മാള മൗലവിക്ക് നാടിന്റെ യാത്രാമൊഴി
text_fieldsമാള ഐ.എസ്.ടിയിൽ ജമാഅത്തെ ഇസ്ലാമി അമീർ പി. മുജീബ് റഹ്മാൻ അന്ത്യോപചാരം
അർപ്പിച്ച് സംസാരിക്കുന്നു
മാള: ജമാഅത്തെ ഇസ്ലാമി നേതാവ് ടി.എ. മുഹമ്മദ് മൗലവിക്ക് (മാള മൗലവി) നാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. വൈകീട്ട് 3.30 മുതൽ മാള ഐ.എസ്.ടിയിൽ പൊതുദർശനത്തിനുവെച്ച ഭൗതികശരീരത്തിൽ അന്ത്യോപചാരമർപ്പിക്കാൻ നൂറുകണക്കിന് പേർ ഒഴുകിയെത്തി. ആലപ്പുഴ നീർക്കുന്നം സ്വദേശിയായ മുഹമ്മദ് മൗലവി കച്ചവടാവശ്യാർഥമാണ് മാളയിൽ എത്തിയത്. മാള ടൗണിലെ ആസാദ് ടീ സ്റ്റോഴ്സ് ഉടമയായിരുന്നു. ജമാഅത്തെ ഇസ്ലാമി മാള ഏരിയ ഓർഗനൈസർ, തൃശൂർ, പാലക്കാട് ജില്ല പ്രസിഡന്റ്, സംസ്ഥാന ശൂറ അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. അറിയപ്പെട്ട പ്രഭാഷകനും ഖതീബുമായിരുന്നു.
കായംകുളം ഹസനിയ അറബി കോളജിൽ പഠനം പൂർത്തിയാക്കിയ അദ്ദേഹം പഠനകാലത്ത് കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായിരുന്നു. തോപ്പിൽഭാസി, മുൻ മന്ത്രി ഇമ്പിച്ചിബാവ എന്നിവരുമായി അടുത്ത സൗഹൃദം പുലർത്തി. മാളയിൽ എത്തിയശേഷം മുൻ മുഖ്യമന്ത്രി കെ. കരുണാകരനുമായി വലിയ അടുപ്പം പുലർത്തിയിരുന്നു. മുൻ മന്ത്രി വി.കെ. രാജൻ, മാള അരവിന്ദൻ, കോൺഗ്രസ് നേതാക്കളായ വർഗീസ് പെരേപ്പാടൻ, ടി.യു. രാധാകൃഷ്ണൻ, ശബരിമല മുൻ മേൽശാന്തി ജയരാജ് പോറ്റി, കോഴിക്കോട് ആർച് ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ, മേക്കാട് മന ജാതവേദൻ നമ്പൂതിരി തുടങ്ങിയവരടക്കം വലിയ സൗഹൃദവലയത്തിന്റെ ഉടമയായിരുന്നു.
എം.പിമാരായ ബെന്നി ബഹനാൻ, ടി.എൻ. പ്രതാപൻ, വി.ആർ. സുനിൽകുമാർ എം.എൽ.എ, ജമാഅത്തെ ഇസ്ലാമി അമീർ പി. മുജീബ് റഹ്മാൻ, അസി. അമീർ എം.കെ. മുഹമ്മദാലി, എം.ഐ. അബ്ദുൽ അസീസ്, ശൈഖ് മുഹമ്മദ് കാരകുന്ന്, വി.കെ. അലി, സി.ടി. ശുഹൈബ്, ഹഖീം നദ്വി, പി.ഐ. നൗഷാദ്, ടി.കെ. ഫാറൂഖ്, ശിഹാബ് പൂക്കോട്ടൂർ, നഹാസ് മാള, കെ.ടി. ഹുസൈൻ, ഫൈസൽ കൊച്ചി, ഹമീദ് വാണിയമ്പലം, അസൂറ അലി, എം.കെ. അസ്ലം, ഒ. അബ്ദുറഹ്മാൻകുട്ടി, അബ്ദുറഹ്മാൻ വളാഞ്ചേരി, ഷഹീർ മൗലവി, മൂസ മൗലവി, ശാക്കിർ വേളം തുടങ്ങിയവർ അന്ത്യോപചാരമർപ്പിക്കാൻ എത്തി. വൈകീട്ട് ഏഴിന് മാള ജുമാ മസ്ജിദ് ഖബർസ്ഥാനിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഖബറടക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

