കിണറ്റില്‍ കണ്ട മൃതദേഹം കൊലപാതകം; പ്രതി പിടിയില്‍
text_fieldsവിനയന്
തൃശൂര്‍: കിണറ്റില്‍ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം. ഈമാസം എട്ടിന് കൂര്‍ക്കഞ്ചേരി തങ്കമണി കയറ്റത്തിന് സമീപത്തെ പറമ്പിലെ കിണറ്റില്‍ ഊരകം വല്ലച്ചിറ സ്വദേശിയായ നായരുപറമ്പില്‍ വീട്ടില്‍ തങ്കപ്പന്റെ മകന് സന്തോഷ് (54) എന്നയാളുടെ മൃതദേഹം കണ്ടെത്തിയ സംഭവമാണ് ഈസ്റ്റ് പൊലീസിന്റെ അന്വേഷണത്തില്‍ കൊലപാതകമാണെന്ന് തെളിഞ്ഞത്.
സംഭവത്തില്‍ തൃശൂര്‍ വെളുത്തൂര്‍ പറക്കാട് സ്വദേശി പൊറക്കോട്ട് വീട്ടില്‍ വിനയനെ (36) പൊലീസ് അറസ്റ്റ് ചെയ്തു.
നാല് ദിവസത്തോളം പഴക്കമുള്ള ദുര്‍ഗന്ധം വന്ന് പുഴു അരിച്ചു തുടങ്ങിയ രീതിയിലാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളം കുടിച്ച് മരിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം. മൃതദേഹത്തില്‍ ഉണ്ടായിരുന്ന വസ്ത്രത്തിന്റെ പോക്കറ്റില്‍നിന്ന് ലഭിച്ച ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ മരിച്ച ആളുടെ വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. തുടര്‍ന്ന് പ്രത്യേക അന്വേഷണസംഘം സംഭവസ്ഥലം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ബിവറേജസ് ബില്ല് ലഭിച്ചു.
പിന്നീട് ബില്ലിന്റെ സമയത്തിന്റെ അടിസ്ഥാനത്തില്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് ബീവറേജസില്‍ എത്തിയത് മരണപ്പെട്ട ആള് തന്നെയെന്ന് കണ്ടെത്തി. തുടരന്വേഷണത്തില്‍ മരിച്ചയാള്‍ക്കൊപ്പം മറ്റുള്ളവരും ഉണ്ടായിരുന്നെന്ന് കണ്ടെത്തുകയും തുടര്‍ന്നുള്ള ചോദ്യംചെയ്യലിൽ പണവുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് വ്യക്തമാവുകയും പ്രതിയെ ഗുരുവായൂരില്‍നിന്ന് പിടികൂടുകയും ചെയ്തു.
കമീഷണര്‍ ആര്. ഇളങ്കോയുടെ നിര്‍ദേശപ്രകാരം തൃശൂര്‍ എ.സി.പി സലീഷ് എന്‍. ശങ്കരന്റെ നേതൃത്വം നല്കിയ അന്വേഷണസംഘത്തില്‍ ഈസ്റ്റ് ഇന്‍സ്പെക്ടര്‍ എം.ജെ. ജിജോ, എസ്.ഐമാരായ ബിബിന്‍ പി. നായര്‍, അനില്‍കുമാര്‍, അനുശ്രീ, എ.എസ്.ഐ ദുര്‍ഗാലക്ഷ്മി, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ വിമല്‍ ഹരീഷ്, ദീപക്, സൂരജ്, അജ്മല്‍, നസീബ് എന്നിവരാണ് ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

