മംഗലംകുളം ജലസേചന പദ്ധതി ഇനിയും യാഥാർഥ്യമായില്ല
text_fieldsപൊയ്യ മംഗലംകുളം
മാള: ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെ ആവിഷ്കരിച്ച പൊയ്യ മടത്തുംപഠി മംഗലംകുളം ജലസേചന പദ്ധതി യാഥാർഥ്യമായില്ല. നേരത്തെ മംഗലംകുളത്തിൽ മോട്ടോർ സ്ഥാപിച്ച് പൂപ്പത്തിയിലേക്ക് പൈപ്പിട്ടിരുന്നു. മോട്ടോർ പ്രവർത്തിപ്പിച്ചപ്പോൾ മണ്ണിനടിയിലെ പൈപ്പുകൾ തകർന്നു. ഇതോടെ ഒരു കോടി രൂപയുടെ പദ്ധതി പാതിവഴിയിലായ സ്ഥിതിയാണ്. പദ്ധതിയുടെ 80 ശതമാനം പൂർത്തിയാക്കിയെന്നാണ് അധികൃതർ അവകാശപ്പെടുന്നത്. 1986ൽ അന്നത്തെ കൃഷി മന്ത്രി അന്തരിച്ച വി.കെ. രാജൻ കൊണ്ടുവന്ന പദ്ധതിയാണിത്. പൊയ്യ പഞ്ചായത്തിലെ പൂപ്പത്തി, താണിശ്ശേരിപാടം, എരട്ടപ്പടി, മഠത്തുംപടി എന്നിവിടങ്ങളിൽ കൃഷിക്ക് വെള്ളം എത്തിക്കുകയായിരുന്നു ലക്ഷ്യം. പൊട്ടിയ പൈപ്പുകൾ പലതവണ നന്നാക്കിയിട്ടും അവിടെത്തന്നെ വീണ്ടും പൊട്ടുകയായിരുന്നു.
പദ്ധതി പ്രവർത്തനക്ഷമമാകുകയും തോടുകളിലൂടെ നീരൊഴുക്ക് ആരംഭിക്കുകയും ചെയ്താൽ പരിസരത്തെ കിണറുകളിൽ ഉറവ് ഉണ്ടാവുകയും കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകുകയും ചെയ്യും. കിഴക്കേ കോളനി തുടങ്ങിയ പ്രദേശങ്ങളിൽ ഇപ്പോൾ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. മംഗലംകുളത്തിൽ സ്ഥാപിച്ച 100 എച്ച്.പി മോട്ടോർ പഴകി, പമ്പ് സെറ്റ് ദ്രവിച്ചു. 2015-16ൽ ലക്ഷങ്ങൾ വകയിരുത്തി കുളത്തിന്റെ ആഴം കൂട്ടി സംരക്ഷണ ഭിത്തി നിർമിച്ചിരുന്നു. പാഴായ പദ്ധതിയിൽ പണം അനുവദിച്ചതിനെതിരെ വൻ ജനരോഷമാണുയർന്നത്. ഇതിനെതിരെ വിജിലൻസ് അന്വേഷിക്കണമെന്നും ആവശ്യമുയർന്നു. പദ്ധതി പ്രവർത്തനക്ഷമമാക്കുമെന്ന് പഞ്ചായത്ത് ഉറപ്പ് നൽകിയാണ് സമരം അവസാനിപ്പിച്ചത്. ഗുണനിലവാരം കുറഞ്ഞ പൈപ്പുകൾ ഉപയോഗിച്ചതാണ് പൊട്ടാൻ കാരണമെന്ന ആരോപണവുമുണ്ട്. പ്രതീക്ഷ അസ്മമിച്ച പദ്ധതി പതിറ്റാണ്ടുകൾക്ക് ശേഷം വിജിലൻസ് അന്വേഷണത്തിൽ എത്തിനിൽക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

