മനക്കൊടി വാരിയം കോൾപടവ്; വെള്ളം ഒഴുകിയെത്തുന്നത് തടയാൻ നടപടി
text_fieldsവാരിയം കോൾപടവിലെ വെള്ളമൊഴുക്ക് സംബന്ധിച്ച് ജനപ്രതിനിധികളും കെ.എൽ.ഡി.സി,
ഇറിഗേഷൻ ഉദ്യോഗസ്ഥരും തമ്മിലുണ്ടായ വാക്കേറ്റം
അരിമ്പൂർ: കർഷകരുടെ ശക്തമായ പ്രതിഷേധത്തെത്തുടർന്ന് മനക്കൊടി വാരിയം കോൾപടവിലേക്ക് വെള്ളം ഒഴുകിയെത്തുന്നത് തടയാൻ നടപടിയുമായി കെ.എൽ.ഡി.സിയും ഇറിഗേഷൻ വകുപ്പും. രണ്ടു ദിവസത്തിനകം താൽക്കാലിക സംരക്ഷണഭിത്തി നിർമിച്ചും കുളവാഴകൾ നീക്കം ചെയ്തും പ്രശ്നത്തിന് പരിഹാരം കാണാനാണ് ശ്രമം.
മനക്കൊടി-പുള്ള് ബണ്ടിലെ പി.ഡബ്ല്യു.ഡി റോഡിലൂടെ ഇറിഗേഷൻ കനാൽ കവിഞ്ഞ് വെള്ളം വാരിയം കോൾപടവിലേക്ക് ഒഴുകിത്തുടങ്ങിയിട്ട് നാളുകളായി. കനത്ത മഴയിൽ ഒഴുക്ക് കൂടി. ഇതിന് പരിഹാരം കാണാൻ കെ.എൽ.ഡി.സിയോ ഇറിഗേഷൻ ഡിപ്പാർട്മെന്റോ ശ്രമിച്ചില്ല.
ഇതുമൂലം ആഗസ്റ്റിൽ കൃഷിയിറക്കേണ്ട പടവിൽ വെള്ളം ഒഴിയാത്തതിനാൽ കൃഷിയിറക്കാനായിട്ടില്ല. പാടശേഖരത്തോട് ചേർന്ന റോഡ് ഒരു വർഷത്തോളം മുമ്പ് ഭാരവാഹനങ്ങളുടെ സഞ്ചാരം മൂലം 200 മീറ്ററോളം താഴ്ന്നതായി കർഷകർ പറയുന്നു. ഇവിടെ രണ്ടടിയെങ്കിലും റോഡ് ഉയർത്തണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയിട്ട് നാളുകളായി.
ഇറിഗേഷൻ കനാലുകളിൽ കുളവാഴകൾ നിറഞ്ഞതാണ് വെള്ളം നിറഞ്ഞുകവിഞ്ഞ് ഒഴുകാൻ കാരണം. ചാലുകൾ വൃത്തിയാക്കാൻ കരാറെടുക്കുന്നവർ കൃത്യമായി കുളവാഴകൾ നീക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമായി കർഷകർ ആരോപിക്കുന്നത്.
മഴ കനത്തതോടെ പടവിലേക്ക് വെള്ളം ഒഴുകുന്നതിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശിധരൻ, അരിമ്പൂർ പഞ്ചായത്ത് പ്രസിഡന്റ് സ്മിത അജയകുമാർ, വൈസ് പ്രസിഡന്റ് സി.ജി. സജീഷ്, ജനപ്രതിനിധികളായ കെ. രാഗേഷ്, ഷിമി ഗോപി, പാടശേഖര സമിതി സെക്രട്ടറി കെ.കെ. അശോകൻ എന്നിവരുടെ നേതൃത്വത്തിൽ സ്ത്രീകളടക്കം തൃശൂരിലെ ജലസേചന വിഭാഗം എക്സി. എൻജിനീയറുടെ ഓഫിസിലെത്തി പ്രതിഷേധിച്ചു.
തുടർന്ന് ഇറിഗേഷൻ മേജർ സബ് ഡിവിഷൻ എ.എക്സ്.ഇ എം.എൻ. സജിത്ത്, അസി. എൻജിനീയർ ടി.എ. സിബു, കെ.എൽ.ഡി.സി എൻജിനീയർ ഷാജി എന്നിവർ പാടശേഖരത്തിലെത്തി ചർച്ച നടത്തി.
ഇതിനിടെ, ജനപ്രതിനിധികളും കെ.എൽ.ഡി.സി, ഇറിഗേഷൻ ഉദ്യോഗസ്ഥരും തമ്മിൽ വാക്കേറ്റമുണ്ടായി. കർഷകരുടെ ശക്തമായ പ്രതിഷേധത്തിനൊടുവിൽ രണ്ടു ദിവസത്തിനകം വെള്ളം ഒഴുകുന്ന ഭാഗത്ത് മണൽച്ചാക്കുകൾ നിറച്ച് സംരക്ഷണഭിത്തി ഒരുക്കാമെന്ന് കെ.എൽ.ഡി.സിയും പെരുമ്പുഴ മുതൽ കൊടയാട്ടി വരെ ഒരു കി.മീ. കനാലിലെ കുളവാഴകൾ ജങ്കാറുകളിൽ എക്സ്കവേറ്റർ ഉപയോഗിച്ച് വൃത്തിയാക്കാമെന്ന് ഇറിഗേഷൻ ഉദ്യോഗസ്ഥനും ഉറപ്പ് നൽകിയതിനെ തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

