മിൽമ എറണാകുളം മേഖല പാൽവില ഇൻസെന്റിവ് വർധിപ്പിച്ചു
text_fieldsതൃശൂര്‍: മില്‍മ എറണാകുളം മേഖല യൂനിയന്‍ സംഘങ്ങളില്‍നിന്നും സംഭരിക്കുന്ന ഓരോ ലിറ്റര്‍ പാലിനും 2024 ആഗസ്റ്റ് 11 മുതല്‍ ജനുവരി 31 വരെ പ്രോത്സാഹന അധിക വിലയായി നല്കിയ 10 രൂപ ഈമാസം ഒന്ന് മുതൽ മാര്‍ച്ച് 31 വരെ 15 രൂപയാക്കാൻ ഭരണ സമിതി യോഗം തീരുമാനിച്ചതായി ചെയര്മാന് സി.എന്‍. വത്സലന്‍ പിള്ള അറിയിച്ചു. എറണാകുളം, തൃശൂര്‍, കോട്ടയം, ഇടുക്കി ജില്ലകളിലെ 1000ല്‍പരം പ്രാഥമിക ക്ഷീരസംഘങ്ങളില്‍ പാൽ അളക്കുന്ന കര്‍ഷകര്‍ക്കും സംഘങ്ങള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും.
ഇതില്‍ എട്ട് രൂപ കര്‍ഷകനും ഏഴ് രൂപ സംഘത്തിനുമാണ്. സംഘത്തിന് നല്കുന്ന ഏഴ് രൂപയില്‍നിന്നും ഒരു രൂപ മേഖല യൂനിയൻ ഷെയറാക്കും. രാജ്യത്തെ ക്ഷീരോല്പാദക യൂനിയനുകളിൽ ഏറ്റവും കൂടിയ പ്രോത്സാഹന അധിക നൽകുന്നത് മിൽമ എറണാകുളം മേഖലയാണ്. മേഖല യൂനിയന്റെ പ്രവര്‍ത്തന ലാഭത്തില്‍നിന്നും 24 കോടി രൂപയാണ് ഈ ഇനത്തില്‍ ചെലവ് പ്രതീക്ഷിക്കുന്നത്. ഫാം സെക്ടറിലെ കര്‍ഷകര്‍ക്കായി കൂടുതല്‍ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ചെയര്മാന് അറിയിച്ചു.
‘മില്‍മ റിഫ്രഷ് വെജ് റെസ്റ്ററന്റ്’ എന്ന പേരില്‍ മേഖല യൂനിയന്‍ ആരംഭിച്ച ശൃംഖലയുടെ ജില്ലയിലെ രണ്ടാമത്തെ റസ്റ്ററന്റ് തൃശൂരില്‍ മില്‍മ ട്രെയിനിങ് സെന്റര്‍ കോമ്പൗണ്ടിനോട് ചേര്‍ന്ന് മാര്‍ച്ച് 31നകം പ്രവര്‍ത്തനം ആരംഭിക്കും. ചാലക്കുടിയില്‍ ആരംഭിച്ച ബേക്കറി യൂനിറ്റിന്റെ പ്രവർത്തനം വിജയകരമാണ്. മൂവാറ്റുപുഴ, മരങ്ങാട്ടുപ്പള്ളി എന്നിവിടങ്ങളിലും ബേക്കറി യൂനിറ്റ് ആരംഭിക്കുമെന്നും ചെയര്മാന് അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.