മെഡിക്കൽ കോളജ് എച്ച്.ഡി.എസ് ഫണ്ട് തിരിമറി; അന്വേഷിക്കാൻ ആരോപിതർക്ക് ചുമതല !
text_fieldsതൃശൂർ: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ ആശുപത്രി വികസന സൊസൈറ്റി ഫണ്ട് തട്ടിപ്പ് സംബന്ധിച്ച പരിശോധനക്ക് ആരോപണ വിധേയരെ തന്നെ നിയോഗിച്ച് സൂപ്രണ്ടിന്റെ ഉത്തരവ്. പരാതിയെ തുടർന്ന് കലക്ടർ മിന്നൽ പരിശോധന നടത്തിയതിന് തുടർന്നുള്ള പരിശോധനയിൽ 10 ലക്ഷം രൂപയുടെ ക്രമക്കേട് പ്രഥമദൃഷ്ട്യാ കണ്ടെത്തിയിരുന്നു.
ഇതിൽ വിശദമായ പരിശോധന വേണമെന്ന് ആവശ്യപ്പെട്ട് കലക്ടർ ആരോഗ്യവകുപ്പിനും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കും റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു. ഇതിന് സർക്കാർ അനുമതി ഇതുവരെയും വന്നിട്ടില്ലെന്നിരിക്കെയാണ് അന്വേഷണത്തിന് സമിതിയെ നിയോഗിച്ച് സൂപ്രണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്.
ആശുപത്രി വികസന സമിതിയുടെ ഫണ്ടിന്റെ ഉത്തരവാദിത്തം എച്ച്.ഡി.എസ് സെക്രട്ടറി കൂടിയായ സൂപ്രണ്ട് ഇൻ ചാർജ്, അക്കൗണ്ട്സ് ഓഫിസർ, സെക്രട്ടറി ആൻഡ് ട്രഷറർ, ജൂനിയർ സൂപ്രണ്ട് തുടങ്ങിയവർക്കാണെന്നിരിക്കെ നിലവിലെ അക്കൗണ്ട് ഓഫിസറുടെ നേതൃത്വത്തിലാണ് പുതിയ പരിശോധന സമിതിയെ സൂപ്രണ്ട് ഇൻചാർജ് നിയോഗിച്ചിരിക്കുന്നത്. ഈ ഉദ്യോഗസ്ഥനായിരുന്നു രണ്ട് മാസം മുമ്പ് വരെ ആശുപത്രിയിൽ ലേ സെക്രട്ടറിയുടെ ചുമതല നിർവഹിച്ചിരുന്നതും.
എച്ച്.ഡി.എസിന്റെ ട്രഷറർ ആയ ലേ സെക്രട്ടറിയാണ് ഫണ്ടിന്റെ സൂക്ഷിപ്പുകാരനെന്നിരിക്കെ ക്രമക്കേടിൽ ഉത്തരവാദിത്തമുണ്ടാവുന്നവരെ തന്നെ അന്വേഷണത്തിന് നിയോഗിച്ചുവെന്നാണ് ആക്ഷേപം. അക്കൗണ്ട്സ് ഓഫിസർ തുടങ്ങി, എച്ച്.ഡി.എസ് താൽക്കാലിക ജീവനക്കാരൻ വരെയടങ്ങുന്ന 10 പേരെയാണ് പുതിയ അന്വേഷണ സമിതിയായി നിയോഗിച്ചിരിക്കുന്നത്. എച്ച്.ഡി.എസ് സെക്രട്ടറി കൂടിയായ സൂപ്രണ്ട് ആണ് ഫണ്ട് പിൻവലിക്കുന്നതിനുള്ള ചെക്കുകളിൽ ഒപ്പിടേണ്ടത്. പ്രതിദിനം, ഒരു ചെക്കിൽ സൂപ്രണ്ട് മാത്രം ഒപ്പിട്ട് നൽകാവുന്ന തുക 25,000 രൂപയാണ്.
മിക്ക ബില്ലുകളും, കലക്ടറുടെ ഓഫിസിലേക്ക് അയക്കുന്നത് ഒഴിവാക്കുന്നതിന് വേണ്ടി, സ് പ്ലിറ്റ് ചെയ്തു ബിൽ തുക കുറച്ചു കാണിച്ച് പണം നൽകുന്നതും സാധാരണമാണ്. ഇത്തരം നൽകുന്ന ചെക്കുകൾ സെക്ഷൻ ക്ലർക്കും സൂപ്രണ്ടും മാത്രമാണ് കൈകാര്യം ചെയ്യുന്നത്.
എൻ.ഇ.എഫ്.ടി മുഖേനയുള്ള പണം കൈമാറ്റത്തിലും തിരിമറി നടന്നിട്ടുണ്ടെന്നാണ് പരാതിയുള്ളത്. നേരത്തെ തന്നെ ആരോപണമുയർന്നിട്ടുള്ള എച്ച്.ഡി.എസ് കാന്റീൻ, ന്യായവില ഷോപ്പ് ഫയലൊന്നും ഇനിയും പരിശോധിച്ചിട്ടില്ല. വിശദമായ അന്വേഷണം നടന്നാൽ ഉന്നതർ പലരും കുടുങ്ങാനിടയുണ്ടെന്ന സാഹചര്യത്തിലാണ് ക്രമക്കേടിലെ ഉത്തരവാദികളായവരെ തന്നെ അന്വേഷണത്തിന് നിയോഗിച്ചിരിക്കുന്നതെന്നാണ് ആരോപണം. ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകാനാണ് പുതിയ അന്വേഷണ സമിതിക്ക് ഉത്തരവിൽ നിർദേശം നൽകിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

