മറ്റത്തൂര്‍ ജലസേചന കനാല്‍ വീണ്ടും കാടുമൂടുന്നു
text_fieldsകാടുമൂടുന്ന മറ്റത്തൂര്‍ ഇറിഗേഷന്‍ കനാല്‍
വെള്ളിക്കുളങ്ങര: ചാലക്കുടി ജലസേചനപദ്ധതിയിലെ വലതുകര കനാലിന്റെ ശാഖയായ മറ്റത്തൂര്‍ കനാല്‍ കാടുമൂടുന്നു. കനാലിനുള്ളില്‍ വയല്‍ചുള്ളി ഇനത്തിലുള്ള മുള്‍ച്ചെടികളും ഇരുകരകളിലുമായി പാഴ്ച്ചെടികളും വളര്‍ന്നതാണ് കനാലിനെ ശോച്യാവസ്ഥയിലാക്കിയത്.
കനാലില്‍ നീരൊഴുക്കിന് തടസ്സമായി വളര്‍ന്ന പാഴ്ചെടികളും ചണ്ടിയും കഴിഞ്ഞവര്‍ഷം തൊഴിലുറപ്പു തൊഴിലാളികളെ നിയോഗിച്ച് വൃത്തിയാക്കിയിരുന്നു. എന്നാല്‍ മഴക്കാലമായതോടെ വീണ്ടും കാടുമൂടി. ഇരുവശത്തുമുള്ള കനാല്‍ബണ്ട് റോഡുകളിലും പുല്ലും പാഴ്ചെടികളുംനിറഞ്ഞ് സഞ്ചാരയോഗ്യമല്ലാത്ത അവസ്ഥയാണ്.
ഇഴജന്തുക്കളും തെരുവുനായ്ക്കളും വിഹരിക്കുന്നതിനാല്‍ ബണ്ട് റോഡിലൂടെയുള്ള യാത്ര സുരക്ഷിതമല്ലെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു. കനാലില്‍ പലയിടത്തും മാലിന്യം നിറഞ്ഞുകിടക്കുന്നതും ജനങ്ങള്‍ക്ക് ദുരിതമായിട്ടുണ്ട്. ചാലക്കുടി ജലസേചനപദ്ധതിയിലെ വലതുകര മെയിന്‍ കനാലിന്റെ ശാഖയായ മറ്റത്തൂര്‍ കനാലിന് 18 കിലോമീറ്റര്‍ നീളമുണ്ട്.
കോടശേരി പഞ്ചായത്തിലെ മാരാങ്കോട് നിന്നാരംഭിച്ച് മറ്റത്തൂര്‍, പറപ്പൂക്കര പഞ്ചായത്തുകളുടെ അതിര്‍ത്തിയിലുള്ള മറ്റത്തൂര്‍ പടിഞ്ഞാറ്റുമുറി ചോങ്കുളത്തില് അവസാനിക്കുന്ന കനാലിലും കനാല്ബണ്ടുകളിലും പാഴ്ചെടികള്‍ വളര്‍ന്നുനില്‍ക്കുകയാണ്.
വിസ്തൃതമായ മറ്റത്തൂര്‍ പഞ്ചായത്തിന്റെ പകുതിയോളം പ്രദേശങ്ങളില്‍ വേനല്‍ക്കാലത്ത് ജലസേചനത്തിന് വെള്ളമെത്തുന്നത് ഈ കനാലിലൂടെയാണ്. കഴിഞ്ഞ വര്‍ഷത്തേതുപോലെ തൊഴിലുറപ്പു തൊഴിലാളികളെ നിയോഗിച്ച് ഇത്തവണയും കനാലും കനാല്‍ ബണ്ടും വൃത്തിയാക്കാന്‍ നടപടി ഉണ്ടാകണമെന്നാണ് ആവശ്യമുയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

