ന്യൂനപക്ഷ കമീഷന് സിറ്റിങ്: ആറ് പരാതികള്‍ തീര്‍പ്പാക്കി
text_fieldsന്യൂനപക്ഷ കമീഷൻ തൃശൂർ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ സിറ്റിങ്ങിൽനിന്ന്
തൃശൂർ: സംസ്ഥാന ന്യൂനപക്ഷ കമീഷന് സിറ്റിങില്‍ പരിഗണിച്ച 12 പരാതികളില്‍ ആറെണ്ണം തീര്‍പ്പാക്കി. ബാക്കി പരാതികള്‍ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങില്‍ ചെയര്മാന് അഡ്വ. എ.എ. റഷീദ് അധ്യക്ഷത വഹിച്ചു. 17 വര്‍ഷമായി വാടകവീട്ടില്‍ താമസിക്കുന്ന വെള്ളാനിക്കര സ്വദേശിയെ ലൈഫ് ഭവനപദ്ധതിയുടെ മുന്‍ഗണന ക്രമത്തില്‍ ഉള്‍പ്പെടുത്തി വാസയോഗ്യമായ ഭൂമിയും വീടും നല്കാൻ മാടക്കത്തറ പഞ്ചായത്ത് സെക്രട്ടറിക്ക് കമീഷന് നിർദേശം നല്കി.
2017ല്‍ പലരുടെയും സഹായത്തോടെ സ്ഥലം വാങ്ങിയെങ്കിലും ഡാറ്റ ബാങ്കിലുള്‍പ്പെട്ട ഭൂമിയായതിനാല്‍ നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം കെട്ടിട നിര്‍മാണത്തിന് അനുമതി ലഭിച്ചില്ല. അനുമതി ലഭ്യമാക്കാൻ നല്കിയ ഹര്‍ജിയാണ് കമീഷന് പരിഗണിച്ചത്. നാഗലശ്ശേരി പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്ന അശോക നിര്‍മിതിയായ ബുദ്ധസ്തൂപത്തിന്റെ ഭാഗമായ കട്ടില്‍മാടം നിര്‍മിതിയും ചേര്‍ന്നുള്ള ജലാശയവും ജീര്‍ണാവസ്ഥയിലാണെന്ന ഹര്‍ജിയില്‍ സംരക്ഷണത്തിന് ആവശ്യമായ തുക പൊതുമരാമത്ത് വകുപ്പിന് കൈമാറിയിട്ടുണ്ടെന്ന പുരാവസ്തു വകുപ്പ് ഡയറക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പരാതി തീര്‍പ്പാക്കി.
കട്ടില്‍മാടത്തോട് ചേര്‍ന്നുള്ള കൊക്കരണി ജലാശയം സംരക്ഷിക്കാൻ നടപടികള്‍ സ്വീകരിക്കണമെന്ന ഹരജിക്കാരന്റെ ആവശ്യം സര്‍ക്കാർ ശ്രദ്ധയില്‍പെടുത്തി നടപടി സ്വീകരിക്കാനും പുരാവസ്തു വകുപ്പ് ഡയറക്ടര്‍ക്ക് നിർദേശം നല്കി. വെങ്കിടങ് പഞ്ചായത്ത് കെട്ടിടം നമ്പര്‍ അനുവദിക്കുന്നില്ലെന്ന് കാണിച്ച് പാടൂര്‍ സ്വദേശി നല്കിയ ഹര്‍ജിയില്‍ അനുബന്ധ രേഖകള്‍ പഞ്ചായത്ത് സെക്രട്ടറിക്ക് സമര്‍പ്പിക്കാന്‍ പരാതിക്കാരന് നിര്‍ദേശം നല്കി. ഭവന നിര്‍മാണ വായ്പ നല്‍കുന്നില്ലെന്ന ചാലക്കുടി സ്വദേശിയുടെ പരാതി പരിശോധിച്ച് വായ്പ നല്കാൻ നടപടിയെടുക്കാൻ ബാങ്ക് അധികൃതരോട് പറഞ്ഞു. കെ.എസ്.എഫ്.ഇ വായ്പ കുടിശ്ശിക വരുത്തിയ ഈരാറ്റുപേട്ട സ്വദേശിക്ക് പരമാവധി ഇളവ് അനുവദിക്കണമെന്ന് ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

