സുവർണ ജൂബിലി നിറവിൽ മതിലകം സുഭാഷ് ക്ലബ്
text_fieldsനടൻ സൗബിൻ ഷാഹിർ ഇന്ന് ഉദ്ഘാടനം ചെയ്യുന്ന മതിലകം സുഭാഷ് ക്ലബിന്റെ നവീകരിച്ച കെട്ടിടം
മതിലകം: മണപ്പുറത്തിന്റെ കലാകായിക, സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, വികസന മേഖലകളിൽ ചരിത്രപരമായ സാന്നിധ്യമായി മാറിയ മതിലകം സുഭാഷ് ക്ലബ് സുവർണ ജൂബിലി നിറവിൽ. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ധീരസ്മരണ ഉൾകൊണ്ട് 1975ലായിരുന്നു ക്ലബ് രൂപവത്കരണം. വി.വൈ. ഇസ്മായിൽ, വി.വൈ. ബഷീർ, ടി.എ. മുഹാജിർ എന്നിവരാണ് നേതൃത്വം നൽകിയത്.
മതിലകത്തിന്റെ വോളിബാൾ ഖ്യാതി ജില്ലക്കകത്തും പുറത്തും നിലനിർത്തുന്നതിൽ വലിയ പങ്കുവഹിച്ച സുഭാഷ് ക്ലബ് ചെറുതും വലുതുമായ ഒട്ടേറെ ടൂർണമെൻറുകളിൽ മാറ്റുരച്ച് ട്രോഫികൾ സ്വന്തമാക്കിയിട്ടുണ്ട്. അഖിലകേരള മത്സരത്തിന് പുറമെ 2010ൽ മതിലകത്ത് അഖിലേന്ത്യ വോളിബാൾ മാമാങ്കത്തിന് വേദിയൊരുക്കിയതും സുഭാഷ് ക്ലബായിരുന്നു. കോച്ചിങ് ക്യാമ്പുകളും സംഘടിപ്പിച്ചിട്ടുണ്ട്. പ്രഫഷനൽ നാടക അവതരണത്തിന്റെ വിസ്മയകരമായ ദൃശ്യാനുഭവം മതിലകത്തും പരിസരങ്ങളിലും ആദ്യമായി സമ്മാനിച്ചത് സുഭാഷുക്കാരാണ്.
ആദ്യകാല പ്രഫഷനൽ നാടകമായ ആലപ്പി തിയേറ്റേഴ്സിന്റെ ‘കണ്ണ്’ ആസ്വദിക്കാൻ വൻ ജനാവലിയാണ് മതിലകത്തേക്ക് എത്തിയത്. നിരവധി അമേച്ച്വർ നാടകങ്ങൾ അവതരിപ്പിച്ചും, ഏകാംഗ നാടക മത്സരങ്ങളിൽ സമ്മാനങ്ങൾ വാരി കൂട്ടുകയും ചെയ്തിട്ടുണ്ട്. നാടിന് വേണ്ടിയുള്ള സമരങ്ങളിലും സുഭാഷ് സംഘം കൈയൊപ്പ് ചാർത്തി. മതിലകം പാലം, കൂളിമുട്ടം-ഷോളയാർ റോഡ്, വഴിവിക്ക് സമരം എന്നിവ എടുത്തു പറയേണ്ടതാണ്.
അധികാരികളുടെ അവഗണനക്കെതിരെ മതിലകത്ത് ഹർത്താൽ വരെ സംഘടിപ്പിച്ച് പാലം സമരത്തിന് നവോൻമേഷം പകർന്നത് സുഭാഷായിരുന്നു. വിദ്യാഭ്യാസ ചാരിറ്റി പ്രവർത്തനങ്ങളിലും ഈ സന്നദ്ധ സംഘം പിന്നിലായിരുന്നില്ല. 50ാം വാർഷികവും നവീകരിച്ച കെട്ടിടോദ്ഘാടനവും സുഭാഷ് ക്ലബ് മെംബറും നടനും സംവിധായകനുമായ സൗബിൻ ഷാഹിർ 16ന് വൈകീട്ട് നിർവഹിക്കും. തുടർന്ന് എം.ടി നഗറിൽ വൈക്കം മുഹമ്മദ് ബഷീറിന്റെ കഥയെ ആസ്പദമാക്കി ‘മുച്ചീട്ടുകളിക്കാരന്റെ മകൾ’ നാടകം അവതരിപ്പിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.