ആൾക്കൂട്ട ആക്രമണ ആരോപണം അടിസ്ഥാനരഹിതമെന്ന് വാർഡ് അംഗവും കോൺഗ്രസും
text_fieldsപെരിങ്ങോട്ടുകര: മോഷണക്കുറ്റം ആരോപിച്ച് മാനസിക വെല്ലുവിളി നേരിടുന്ന ഗൃഹനാഥനെ തന്റെ നേതൃത്വത്തിൽ ആൾക്കൂട്ട ആക്രമണം നടത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് താന്ന്യം ഗ്രാമ പഞ്ചായത്ത് 11ാം വാർഡ് അംഗം മിനി ജോസ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. ചെമ്മാപ്പിള്ളി അജയൻ തന്റെ ഭർത്താവിന്റെ കട കുത്തിത്തുറന്ന് നാശം വരുത്തിയിരുന്നു. കാറുകൾ തല്ലിപ്പൊളിച്ചിട്ടുണ്ട്. ഇദ്ദേഹം മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചപ്പോൾ വാർഡ് അംഗമെന്ന നിലയിൽ ചികിത്സക്കായി മാനസിക രോഗാശുപതിയിൽ കൊണ്ടുപോയി സഹായിച്ചത് താനാണ്. ഗ്രാമസഭയിൽ വരെ ഇയാൾക്കെതിരെ പ്രതിഷേധമുണ്ടായിരുന്നു.
ഇദ്ദേഹം ആക്രമണം നടത്തിയപ്പോൾ ഉപദേശിച്ച് വീട്ടിൽ കൊണ്ടാക്കുക മാത്രമാണ് ചെയ്തത്. മർദിച്ചിട്ടില്ല. വീട്ടിലെ അലമാരയും ജനലും ഇയാൾ തന്നെയാണ് അടിച്ചു തകർത്തത്. തനിക്ക് നേരെ തെറ്റായ ആരോപണങ്ങളാണ് ചിലർ നടത്തിവരുന്നതെന്നും മിനി ജോസ് പറഞ്ഞു.
മിനി ജോസ് വിജയിച്ചതോടെ രാഷ്ട്രീയപരമായി നിരന്തരമായി വേട്ടയാടുകയാണെന്ന് കോൺഗ്രസ് താന്ന്യം മണ്ഡലം പ്രസിഡന്റ് ആന്റോ തൊറയൻ, ഡി.സി.സി ജനറൽ സെക്രട്ടറി എൻ.എസ്. അയ്യൂബ് എന്നിവരും പറഞ്ഞു. മാനസിക വെല്ലുവിളി നേരിടുന്നയാളെ സഹായിക്കുക മാത്രമാണ് വാർഡ് അംഗവും കോൺഗ്രസും ചെയ്തത്.
ആൾക്കൂട്ട ആക്രമണം നടത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും ഇവർ പറഞ്ഞു. കോൺഗ്രസ് പതാക മാത്രം ഇയാൾ നശിപ്പിച്ചുവരുകയാണെന്നും ഇവർ പറഞ്ഞു. അജയന് നേരെ ഒരാക്രമണവും ഉണ്ടായിട്ടില്ലെന്ന് സഹോദരന്റെ മകൾ റീജ ചന്ദ്രനും പറഞ്ഞു. കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് അനിൽ ചക്കാണ്ടിയും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

