മാസ്റ്റർ പ്ലാൻ: മേയറെ വളഞ്ഞ് പ്രതിപക്ഷ കൗൺസിലർമാർ
text_fieldsമാസ്റ്റർ പ്ലാൻ റദ്ദാക്കണമെന്നാവശ്യപ്പെട്ട് തൃശൂർ കോർപറേഷൻ കൗൺസിൽ യോഗത്തിൽ കോൺഗ്രസ്, ബി.ജെ.പി കൗൺസിലർമാർ പ്രതിഷേധിക്കുന്നു. പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ മാസ്റ്റർ പ്ലാൻ റിപ്പോർട്ട് കീറിയെറിയുന്നതും കാണാം - ടി.എച്ച്. ജദീർ
തൃശൂർ: മാസ്റ്റർ പ്ലാൻ നിർദേശങ്ങൾ ചർച്ച ചെയ്യുന്നതിനും പദ്ധതികൾക്ക് മുൻഗണനാക്രമം നിശ്ചയിക്കുന്നതിനുമായി ചേർന്ന പ്രത്യേക കൗൺസിൽ യോഗം ബഹളത്തിൽ മുങ്ങി. 25ന് തീരുമാനിച്ചിരുന്ന കൗൺസിൽ യോഗമാണ് മേയർ വിദേശയാത്രയിൽ ആയതിനെ തുടർന്ന് 28ലേക്ക് മാറ്റിയത്.
രാവിലെ 11ന് തുടങ്ങിയ കൗൺസിൽ യോഗത്തിൽ മേയർ എം.കെ. വർഗീസ് ആമുഖ പ്രസംഗം നടത്തി. തൃശൂർ കോർപറേഷൻ രൂപവത്കൃതമായി 25 വർഷം തികയുന്ന വേളയിൽ മാസ്റ്റർ പ്ലാനിന് സർക്കാർ അംഗീകാരം ലഭിച്ചത് വലിയ നേട്ടമാണെന്ന് മേയർ ചൂണ്ടിക്കാട്ടി. നാളിതുവരെ നടപ്പാക്കാൻ കഴിയാതെ കിടന്ന മാസ്റ്റർ പ്ലാൻ നടപ്പാക്കുന്നതിൽ അഭിമാനമുണ്ടെന്നും മേയർ പറഞ്ഞു.
തുടർന്ന് പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ സംസാരിച്ചു. മേയറിന്റെ തുടരെത്തുടരെയുള്ള വിദേശ യാത്രകൾ ദുരൂഹമാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. സ്ഥാനമേറ്റ് ഇതിനകം വിവിധ യാത്രകൾക്കായി മേയർ ഒരു കോടിയിൽപരം രൂപ ചെലവഴിച്ചിട്ടുണ്ട്. മേയർ എങ്ങോട്ടേക്കാണ് പോകുന്നത് എന്നറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്. ഭരണപക്ഷത്തെ രണ്ടുപേരടക്കം എതിർത്ത മാസ്റ്റർ പ്ലാനിന് എങ്ങനെയാണ് സർക്കാർ അംഗീകാരം ലഭ്യമായതെന്ന് മേയർ വിശദമാക്കണമെന്ന് രാജൻ പല്ലൻ ആവശ്യപ്പെട്ടു. റിപ്പോർട്ടിന്റെ കോപ്പി പ്രതിപക്ഷ നേതാവ് കീറിയെറിഞ്ഞു.
ചർച്ച ആരംഭിക്കവെ ബി.ജെ.പി കൗൺസിലർമാർ ബഹളവുമായി രംഗത്തെത്തി. യു.ഡി.എഫ് അംഗങ്ങളും പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ മേയറുടെ ഇരിപ്പിടത്തിന് സമീപമെത്തി പ്രതിഷേധം തുടങ്ങി. തട്ടിപ്പ് കൗൺസിൽ അവസാനിപ്പിക്കുക, മാധ്യമങ്ങളെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്നത് തിരിച്ചറിയുക എന്നീ മുദ്രാവാക്യങ്ങൾ മുഴക്കിയും പാത്രങ്ങൾ കൊട്ടിയുമാണ് യു.ഡി.എഫ് അംഗങ്ങൾ പ്രതിഷേധിച്ചത്. ഇതിനിടെ, പ്രതിപക്ഷ നിരയിലെ ഒല്ലൂർ കൗൺസിലർ സനോജ് കെ. പോൾ പ്രതിഷേധത്തിന് എഴുന്നേൽക്കാതിരുന്നത് ഭരണപക്ഷം ആയുധമാക്കി. ഒരു നാടകത്തിന് താൻ തയാറല്ലാത്തതുകൊണ്ടാണ് പ്രതിഷേധത്തിൽ അണിനിരക്കാത്തതെന്ന് സനോജ് ‘മാധ്യമ’ത്തോട് പറഞ്ഞു.
എന്നാൽ, പിന്നീട് പ്രതിഷേധം കനത്തപ്പോൾ സനോജും പങ്കാളിയായി. പ്രതിപക്ഷ പ്രതിഷേധം കോൺഗ്രസ്, ബി.ജെ.പി ഒത്തുകളിയുടെ ഭാഗമാണെന്ന് ഭരണപക്ഷ കൗൺസിലർമാർ ആരോപിച്ചു. കൗൺസിൽ യോഗത്തിൽ നിന്നും എൽ.ഡി.എഫ് കൗൺസിലർമാരായ ഷീബ ബാബു, ബീന മുരളി, സി.പി. പോളി, സുകുമാരൻ എന്നിവർ വിട്ടുനിന്നു.
മാസ്റ്റർ പ്ലാൻ
തൃശൂർ: 101.42 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള തൃശൂർ മുനിസിപ്പൽ കോർപറേഷന്റെ മാസ്റ്റർ പ്ലാനിന് കേരള ടൗൺ ആൻഡ് കൺട്രി പ്ലാനിങ് ആക്ട് (2016) പ്രകാരം 2021ൽ അനുമതി ലഭിച്ചു.
ജനസംഖ്യ, സാമ്പത്തിക വളർച്ച, ഭൗതിക-ഭൂവിനിയോഗ വികസനം, ഗതാഗതം തുടങ്ങി വിവിധ മേഖലകളെ ഉൾപ്പെടുത്തി നഗരത്തിന്റെ സമഗ്ര വികസനത്തിനുള്ള നയപരിപാടികളും ദീർഘകാല അടിസ്ഥാനത്തിലുള്ള ആവശ്യങ്ങളും മുൻനിർത്തിയാണ് പ്ലാൻ തയാറാക്കിയത്. സ്വരാജ് റൗണ്ട് അടക്കമുള്ള കോർപറേൻ പരിധിയിലെ 116 റോഡുകളാണ് നഗരത്തിൽ നവീകരണത്തിന് നിർദേശിക്കപ്പെട്ടിരിക്കുന്നത്.
മാസ്റ്റർ പ്ലാൻ അജണ്ട തട്ടിപ്പ് -രാജൻ പല്ലൻ
തൃശൂർ: ഏകദേശം ഒരു വർഷം മുമ്പ് സർക്കാർ അംഗീകരിച്ചുവന്ന അമൃത് സിറ്റി ജി.ഐ.എസ് അധിഷ്ടിത മാസ്റ്റർ പ്ലാൻ ഇപ്പോൾ അംഗീകരിച്ചതുപോലെ വീണ്ടും കൗൺസിലിൽ വെച്ച് കൗൺസിലർമാരെയും മാധ്യമപ്രവർത്തകരെയും അതുവഴി ജനങ്ങളെയും തെറ്റിദ്ധരിപ്പിച്ച് രാഷ്ട്രീയനേട്ടം കൊയ്യാൻ ശ്രമിച്ച സി.പി.എം നേതൃത്വത്തിന്റെയും മേയറുടെയും തന്ത്രങ്ങളെ പരാജയപ്പെടുത്തിയതായി പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ പറഞ്ഞു.
55 അംഗ കൗൺസിലിൽ കോൺഗ്രസ് കൗൺസിലർമാർ അടക്കം 32 കൗൺസിലർമാർ വിയോജിപ്പ് നൽകുകയും വോട്ടിങ് ആവശ്യപ്പെടുകയും ചെയ്ത മാസ്റ്റർ പ്ലാൻ നിയമവിരുദ്ധമായി ഭരണസ്വാധീനം ഉപയോഗിച്ച് പാസാക്കി എടുക്കുകയാണ് ചെയ്തതെന്ന് രാജൻ പല്ലൻ ആരോപിച്ചു.
‘മുങ്ങൽ വിദഗ്ധ’രായി ബി.ജെ.പി കൗൺസിലർമാർ
തൃശൂർ: മാസ്റ്റർ പ്ലാൻ വഴി നഗരത്തിലെ പാടങ്ങൾ നികത്തുന്നത് ഭൂമാഫിയക്ക് അഴിമതി നടത്താനാണെന്നാരോപിച്ച് ബി.ജെ.പി കൗൺസിലർമാർ പ്രതിഷേധിച്ചു. പ്ലാൻ നടപ്പായാൽ നഗരം വെള്ളത്തിൽ മുങ്ങും എന്നാരോപിച്ച് ലൈഫ് ജാക്കറ്റും ട്യൂബും സ്വിമ്മിങ് ക്യാപും ഗ്ലാസും അടക്കം അണിഞ്ഞാണ് കൗൺസിലർമാർ തൃശൂർ കോർപറേഷൻ കൗൺസിൽ യോഗത്തിൽ പ്രതിഷേധം നടത്തിയത്. നടുത്തളത്തിൽ കുത്തിയിരുന്നും പ്രതിഷേധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

