തൃശൂർ വിജയത്തിലെ മലപ്പുറം ടച്ച്
text_fieldsഉണ്ണികൃഷ്ണൻ
തൃശൂർ: തൃശൂരിൽ സുരേഷ് ഗോപി വിജയിക്കുമ്പോൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാൻപിടിച്ച ഒരു മലപ്പുറത്തുകാരനുണ്ട്. 2019 ലോക്സഭ തെരഞ്ഞെടുപ്പിൽ മലപ്പുറം ലോക്സഭ മണ്ഡലത്തിൽനിന്നും മത്സരിച്ച തിരൂർ കന്മനം സ്വദേശിയായ വി. ഉണ്ണികൃഷ്ണൻ. ബി.ജെ.പി പാലക്കാട് മേഖല അധ്യക്ഷനായ ഉണ്ണികൃഷ്ണനെയാണ് എം.ടി. രമേശ് ക്ലസ്റ്റർ ഇൻചാർജ് ആയി പോയപ്പോൾ സംസ്ഥാന ഘടകം തൃശൂർ ലോക്സഭ ഇൻചാർജ് ആയി നിശ്ചയിച്ചത്. തൃശൂർ ജില്ല പ്രഭാരികൂടിയായ ഉണ്ണികൃഷ്ണൻ കഴിഞ്ഞ ആറുമാസമായി തൃശൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുകയാണ്. നാലുമാസത്തോളം തൃശൂരിൽ താമസിച്ചാണ് സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പിന് കരുനീക്കിയത്. എ.ബി.വി.പി, ദേശീയ അധ്യാപക പരിഷത്ത്, എഫ്.ഇ.ടി.ഒ എന്നീ സംഘടനകളുടെ സംസ്ഥാന അധ്യക്ഷനായി പ്രവർത്തിച്ചിട്ടുണ്ട്. റിട്ട. അധ്യാപകനായ ഉണ്ണികൃഷ്ണൻ ഇപ്പോൾ മുഴുസമയ പൊതുപ്രവർത്തകനാണ്.

