മതിലകം ഗ്രാമപഞ്ചായത്തിൽ നാടോടി കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ ശ്രമം തുടങ്ങി
text_fieldsമതിലകം ഗ്രാമപഞ്ചായത്തിലെ നാടോടി കുടുംബങ്ങളുടെ വാസസ്ഥലത്ത് എത്തിയ
ഇ.ടി. ടൈസൺ എം.എൽ.എയും സംഘവും
മതിലകം: മതിലകം ഗ്രാമപഞ്ചായത്തിൽ താമസിക്കുന്ന നാടോടി കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ ശ്രമം തുടങ്ങി. സുരക്ഷിതമായ താമസ സൗകര്യമോ ആവശ്യമായ രേഖകളോ ഇല്ലാതെ പ്ലാസ്റ്റിക് ഷീറ്റ് കെട്ടിയ കൂരകളിൽ വെറും മണ്ണിൽ കഴിയുന്ന നാല് കുടുംബങ്ങളാണ് മതിലകത്തെ കൂളിമുട്ടം പൊക്ലായിയിലുള്ളത്. ജനപ്രതിനിധികളുടെ ഇടപെടലിനെ തുടർന്ന് ചില കുടുംബങ്ങൾക്ക് റേഷൻ കാർഡ്, ആധാർ കാർഡ് തുടങ്ങിയവ ലഭ്യമാക്കിയിരുന്നു. ഒപ്പം ഇവരെ അതിദരിദ്രരുടെ പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തു. വാടക വീടെടുത്ത് മാറ്റിയെങ്കിലും ഇവർ അവിടം വിട്ട് പോരുകയായിരുന്നു.
എന്നാൽ, ജാതി സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ ഇവർക്ക് ഭൂമിയോ വീടോ സ്വന്തമായി നൽകാൻ സാധ്യമല്ലാത്ത അവസ്ഥയാണുള്ളത്. ഈ സാഹചര്യത്തിലാണ് നാടോടി കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ ജനപ്രതിനിധികൾ മുന്നിട്ടിറങ്ങിയത്. മതിലകം ഗ്രാമപഞ്ചായത്ത് ഓഫിസ് ഹാളിൽ ഇ.ടി. ടൈസൺ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന ആലോചന യോഗം പുനരധിവാസ പ്രവർത്തനങ്ങളുടെ രൂപരേഖ തയാറാക്കി.
ആമകളെ കൈവശം വെച്ചതിന്റെ പേരിൽ ജയിലിൽ കഴിയുന്ന നാടോടി കുടുംബത്തിലെ അംഗമായ സുരേഷിന് നിയമസഹായം ലഭ്യമാക്കാൻ യോഗം തീരുമാനിച്ചു. ജാതി സർട്ടിഫിക്കറ്റ് ഉൾപ്പടെയുള്ള രേഖകൾ ലഭ്യമാക്കാൻ നടപടി സ്വീകരിക്കാനും ഈ കുടുംബങ്ങൾക്ക് താൽക്കാലിക താമസ സൗകര്യവുമൊരുക്കാനും യോഗത്തിൽ തീരുമാനമായി. പുനരധിവാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഗ്രാമപഞ്ചായത്ത് അംഗം ഇ.കെ. ബിജു ചെയർമാനും ജസ്ന ഷെമീർ കൺവീനറുമായി കമ്മിറ്റി രൂപവത്കരിച്ചു. യോഗത്തിന് ശേഷം ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നാടോടികളുടെ വാസസ്ഥലം സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

