വൈദ്യുതി ലൈനിൽ തട്ടി വൈക്കോൽ ലോറിക്ക് തീപിടിച്ചു
text_fieldsചെറുവാളൂർ മൃഗാശുപത്രിപ്പടിയിൽ തീപിടിച്ച വൈക്കോൽ ലോറി
ചാലക്കുടി: റോഡിലെ വൈദ്യുതിലൈനിൽ തട്ടി വൈക്കോൽ ലോഡുമായി പോകുന്ന ലോറിക്ക് തീപിടിച്ചു. ചാലക്കുടിയിലെ അഗ്നിരക്ഷാസേനാംഗങ്ങൾ തീയണച്ചു. വെള്ളിയാഴ്ച രാവിലെ 10 ഓടെ കാടുകുറ്റി പഞ്ചായത്തിലെ വാർഡ് 12ൽ ചെറുവാളൂർ മൃഗാശുപത്രിപ്പടിയിലാണ് അപകടം. 2,000 കെട്ട് വൈക്കോലാണ് ലോറിയിൽ ഉണ്ടായിരുന്നത്. കൂടുതൽ വൈക്കോൽ കയറ്റാൻ സുരക്ഷാ നിർദേശങ്ങൾ മറന്ന് ഉയരത്തിലും വീതിയിലുമാണ് വൈക്കോൽ കെട്ടുകൾ ലോറിയിൽ കുത്തിനിറച്ചിരുന്നത്. വൈക്കോൽ കൂനകൾ വൈദ്യുത ലൈനിൽ ഉരസിയതോടെ തീപിടിച്ചു
കത്തി. പുക ഉയരുന്നെന്ന് വഴിയരികിലുള്ളവർ വിളിച്ചു പറഞ്ഞു. വാഹനം നിർത്തിയെങ്കിലും തീ കൂടുതൽ പടർന്നു പിടിക്കുകയായിരുന്നു. ഉടൻ അഗ്നിരക്ഷാസേനയെ അറിയിച്ചു. ഒരു മണിക്കൂർ നീണ്ട കഠിന പരിശ്രമത്തിനൊടുവിലാണ് തീ കെടുത്താൻ കഴിഞ്ഞത്. വാഹനത്തിലേക്ക് തീ കൂടുതൽ പടരാതെ തടയാനായി. വൈക്കോൽ ഏറെക്കുറെ കത്തിനശിച്ചു. മുൻകരുതലായി മാള സ്റ്റേഷനിൽനിന്ന് വാഹനവും സേനാംഗങ്ങളും സഹായത്തിനായി എത്തിയിരുന്നു.
ചാലക്കുടി സ്റ്റേഷൻ ഓഫിസർ പി.ജി. ദിലീപ് കുമാർ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ടി. സന്തോഷ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ പി.ഒ. വർഗീസ്, വി.ടി. ഹരിലാൽ, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ പി.ആർ. രതീഷ്, ശ്യാം മോഹൻ, അനിൽ മോഹൻ, രോഹിത് കെ. ഉത്തമൻ, സുരാജ് കുമാർ, അഖിൽ ആർ. നായർ, പി.എസ്. മിഥുൻ, ഹോം ഗാർഡുമാരായ ടി.എ. ജോസ്, കെ.എസ്. അശോകൻ എന്നിവരും തീയണച്ച സംഘത്തിൽ ഉണ്ടായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.