വാഹന പരിശോധനക്കിടെ പൊലീസുകാരനെ ഇടിച്ചുവീഴ്ത്തി ഓട്ടോയുമായി രക്ഷപ്പെട്ടയാൾ പിടിയിൽ
text_fieldsഷനീഷ്
പഴയന്നൂർ: വാഹന പരിശോധനക്കിടെ പൊലീസുകാരനെ കൈമുട്ടുകൊണ്ട് ഇടിച്ചുവീഴ്ത്തി ഓട്ടോറിക്ഷയുമായി രക്ഷപ്പെട്ടയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
ചെറുതുരുത്തി നെടുമ്പുര വെള്ളങ്ങാലിൽ വീട്ടിൽ ഷനീഷ് (29) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് സൗത്ത് കൊണ്ടാഴി ഭാഗത്ത് എസ്.ഐയും സംഘവും വാഹനപരിശോധന നടത്തുന്നതിനിടെയാണ് സംഭവം.
സിവിൽ പൊലീസ് ഓഫിസർ ഡിജോ പ്രതിയുടെ പേരും മേൽവിലാസവും എഴുതുന്നതിനിടെ ഇയാൾ പെട്ടെന്ന് ഓട്ടോറിക്ഷ മുന്നോട്ടെടുക്കുകയും ഓട്ടോയിലിരുന്ന് കൈമുട്ടുകൊണ്ട് ഡിജോയെ ഇടിച്ചുവീഴ്ത്തുകയുമായിരുന്നു. വീഴ്ചയിൽ ഡിജോയുടെ വലതു കൈ മുട്ടിനും വലതു ഷോൾഡറിനും തലയിലും പരിക്കേറ്റു. അരക്കിലോമീറ്ററോളം ഓട്ടോറിക്ഷ പിന്തുടർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

