മെഡിക്കൽ കോളജ് ഹൃദയ ശസ്ത്രക്രിയ വിഭാഗം പ്രതിസന്ധി രൂക്ഷം
text_fieldsമുളങ്കുന്നത്തുകാവ്: തൃശൂർ ഗവ. മെഡിക്കൽ കോളജ് ഹൃദയ ശസ്ത്രക്രിയ വിഭാഗം വീണ്ടും പ്രതിസന്ധിയിൽ. ശസ്ത്രക്രിയ കുറിക്കുന്ന രോഗികൾ മാസങ്ങൾ കാത്തിരിക്കേണ്ട അവസ്ഥയാണുള്ളത്. 10 മാസം വരെ കാത്തിരിക്കുന്ന രോഗികളുണ്ട്. നൂറിൽ താഴെ രോഗികളാണ് ഊഴം കാത്ത് ശസ്ത്രക്രിയകൾക്ക് കാത്തിരിക്കുന്നത്. ആഴ്ചയിൽ ഹൃദയ ശസ്ത്രക്രിയ വിഭാഗത്തിൽ നിലവിൽ രണ്ട് ശസ്ത്രക്രിയകൾ മാത്രമെ നടക്കുന്നുള്ളൂ. ഇതിന്റെ സേവനത്തിനായുള്ളത് ഒരു സീനിയർ സർജൻ മാത്രമാണ്.
ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് അടിയന്തര ശസ്ത്രക്രിയകൾ ആവശ്യമായതുകൊണ്ട് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ് നിലവിൽ. നിർധനരായ രോഗികൾക്ക് ഇത് താങ്ങാനാകുന്നതിൽ അധികമാണ്. കൂടുതൽ ജീവനക്കാരെ നിയമിച്ച് ചികിത്സ പ്രതിസന്ധി പരിഹരിക്കുമെന്ന് പല തവണ പ്രഖ്യാപനമുണ്ടായാലും നടപ്പായിട്ടില്ല. ജില്ലയിലെയും സമീപ ജില്ലകളിലെയും രോഗികളടക്കം നിരവധി പേരാണ് തൃശൂർ മെഡിക്കൽ കോളജിലെ ഹൃദയശസ്ത്രക്രിയ വിഭാഗത്തെ ആശ്രയിക്കുന്നത്.
ഹൃദയ ശസ്ത്രക്രിയ വിഭാഗം തുടങ്ങിയ ഇടത്തു തന്നെ
അഞ്ച് വർഷം മുമ്പ് തുടങ്ങിയ അവസ്ഥയിൽ തന്നെയാണ് തൃശൂർ മെഡിക്കൽ കോളജിലെ ഹൃദയ ശസ്ത്രക്രിയ വിഭാഗം. ഒരു സീനിയർ സർജൻ ആണ് നിലവിൽ ശസ്ത്രക്രിയകളുടെ ചുമതലയിലുള്ളത്. കൂടുതൽ സർജൻമാരെ നിയമിച്ച് ഈ വിഭാഗത്തിലെ പ്രതിസന്ധി പരിഹരിക്കണമെന്ന ആവശ്യം ഫലവത്തായിട്ടില്ല.
കൂടുതൽ തസ്തികകൾ വേണം
അധികമായി രണ്ട് സർജൻമാരുടെ തസ്തികകളും അനുബന്ധ പാരാമെഡിക്കൽ ജീവനക്കാരുടെ തസ്തികകളുമാണ് ആവശ്യമുള്ളത്. ഇക്കാര്യം മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ അടക്കം വകുപ്പുമന്ത്രിയെയും അറിയിച്ചിരുന്നുവെങ്കിലും നടപടിയുണ്ടായില്ല.
ടെക്നീഷ്യൻമാരെ സംബന്ധിച്ച പ്രശ്നങ്ങൾ മൂലം ഹൃദയ ശസ്ത്രക്രിയ വിഭാഗം രണ്ട് മാസം അടച്ചിട്ടിരുന്നു. ഒരു സർജനെ കൂടി നിയമിച്ചാൽ മെച്ചപ്പെട്ട സേവനങ്ങൾ നൽകാനാകും. രോഗികളുടെ ബുദ്ധിമുട്ടിനും കുറവു വരും.
വികസന നിർദേശങ്ങൾ അവഗണിച്ചു
ഹൃദയ ശസ്ത്രക്രിയ വിഭാഗത്തിലെത്തുന്ന രോഗികളുടെ ബുദ്ധിമുട്ടുകൾ കുറക്കാനായി സമർപ്പിച്ച വികസന നിർദേശങ്ങളെല്ലാം അവഗണിച്ചു. അധികമായി ആവശ്യമുള്ള തസ്തികളിൽ ഒന്നു പോലും നൽകിയില്ല. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കും ആരോഗ്യമന്ത്രിക്കും നിവേദനങ്ങളും നിർദേശങ്ങളും നൽകിയെങ്കിലും അവഗണിക്കപ്പെടുകയായിരുന്നു. മെഡിക്കൽ കോളജിൽ കാർഡിയാക് വിഭാഗത്തിൽ ജോലി ചെയ്യുന്ന സർജനെ താൽകാലിക ജോലി മാറ്റത്തിൽ ഹൃദയ ശസ്ത്രക്രിയ വിഭാഗത്തിൽ നിയമിക്കാമെന്ന നിർദേശവും പരിഗണിക്കപ്പെട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

