽ റൺ
തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വരവിനായി തൃശൂർ ഒരുങ്ങി. ലോകസഭ തെരഞ്ഞെടുപ്പ് പടിവാതിലിൽ നിൽക്കെയുള്ള സന്ദർശനത്തി് രാഷ്ട്രീയപ്രസക്തിയേറെയാണ്. രണ്ട് ലക്ഷം വനിതകൾ അണിനിരക്കുന്ന ബി.ജെ.പിയുടെ ‘സ്ത്രീശക്തി മോദിക്കൊപ്പം’ മഹിള സമ്മേളനത്തിൽ പങ്കെടുക്കാനാണ് സന്ദർശനമെങ്കിലും തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമിടുകയാണെന്ന് പാർട്ടി നേതൃത്വം തന്നെ വ്യക്തമാക്കുന്നു. സന്ദർശനത്തിന്റെ ഭാഗമായി ബി.ജെ.പി നേതാക്കൾ അവസാന വിലയിരുത്തലും നടത്തി.
പൊലീസ് ട്രയൽ റൺ നടത്തി. റോഡ് ഷോയും പൊതുസമ്മേളനവുമടക്കം പരിപാടികളിലായി രണ്ടര മണിക്കൂറോളമാണ് പ്രധാനമന്ത്രി ജില്ലയിൽ ചിലവഴിക്കുക. നിലവിൽ പ്രത്യേകം കൂടിക്കാഴ്ചകൾ തീരുമാനിച്ചിട്ടില്ലെങ്കിലും വ്യവസായ പ്രമുഖരും സമുദായ നേതാക്കളുമടക്കമുള്ളവർ കാണാൻ ശ്രമം നടത്തുന്നുണ്ട്. ദേശീയ-സംസ്ഥാന-ജില്ല ഭാരവാഹികളുമായി വേദിക്ക് താഴെ തന്നെ കൂടിക്കാഴ്ച നടത്തും. ഇവിടെ തന്നെ പ്രമുഖർക്കും കൂടിക്കാഴ്ചയനുവദിക്കുന്നതിനെ കുറിച്ചും ആലോചിക്കുന്നുണ്ട്.
ഉച്ചക്ക് രണ്ടിന് ഹെലികോപ്റ്ററിൽ കുട്ടനെല്ലൂർ ഹെലിപ്പാഡിലെത്തുന്ന പ്രധാനമന്ത്രി റോഡ് മാർഗമാണ് തൃശൂരിലെത്തുക. കലക്ടർ, മേയർ, ജില്ല പൊലീസ് മേധാവി എന്നിവർ ഉൾപ്പെടെ അദ്ദേഹത്തെ സ്വീകരിക്കും. ബി.ജെ.പി നേതൃത്വത്തിൽ കുട്ടനെല്ലൂരിലും ജില്ല ജനറൽ ആശുപത്രിക്കു സമീപവും സ്വീകരണമുണ്ട്. 2.30നു സ്വരാജ് റൗണ്ടിലെത്തുന്നതുമുതൽ നായ്ക്കനാലിലെ സമ്മേളന വേദിയിലേക്കുള്ള ഒന്നേകാൽ കിലോമീറ്ററാണ് റോഡ് ഷോ. 3.15ന് പൊതുസമ്മേളനം. കേന്ദ്രമന്ത്രിമാരും ദേശീയ നേതാക്കളും അണിനിരക്കുന്ന വേദിയിൽ സുരേഷ് ഗോപിയും പങ്കെടുക്കും. ഇവിടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമിട്ടുള്ള സുപ്രധാന പ്രഖ്യാപനങ്ങളുണ്ടാകും. 4.30നാണ് മടക്കം. പ്രധാനമന്ത്രിയായി രണ്ടാംതവണയാണ് മോദി ജില്ലയിലെത്തുന്നത്. 2019 ജനുവരി 27ന് യുവമോർച്ച സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാനായിരുന്നു ഇതിന് മുമ്പെത്തിയത്.
കർശന പരിശോധന; സുരക്ഷക്ക് 3000 പൊലീസുകാർ
തൃശൂർ: പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി നഗരത്തിൽ കനത്ത സുരക്ഷയും കർശന പരിശോധനയും. ഞായറാഴ്ചയോടെ തന്നെ തൃശൂരിലെത്തിയ സ്പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് സേന പൊലീസുമായുള്ള പ്രാഥമിക സുരക്ഷാ അവലോകനങ്ങൾക്കും വിലയിരുത്തലിനും ശേഷം തിങ്കളാഴ്ചയോടെ പൊതുസമ്മേളനം നടക്കുന്ന തേക്കിൻകാടിന്റെയും കുട്ടനെല്ലൂരിൽ ഹെലിപാഡ് മുതൽ റോഡ് ഷോ നടക്കുന്ന ജനറൽ ആശുപത്രി വരെയും സുരക്ഷ ഏറ്റെടുത്തു.
തോക്കുധാരികളായ പ്രത്യേക സേനയെയാണ് വിന്യസിച്ചിരിക്കുന്നത്. നിലവിൽ രണ്ട് ടൗൺ സ്റ്റേഷനുകളുടെയും കൺട്രോൾറൂമിൽ നിന്നുമുള്ള സേനാംഗങ്ങൾക്ക് പുറമെ ക്യാമ്പിൽ നിന്നുള്ള 3000 പൊലീസുകാരെയും സുരക്ഷാ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. സ്വരാജ് റൗണ്ട്, തേക്കിൻകാട് മൈതാനം, റെയിൽവേ സ്റ്റ്റേഷൻ, കെ.എസ്.ആർ.ടി.സി സ്റ്റാൻഡുകളിലും നിരത്തുകളിലുമടക്കം കർശന പരിശോധനയാണ് നടത്തുന്നത്. വ്യാപാര സ്ഥാപനങ്ങളിലും ലോഡ്ജുകളിലും നിരീക്ഷണമുണ്ട്. സന്ദർശനത്തെ തുടർന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനവും നിയന്ത്രിച്ചു.
ഇന്ന് ഗതാഗത നിയന്ത്രണം
തൃശൂർ: പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് ബുധനാഴ്ച രാവിലെ 11 മുതൽ നഗരത്തിലും പരിസരപ്രദേശത്തും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ മുതൽ സ്വരാജ് റൗണ്ടിലും തേക്കിൻകാട് മൈതാനിയിലും സമീപ റോഡുകളിലും വാഹന പാർക്കിങ് അനുവദിക്കില്ല. കെ.എസ്.ആർ.ടി.സി ഉൾപ്പെടെ പൊതുഗതാഗത വാഹനങ്ങൾ സ്വരാജ് റൗണ്ടിൽ പ്രവേശിപ്പിക്കില്ല. പരിപാടിയിൽ പങ്കെടുക്കാൻ വരുന്നവരുടേതുൾപ്പെടെ എല്ലാ വാഹനങ്ങളും പ്രത്യേകം സജ്ജമാക്കിയ സ്ഥലങ്ങളിൽ പാർക്ക് ചെയ്യണം.
ദേശീയപാതയിലെ ഗതാഗത നിയന്ത്രണം
- പാലക്കാട് ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് വരുന്ന വലിയ വാഹനങ്ങൾ മുടിക്കോട് നിന്ന് വലത്തോട്ട് തിരിഞ്ഞ് ചിറക്കക്കോട്, തേറമ്പം, മാടക്കത്തറ പവ്വർ ഹൌസ്, പൊങ്ങണം കാട്, പളളിമൂല, വിയ്യൂർ പവർ ഹൗസ് വഴി പോകണം.
- കോഴിക്കോട് നിന്നും എറണാകുളം ഭാഗത്തേക്ക് വരുന്ന വലിയ വാഹനങ്ങൾ കുറ്റിപ്പുറം പാലം കഴിഞ്ഞ് വലത്തോട്ട് തിരിഞ്ഞ് പൊന്നാനി വഴി ചാവക്കാടെത്തി ഹൈവേയിലൂടെ വാടാനപ്പിളളി, തൃപ്രയാർ, കൊടുങ്ങല്ലൂർ വഴി പോകണം.
- കോഴിക്കോട് ഭാഗത്ത് നിന്നും പാലക്കാട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ പെരുമ്പിലാവിൽനിന്ന് തിരിഞ്ഞ് പട്ടാമ്പി റോഡ് വഴി പോകണം.
നഗരത്തിലെ ഗതാഗത നിയന്ത്രണം
- പാലക്കാട്, പീച്ചി തുടങ്ങി കിഴക്കൻ മേഖലയിൽനിന്ന് സർവിസ് നടത്തുന്ന ബസുകൾ പുളിക്കൻ മാർക്കറ്റ് സെന്ററിൽനിന്ന് ഇടത്തോട്ട് തിരിഞ്ഞ് മിഷൻ ആശുപത്രി മുൻവശം, ഫാത്തിമ നഗർ, ഐ.ടി.സി ജങ്ഷൻ, ഇക്കണ്ടവാര്യർ റോഡ് വഴി ശക്തൻ തമ്പുരാൻ സ്റ്റാൻഡിൽ പ്രവേശിച്ച് തിരികെ മിഷൻ ക്വാർട്ടേഴ്സ്, കാട്ടൂക്കാരൻ ജങ്ഷൻ, ശവക്കോട്ട, ഫാത്തിമ നഗർ ജങ്ഷൻ വഴി സർവിസ് നടത്തണം.
- മാന്ദാമംഗലം, പുത്തൂർ, വലക്കാവ് തുടങ്ങിയ ഭാഗത്തുനിന്ന് സർവിസ് നടത്തുന്ന ബസ്സുകൾ ഫാത്തിമ നഗർ, ഐ.ടി.സി ജങ്ഷനിൽനിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഇക്കണ്ടവാര്യർ റോഡ് വഴി ശക്തൻ തമ്പുരാൻ സ്റ്റാൻഡിൽ പ്രവേശിച്ച് തിരികെ മിഷൻ ക്വാർട്ടേഴ്സ്, ഫാത്തിമ നഗർ ജങ്ഷൻ വഴി പോകണം.
- മണ്ണുത്തി ഭാഗത്തുനിന്ന് സർവിസ് നടത്തുന്ന ബസ്സുകൾ കിഴക്കേകോട്ടയിൽനിന്ന് വലത്തോട്ട് തിരിഞ്ഞ് ബിഷപ്പ് പാലസ്, ചെമ്പൂക്കാവ്, രാമനിലയം, അശ്വിനി ജങ്ഷൻ വഴി വടക്കേസ്റ്റാൻഡിൽ പ്രവേശിച്ച് തിരികെ സ്റ്റേഡിയം ജങ്ഷൻ വഴി സർവിസ് നടത്തണം.
- മുക്കാട്ടുക്കര, നെല്ലങ്കര ഭാഗത്തുനിന്ന് സർവിസ് നടത്തുന്ന ബസുകൾ ബിഷപ്പ് പാലസ് എത്തി വലത്തോട്ട് തിരിഞ്ഞ് ചെന്പുക്കാവ് ജംഗ്ഷൻ, രാമനിലയം, അശ്വിനി ജങ്ഷൻ വഴി വടക്കേ സ്റ്റാൻഡിൽ പ്രവേശിച്ച് ഇൻഡോർ സ്റ്റേഡിയം ജംഗ്ഷൻ തിരികെ വഴി സർവിസ് നടത്തണം.
- ചേലക്കര, വടക്കാഞ്ചേരി, ഒറ്റപ്പാലം, പഴയന്നൂർ, തിരുവില്വാമല എന്നീ ഭാഗത്ത് നിന്ന് സർവീസ് നടത്തുന്ന ബസ്സുകൾ പെരിങ്ങാവ് എത്തി കോലോത്തുംപാടം റോഡ് വഴി അശ്വിനി ജങ്ഷനിലൂടെ വടക്കേസ്റ്റാൻഡിൽ പ്രവേശിച്ച് തിരികെ സാധാരണ പോലെ സർവിസ് നടത്താം.
- മെഡിക്കൽ കോളജ്, അത്താണി, കൊട്ടേക്കാട് എന്നീ ഭാഗത്തുനിന്ന് സർവിസ് നടത്തുന്ന ബസുകൾ പെരിങ്ങാവ് എത്തി കോലോത്തുംപാടം റോഡ് വഴി അശ്വനി ജങ്ഷനിലൂടെ വടക്കേസ്റ്റാൻഡിൽ പ്രവേശിച്ച് തിരികെ സാധാരണ പോലെ സർവിസ് നടത്തണം.
- ചേറൂർ, പള്ളിമൂല, മാറ്റാമ്പുറം, കുണ്ടുക്കാട് ഭാഗത്തുനിന്ന് സർവിസ് നടത്തുന്ന ബസ്സുകൾ ബാലഭവൻ വഴി ടൗൺ ഹാൾ ജങ്ഷനിലെത്തി വലത്തോട്ട് തിരിഞ്ഞ് രാമനിലയം ഇൻഡോർ സ്റ്റേഡിയം ജങ്ഷൻ വഴി അശ്വിനി ജങ്ഷനിലൂടെ വടക്കേസ്റ്റാൻഡിൽ പ്രവേശിക്കുകയും ഇൻഡോർ സ്റ്റേഡിയം ജങ്ഷൻ വഴി തിരികെ സർവിസ് നടത്തുകയും വേണം.
- കുന്നംകുളം, കോഴിക്കോട്, ഗുരുവായൂർ, അടാട്ട്, തുടങ്ങി പൂങ്കുന്നം വഴി വരുന്ന എല്ലാ ബസുകളും പൂങ്കുന്നത്ത് റൂട്ട് അവസാനിപ്പിച്ച് പടിഞ്ഞാറേക്കോട്ട, അയ്യന്തോൾ സിവിൽ ലൈൻ, അയ്യന്തോൾ ഗ്രൗണ്ട്, ലുലു ജങ്ഷൻ വഴി തിരികെ സർവിസ് നടത്തണം.
- വാടാനപ്പിള്ളി, അന്തിക്കാട്, കാഞ്ഞാണി, തുടങ്ങി പടിഞ്ഞാറേകോട്ട വഴി വരുന്ന എല്ലാ ബസുകളും വെസ്റ്റ് ഫോർട്ടിൽനിന്ന് കാൽവരി റോഡ് വഴി തിരിഞ്ഞ് തോപ്പിൻമൂല, നേതാജി ഗ്രൗണ്ട് പരിസരം മുതൽ വെസ്റ്റ് ഫോർട്ട് വരെയുള്ള ഭാഗത്ത് റൂട്ട് അവസാനിപ്പിച്ച് തിരികെ പടിഞ്ഞാറേകോട്ട വഴി തിരിഞ്ഞ് സർവിസ് നടത്തണം.
- കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട, തൃപ്രയാർ, ചേർപ്പ് തുടങ്ങി കൂർക്കഞ്ചേരി വഴി വരുന്ന എല്ലാ ബസുകളും ബാല്യ ജങ്ഷനിലെത്തി വലത്തോട്ട് തിരിഞ്ഞ് ശക്തൻ തമ്പുരാൻ സ്റ്റാൻഡിൽ പ്രവേശിച്ച് അവിടെ നിന്നു തിരികെ കണ്ണം കുളങ്ങര, ചിയ്യാരം കൂർക്കഞ്ചേരി വഴി സർവിസ് നടത്തണം. ഈ സമയം കണ്ണംകുളങ്ങര കസ്തൂർബാ ഹോസ്പിറ്റൽ ജങ്ഷനിൽനിന്ന് വാഹനങ്ങൾ ശക്തൻ സ്റ്റാൻഡിലേക്ക് പ്രവേശിക്കാൻ പാടില്ല.
- കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട, തൃപ്രയാർ, ചേർപ്പ് തുടങ്ങി കൂർക്കഞ്ചേരി വഴി വന്ന് വെസ്റ്റ് ഫോർട്ട് വഴി പോകേണ്ട ചെറു വാഹനങ്ങൾ കൂർക്കഞ്ചേരിയിൽനിന്ന് ഇടത്തോട്ട് തിരിഞ്ഞ് വടൂക്കര അരണാട്ടുക്കര വഴി പോകണം.
- കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട, തൃപ്രയാർ, ചേർപ്പ് തുടങ്ങി കൂർക്കഞ്ചേരി വഴി വന്ന് മണുത്തി ഭാഗത്തേക്ക് പോകേണ്ട ചെറുവാഹനങ്ങൾ കൂർക്കഞ്ചേരിയിൽനിന്ന് വലത്തോട്ട് തിരിഞ്ഞ് ചിയ്യാരം വഴി പോകണം.
- ഒല്ലൂർ, ആമ്പല്ലൂർ, വരന്തരപ്പിള്ളി തുടങ്ങിയ ഭാഗത്തുനിന്നും വരുന്ന ബസ്സുകൾ മുണ്ടൂപാലം ജങ്ഷനിലെത്തി ഇടത്തോട്ട് തിരിഞ്ഞ് ശക്തൻ സ്റ്റാൻഡിൽ സർവിസ് അവസാനിപ്പിച്ച് തിരികെ കാട്ടൂക്കാരൻ ജങ്ഷൻ വഴി സർവിസ് നടത്തണം.
- മണ്ണുത്തി, പാലക്കാട്, എറണാകുളം ഭാഗങ്ങളിലേക്ക് പോകുന്ന ബസും ട്രയലറും ഒഴികെയുള്ള വാഹനങ്ങൾ പെൻഷൻമൂല വഴി താഴോട്ടിറങ്ങി നെല്ലങ്കര, മുക്കാട്ടുക്കര വഴി സർവിസ് നടത്തണം.
- *കുന്നംകുളം ഭാഗത്തുനിന്ന് പാലക്കാട് ഭാഗത്തേക്ക് പോകുന്ന ബസ്, ട്രയലർ ഒഴിച്ചുള്ള എല്ലാ വാഹനങ്ങളും മുണ്ടൂർ തിരിഞ്ഞ് കൊട്ടേക്കാട്, വിയ്യൂർ പാലം വഴി വിയ്യൂർ പവർഹൌസ് ജങ്ഷൻ, പൊങ്ങണംകാട്, ചിറക്കോട്, മുടിക്കോട് വഴി പോകണം.
- കുന്നംകുളം ഭാഗത്തുനിന്ന് എറണാകുളം ഭാഗത്തേക്ക് പോകുന്ന ബസ്, ട്രയലർ ഒഴിച്ചുള്ള എല്ലാ വാഹനങ്ങളും മുണ്ടൂർ തിരിഞ്ഞ് കൊട്ടേക്കാട് , വിയ്യൂർ പാലം, പവർഹൌസ് ജങ്ഷൻ, പൊങ്ങണംകാട്, മുക്കാട്ടുക്കര വഴി പോകണം.
- ചിയ്യാരം ഭാഗത്തുനിന്ന് പടിഞ്ഞാറേ കോട്ട ഭാഗത്തേക്ക് പോകുന്ന എല്ലാ ലൈറ്റ് വെഹിക്കിൾസും കൂർക്കഞ്ചേരി സെന്ററിൽനിന്നും നെടുപുഴ പോലീസ് സ്റ്റേഷൻ, വടൂക്കര, തോപ്പിൻമൂല വഴി പോകണം.
- ജൂബിലി ജങ്ഷൻ വഴി വരുന്ന കൂർക്കഞ്ചേരി പോകുന്ന എല്ലാ ലൈറ്റ് വാഹനങ്ങളും മിഷൻ ക്വാർട്ടേഴ്സ്, ബിഷപ്പ് ആലപ്പാട് റോഡ് വഴി തിരിഞ്ഞ് സെമിത്തേരി റോഡ് വഴി ചിയ്യാരം ജങ്ഷനിലെത്തി കൂർക്കഞ്ചേരിയിലേക്ക് പോകണം.
കെ.എസ്.ആർ.ടി.സി സർവിസുകൾ
- കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽനിന്ന് ചാലക്കുടി, എറണാകുളം ഭാഗത്തേക്ക് സർവിസ് നടത്തുന്ന ബസുകൾ കണ്ണംകുളങ്ങര ചിയ്യാരം വഴി പോകണം.
- പടിഞ്ഞാറൻ മേഖലയിൽനിന്ന് വരുന്ന ബസുകൾ പൂങ്കുന്നം ജങ്ഷനിൽനിന്ന് വലത്തോട്ട് തിരിഞ്ഞ് ശങ്കരയ്യർ റോഡിലൂടെ പൂത്തോൾ വഴി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ പ്രവേശിക്കണം.
- അങ്കമാലി, ചാലക്കുടി, പുതുക്കാട്, ഇരിങ്ങാലക്കുട ഭാഗങ്ങളിലേക്ക് സർവിസ് നടത്തുന്ന ഓർഡിനറി ബസുകൾ ശക്തൻ തമ്പുരാൻ സ്റ്റാൻഡിൽ താൽക്കാലികമായി ആരംഭിക്കുന്ന ബസ്സ് സ്റ്റാൻഡിൽ സർവിസ് അവസാനിപ്പിച്ച് തിരികെ അവിടെ നിന്നുതന്നെ സർവിസ് നടത്തണം.
- ഷൊർണൂർ, വഴിക്കടവ്, മെഡിക്കൽ കോളജ് ഭാഗത്തേക്ക് സർവിസ് നടത്തുന്ന ബസുകൾ സ്വരാജ് റൗണ്ടിൽ പ്രവേശിക്കാതെ ഐ.ടി.സി ജങ്ഷൻ, ഈസ്റ്റ് ഫോർട്ട്, അശ്വനി ജങ്ഷൻ, കോലോത്തുംപാടം വഴി സർവിസ് നടത്തണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

