ജ്വല്ലറിയിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ്: ദമ്പതികൾ അറസ്റ്റിൽ
text_fieldsമതിലകം: മതിലകം പുതിയകാവിൽ പുതുതായി തുടങ്ങുന്ന എസ്.ആർ ഗോൾഡ് ജ്വല്ലറിയിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ് നടത്തിയ കേസിൽ ദമ്പതികൾ അറസ്റ്റിൽ.
മതിലകം കാതിക്കോട് വാടകക്ക് താമസിക്കുന്ന കൂളിമുട്ടം പൊക്കളായ് ചിറ്റൂർക്കാട്ടിൽ സുധീർ (45), ഭാര്യ സുബൈദ (44) എന്നിവരെയാണ് പൊന്നാനിയിൽനിന്ന് മതിലകം പൊലീസ് അറസ്റ്റ് ചെയ്തത്. 87 ലക്ഷം രൂപ നഷ്ടപ്പെട്ട പാലക്കാട് കുഴൽമന്ദം സ്വദേശി നൽകിയ പരാതിയുമായി ബന്ധപ്പെട്ടാണ് പ്രതികൾ പിടിയിലായത്.
സുധീറിനെതിരെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് 42 ലക്ഷം രൂപയുടെ വഞ്ചന നടത്തിയെന്ന പരാതിയിൽ മറ്റൊരു കേസും മതിലകം പൊലീസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.
മൂന്ന് കോടി രൂപ നിക്ഷേപിച്ചാൽ ജ്വല്ലറിയിൽ പാർട്ണറാക്കാമെന്ന് വാഗ്ദാനം ചെയ്താണ് കുഴൽമന്ദം സ്വദേശിയിൽനിന്ന് പണം തട്ടിയത്. 2025 ജൂണിന് ശേഷം പല തവണകളായി പരാതിക്കാരന്റെ വിവിധ ബാങ്ക് അക്കൗണ്ടുകളിൽനിന്ന് പ്രതികളുടെ അക്കൗണ്ടിലേക്ക് 56 ലക്ഷം രൂപ ഓൺലൈനായി ട്രാൻസ്ഫർ ചെയ്യിക്കുകയും 31 ലക്ഷം രൂപ നേരിട്ട് പണമായി വാങ്ങിയുമാണ് തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
രാഷ്ട്രീയ നേതാവായ പരാതിക്കാരൻ തൃശൂർ ജില്ല പൊലീസ് മേധാവിക്ക് നൽകിയ പരാതിയെ തുടർന്നാണ് മതിലകം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
മതിലകം എസ്.എച്ച്.ഒ എസ്. രജീഷ്, എസ്.ഐ നെസിയ എം. സാഹിബ്, ജി.എസ്.സി.പി.ഒമാരായ പ്രബിൻ, ഷനിൽ, ഷിജീഷ്, സി.പി.ഒ ദിവ്യ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
കോടികളുടെ തട്ടിപ്പെന്ന്
ഇരകൾ
മതിലകം: പുതിയ ജ്വല്ലറിയുടെയും മറ്റും പേരിലായി നടന്നത് കോടികളുടെ തട്ടിപ്പെന്ന് ഇരകൾ. 1.19 കോടി രൂപയുടെ രണ്ട് കേസുകളാണ് മതിലകം പൊലീസ് റജിസ്റ്റർ ചെയ്തതെങ്കിലും സുധീറിനെ അറസ്റ്റ് ചെയ്തതോടെ നിരവധി പേരാണ് മതിലകം പൊലീസ് സ്റ്റേഷനിൽ എത്തിയത്. ഇവരിലേറെയും മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരായിരുന്നു. കൂട്ടത്തിൽ സ്ത്രീകളും ഉണ്ടായിരുന്നു. ഇവർ 2.90 കോടി രൂപ സമാഹരിച്ച് നൽകിയിരുന്നതായി കൂട്ടത്തിലുണ്ടായിരുന്ന ടി. ജബ്ബാർ പറഞ്ഞു.
അതേസമയം പാലക്കാട്, മലപ്പുറം, തൃശൂർ, എറണാകുളം ജില്ലകളിൽ നിന്നുള്ളവർ ഉൾപ്പെടെ പണം നൽകിയവർ തട്ടിപ്പിനിരയായിട്ടുണ്ടെന്ന് ആദ്യം പരാതിയുമായി മുന്നോട്ട് വന്ന പാലക്കാട് കുഴൽമന്ദം സ്വദേശി അറിയിച്ചു. ഇതിനിടെ പണം നൽകിയ പ്രതിയുടെ നാട്ടുകാരൻ ഉൾപ്പെടെ പരാതി നൽകാനും തയാറായിട്ടില്ല.
ഭൂമി ഇടപാടിൽ ലക്ഷങ്ങളുടെ വഞ്ചനയെന്ന് പരാതി
മതിലകം: കൂളിമുട്ടം പോനാക്കുഴി നിസാറിന്റെ ഭാര്യ ഷെമീറ നൽകിയ പരാതിയിലാണ് ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് സുധീറിനെതിരെ പൊലീസ് കേസെടുത്തത്. സ്വന്തമായി വാങ്ങിയ ഭൂമിയെന്ന് വിശ്വസിപ്പിച്ച് മറ്റൊരു സ്ത്രീയുടെ പുരയിടമാണ് കച്ചവടം ഉറപ്പിച്ചത്.
ഈ വസ്തുവിന്റെ വിലയായി കണക്കാക്കിയ 42 ലക്ഷം രൂപ പൂർണമായി കൈപ്പറ്റിയെന്നും ഷമീറ മതിലകം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. നിസാറിന്റെ പേരിലുള്ള 10 സെൻറ് ഭൂമിയും ബാങ്ക് വഴി 27 ലക്ഷം രൂപയുമാണ് നൽകിയത്. ബാങ്കിൽനിന്ന് വായ്പയെടുത്തും മറ്റുമായി തരപ്പെടുത്തിയ പണമാണ് നഷ്ടപ്പെട്ടത്. എന്നാൽ, പുരയിടം റജിസ്റ്റർ ചെയ്ത് നൽകാതെ വഞ്ചിച്ചതായി പരാതിയിൽ പറയുന്നു. ഈ കേസിൽ ബ്രോക്കർ എമ്മാട് വലിയകത്ത് ബാവുവും പ്രതിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

