മാവോവാദി നേതാവിനെ ആശുപത്രിയിൽനിന്ന് അറസ്റ്റ് ചെയ്തു
text_fieldsതൃശൂർ: മാവോവാദി നേതാവിനെ തൃശൂരിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ അറസ്റ്റ് ചെയ്തു. ചിറ്റിലപ്പിള്ളി സ്വദേശി രാജനെയാണ് (58) എറണാകുളത്തുനിന്നുള്ള സ്പെഷൽ അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. മലപ്പുറം എടക്കരയിൽ മാവോവാദി അനുകൂല പ്രവർത്തനവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ ഇയാൾ ഒളിവിലായിരുന്നു.
കഴിഞ്ഞദിവസം ഒല്ലൂരിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റാണ് രാജനെ കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ അന്വേഷണസംഘത്തിെൻറ കസ്റ്റഡിയിലുള്ള രാജനെ ബുധനാഴ്ച എറണാകുളത്തേക്ക് കൊണ്ടുപോകും.
അതേസമയം, അറസ്റ്റ് വിവരങ്ങൾ ബന്ധുക്കളെ അറിയിച്ചിട്ടില്ലെന്ന് പരാതി ഉയർന്നു. തമിഴ്നാട്ടിലും ഇതരസംസ്ഥാനങ്ങളിലും നടക്കുന്നതുപോലെ മാവോവാദികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുന്ന രീതിയിലേക്ക് കേരള പൊലീസും വഴിമാറിയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് പൗരാവകാശ പ്രവർത്തകൻ സി.എ. അജിതൻ ആരോപിച്ചു.

