മുന്നറിയിപ്പ് മുഖവിലക്കെടുത്തു; നേപ്പാൾ പ്രളയത്തിൽനിന്ന് രക്ഷപ്പെട്ട് മലയാളി സംഘം
text_fieldsപെരിന്തൽമണ്ണ: നേപ്പാളിലെ പ്രളയബാധിത മേഖലയിൽ വൻ ദുരന്തത്തിൽനിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് മലയാളി സംഘം. പെരിന്തൽമണ്ണ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗോ ഹോളിഡേയ്സിന്റെ നേതൃത്വത്തിലുള്ള ഒമ്പതംഗ യാത്രാസംഘമാണ് രക്ഷപ്പെട്ടത്. താഴെക്കോട് സ്വദേശി ഹബീബ് ഒടുവിലിന്റെ നേതൃത്വത്തിൽ ആഗസ്റ്റ് 21ന് നാട്ടിൽനിന്ന് പുറപ്പെട്ട സംഘത്തിൽ നാലു സ്ത്രീകളടക്കം തൃശൂർ ജില്ലയിൽനിന്നുള്ളവരാണ് ഉണ്ടായിരുന്നത്.
നേപ്പാളിലെ ഗന്ദ്രുക്കിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് സംഘം പ്രളയത്തിൽ പെട്ട് പ്രതിസന്ധിയിലായത്. ഗന്ദ്രുക്കിൽ എത്തുന്നതിന് മുമ്പ് മോദി നദിയിലുണ്ടായ ശക്തമായ വെള്ളപ്പൊക്കത്തെത്തുടർന്ന് പ്രദേശത്തെ റോഡുകൾ തകർന്നിരുന്നു. ഇതോടെ ഗന്ദ്രുക്കിലേക്കുള്ള യാത്ര ഉപേക്ഷിക്കാൻ സംഘം തീരുമാനിക്കുകയായിരുന്നു.
അപ്പോഴും ദുരന്തത്തിന്റെ വ്യാപ്തി സംഘം അറിഞ്ഞിട്ടുണ്ടായിരുന്നില്ല. തുടർന്ന്, സംഘം പൊഖാറയിലേക്ക് യാത്രതിരിച്ച് സുരക്ഷിതമായി അവിടെയെത്തി. എന്നാൽ, സംഘം പൊഖാറയിലെത്താൻ ഉപയോഗിച്ച യാത്രാമാർഗം പിന്നീട് ശക്തമായ പ്രളയത്തിൽ തകർന്നതായി വിവരം ലഭിച്ചു. ത്രിശൂലി നദിയിലുണ്ടായ ശക്തമായ ജലപ്രവാഹമാണ് പ്രദേശത്ത് സ്ഥിതിഗതികൾ ഗുരുതരമാക്കിയതെന്ന് സംഘത്തിൽ ഉൾപ്പെട്ടവർ അറിയിച്ചു.
പൊഖാറയിൽനിന്ന് സുരക്ഷിതമായ മറ്റൊരു മേഖലയായ ആസ്ട്രേലിയൻ ക്യാമ്പിലേക്ക് സംഘം മാറി. പ്രദേശം സുരക്ഷിതമാണെന്ന് ഉറപ്പാക്കിയതിനെത്തുടർന്ന് സംഘം അവിടെ തങ്ങി. ശേഷം പൊഖാറയിലേക്ക് തിരിച്ചെത്തിയ സംഘം അതിർത്തിയിലെത്തി രാത്രിയോടെ നാട്ടിലേക്ക് തിരിക്കുമെന്നാണ് അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

