ഡ്രൈവർ ഉറങ്ങി; മിനിലോറി റോഡരികിലേക്ക് ഇടിച്ചുകയറി
text_fieldsമതിലകം: ഡ്രൈവർ ഉറങ്ങിയതോടെ നിയന്ത്രണം വിട്ട മിനിലോറി റോഡരികിലേക്ക് ഇടിച്ചുകയറി. അപകടത്തിൽപെട്ട വാഹനത്തിലുണ്ടായിരുന്ന പിതാവും മകനും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ബുധനാഴ്ച രാവിലെ മതിലകം പള്ളിവളവിന് സമീപമാണ് അപകടം.
റോഡരികിലെ വൈദ്യുതി, ടെലിഫോൺ കാലുകൾ തകർത്ത ലോറി വർക്ക്ഷോപ്പിൽ നന്നാക്കാൻ വെച്ചിരുന്ന മൂന്നു സ്കൂട്ടറിനും നാശമുണ്ടാക്കി കാനയിൽ പതിക്കുകയായിരുന്നു. കളമശ്ശേരിയിൽനിന്ന് ലോഡുമായി കാസർകോട് പോയി തിരികെ വരുന്നതിനിടെയായിരുന്നു അപകടം. ഡ്രൈവർ മോഹൻരാജും മകൻ ജോമോനുമാണ് മിനിലോറിയിൽ ഉണ്ടായിരുന്നത്. ഡ്രൈവർ ഉറങ്ങുന്നതിലൂടെയുള്ള അപകടം ദേശീയപാതയിൽ നിത്യസംഭവമാകുകയാണ്.

