തൃശൂരിലെ തൊഴിൽപ്പൂരം; 151 തൊഴില്‍ദാതാക്കൾ, 577 മേഖലകൾ, 35,000 തൊഴിലുകൾ
text_fieldsതൊഴിൽപൂരം രജിസ്ട്രേഷൻ കൗണ്ടറിലെ തിരക്ക്
തൃശൂർ: തൊഴില്‍ അന്വേഷകരെ തേടിപ്പോകുന്ന സര്‍ക്കാര്‍ ‘വിജ്ഞാന കേരള’ത്തിലൂടെ കേരളത്തിന്റെ വികസന മാതൃകയിൽ പുതിയ അധ്യായത്തിന് തുടക്കം കുറിക്കുകയാണെന്ന് മന്ത്രി കെ. രാജന് പറഞ്ഞു. വിജ്ഞാന കേരളം ‘തൊഴില്‍ പൂര’ത്തിന്റെ ഭാഗമായി ഗവ. എൻജിനീയറിങ് കോളജിലും വിമല കോളജിലുമായി സംഘടിപ്പിച്ച മെഗാ ജോബ് ഫെയര്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
തൊഴില്‍ മേളയില്‍ പങ്കെടുക്കാൻ എത്തിയവരുമായി രജിസ്ട്രേഷന് കൗണ്ടറുകളിലും ഇന്റര്‍വ്യൂ സെന്ററുകളിലും എത്തി മന്ത്രി സംവദിച്ചു. വിവിധ തൊഴില്‍ ദാതാക്കളുമായും മന്ത്രി ആശയവിനിമയം നടത്തി. നോര്‍ക്കയുമായി സഹകരിച്ച് വിദേശ തൊഴിലുകള്‍ ഉള്‍പ്പെടെ വിജ്ഞാന തൃശൂരിന്റെ തൊഴില്‍മേളകളില്‍ ഭാഗമാക്കും. രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ ഉദ്യോഗാര്‍ഥികള്‍ക്കും മേയ് മാസത്തോടെ ജോബ് ഫെയര്‍ അവസാനിക്കുമ്പോള്‍ തൊഴില്‍ ലഭ്യമാക്കാനാണ് വിജ്ഞാന തൃശൂര്‍ ലക്ഷ്യമിടുന്നത്.
151 തൊഴില്‍ ദാതാക്കളില്‍നിന്നും 577 വ്യത്യസ്തതരം മേഖലകളില്‍നിന്നായി 35,000 തൊഴിലുകളിലേക്കാണ് അഭിമുഖം നടന്നത്. രണ്ടിടത്തായി 140 ക്ലാസ് മുറികളിലാണ് അഭിമുഖം നടന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്യാണത്തെ തുടര്‍ന്ന് ഉദ്ഘാടന ചടങ്ങുകള്‍ പൂര്‍ണമായി ഒഴിവാക്കിയാണ് മേള സംഘടിപ്പിച്ചത്.
തൊഴിൽരഹിതർ ഉണ്ടാകില്ലെന്ന ഉറപ്പുമായി ‘പൂരം’
തൃശൂർ: ‘വിജ്ഞാന തൃശൂര്‍’ യാഥാര്‍ഥ്യമാകുമ്പോള്‍ തൃശൂരില്‍ തൊഴില്‍ ഇല്ലാത്തവരായി ആരും അവശേഷിക്കില്ലെന്ന ഉറപ്പുമായി മെഗാ ജോബ് ഫെയർ. വിജ്ഞാനകേരളം കാമ്പയിനിലൂടെ സംഘടിപ്പിക്കുന്ന വിവിധ തൊഴില്‍മേളകളും അതിനായി ഉദ്യോഗാര്‍ഥികളെ പ്രാപ്തമാക്കുന്ന സര്‍ക്കാരിന്റെ പരിശീലന പരിപാടികളും നാടിനെ അറിയിക്കാൻ 23 സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സേഴ്സും രംഗത്തുണ്ട്. ഇവർ മന്ത്രി കെ. രാജന്, ഡോ. ടി.എം. തോമസ് ഐസക്ക് എന്നിവരുമായി സംവദിച്ചു.
ഇന്‍ഫ്ലുവന്‍സേഴ്സ് മീറ്റില്‍ വിജ്ഞാനകേരളം കണ്‍സൽട്ടന്റ് ഡോ. പി. സരിന്, ജില്ല മിഷന് കോഓഡിനേറ്റര്‍ കെ.വി. ജ്യോതിഷ് കുമാര്‍, കില ജില്ല ഫെസിലിറ്റേറ്റര്‍ അനൂപ് കിഷോര്‍, തൃശൂർ കോര്പറേഷന് വികസനകാര്യ സ്ഥിരം സമിതി ചെയര്മാന് വര്‍ഗീസ് കണ്ടംകുളത്തി, കെ.എസ്.എഫ്.ഇ ഡയറക്ടര്‍ യു.പി. ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

