അടുത്തവർഷം ഇതിനേക്കാൾ മധുരമെന്ന വാഗ്ദാനവുമായി മാങ്ങ മേള സമാപിച്ചു
text_fieldsതൃശൂർ ടൗൺ ഹാളിൽ ഒരുക്കിയ ‘മാങ്ങ മേള 2025’ പ്രദർശനത്തിൽനിന്ന്
തൃശൂർ: കേരളത്തിലെ നാടൻമാവുകളുടെ അമ്പരപ്പിക്കുന്ന വൈവിധ്യം വിളിച്ചോതി സംഘടിപ്പിച്ച മാമ്പഴ മേള വിസ്മയമായി. ഔദ്യോഗികമായി എണ്ണിത്തിട്ടപ്പെടുത്തിയ 1400ൽ പരം മാങ്ങയിനങ്ങളാണ് രണ്ടുദിവസം ടൗൺഹാളിൽ നടന്ന മേളയിൽ പ്രദർശിപ്പിച്ചത്. അനൗദ്യോഗിക കണക്കുകൾ പ്രകാരം 1600ലധികം ഇനങ്ങൾ എത്തിയെന്ന് സംഘാടകർ അവകാശപ്പെട്ടു. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള വിവിധ ജില്ലകളിലെ വീടുകളിൽ നേരിട്ട് ചെന്ന് മാവുകൾ കണ്ടെത്തി ശേഖരിച്ച മാമ്പഴങ്ങളാണ് ഈ പ്രദർശനത്തിലുള്ളത് എന്നത് സവിശേഷത. 55,000ഓളം അംഗങ്ങളുള്ള ഫേസ്ബുക്, വാട്സ്ആപ് കൂട്ടായ്മകളിലൂടെയാണ് ഈ ‘മാങ്ങ സ്നേഹികൾ’ സംഘടിച്ച് പ്രവർത്തിക്കുന്നത്. 2019ലാണ് ‘നാടൻ മാവുകൾ’ ഫേസ്ബുക് ഗ്രൂപ് ആരംഭിച്ചത്. പണ്ട് വീടിനടുത്ത് ‘സർക്കാർ മാങ്ങ’ പേരിൽ അറിയപ്പെട്ട മാവ് വെട്ടിക്കളഞ്ഞപ്പോൾ അനുഭവപ്പെട്ട നഷ്ടബോധമാണ് മാവിനും മാങ്ങക്കും വേണ്ടി സംഘടിക്കാൻ പ്രേരകമായതെന്ന് സംഘാടകരിലൊരാളായ കണിമംഗലം സ്വദേശി സഖിൽ തയ്യിൽ രവീന്ദ്രൻ പറഞ്ഞു. ഇത്രയും വൈവിധ്യം നിറഞ്ഞ മാങ്ങ പ്രദർശനം ലോകത്ത് ആദ്യത്തേതാണെന്നും അദ്ദേഹം അവകാശപ്പെടുന്നു.
കേരളത്തിൽ നൂറിൽതാഴെ മാവിനങ്ങളേയുള്ളൂ എന്ന പൊതുധാരണ തിരുത്തുകയാണ് മേളയുടെ പ്രധാന ലക്ഷ്യം. ‘ഞങ്ങളുടെ കണക്കിൽ 10,000ലധികം മാവിനങ്ങളുണ്ട്. അതിന്റെ ചെറിയൊരു ശതമാനം മാത്രമാണ് ഇവിടെ പ്രദർശനത്തിന് എത്തിച്ചത്. ഈ വൈവിധ്യത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുകയാണ് പ്രധാനം, കേവലം’ -രവീന്ദ്രൻ പറഞ്ഞു.
പ്രദർശിപ്പിച്ച മാങ്ങകൾ മായവും ചേരാത്തതായിരുന്നു. ഹൃദ്യ, ആരോമൽ, ഗോൾഡൻ പൊന്നൂസ്, തിരുവരമ്പ്, തൃശൂർക്കാരൻ എന്നിങ്ങനെ അതത് പ്രദേശങ്ങളിൽ വിളിച്ചുപോരുന്ന തനത് പേരുകളിലുള്ള മാങ്ങകളാണ് ഏറെയും. ഏഴ് കിലോയോളം തൂക്കം വരുന്ന ‘മാംഗോശ്രീ’ ഭീമൻ മേളയിലെ പ്രധാന ആകർഷണമായി മാറി.
ഏറ്റവും കൂടുതൽ ഇനങ്ങൾ; 400ലധികം എത്തിയത് തൃശൂർ ജില്ലയിൽനിന്ന് തന്നെയാണ്. പല ജോലികൾ ചെയ്യുന്നവരാണ് കൂട്ടായ്മയിലെ അംഗങ്ങൾ. മാവിനോടുള്ള സ്നേഹം മാത്രമാണ് അവരെ ഒന്നിപ്പിക്കുന്നത്.
ഒഴിവ് സമയങ്ങളിലാണ് അവർ ഈ ഉദ്യമത്തിന് ഇറങ്ങുന്നത്. അടുത്തവർഷം 2000 വ്യത്യസ്ത ഇനം മാങ്ങകൾ ഉൾപ്പെടുത്തി മേള കൂടുതൽ വിപുലമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് സംഘാടകർ അറിയിച്ചു.
ട്രിച്ചൂർ അഗ്രി-ഹോർട്ടികൾചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ കൃഷിവകുപ്പ്, കാർഷിക സർവകലാശാല, ഇൻഡിജിനസ് മാംഗോ ട്രീ കൺസർവേഷൻ പ്രോജക്ട്, ടി.സി.പി.സി എന്നിവയുടെ സഹകരണത്തോടെയാണ് മേള ഒരുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

