കക്കൂസ് മാലിന്യം തള്ളിയ ലോറികൾ പൊലീസ് കസ്റ്റഡിയിൽ
text_fieldsഅന്തിക്കാട് പൊലിസ് കസ്റ്റഡിയിലെടുത്ത ടാങ്കർ ലോറികൾ
കാഞ്ഞാണി: പെരുമ്പുഴയിൽ റോഡരികിൽ കക്കൂസ് മാലിന്യം തള്ളിയ രണ്ട് ലോറികൾ ഒടുവിൽ അന്തിക്കാട് പൊലീസ് പിടിച്ചെടുത്തു. സ്വകാര്യ ആംബുലൻസ് ഡ്രൈവർ പിന്തുടർന്ന് പകർത്തിയ ദൃശ്യങ്ങളാണ് പിടികൂടാൻ സഹായകമായത്. തൃശൂർ-വാടാനപ്പള്ളി സംസ്ഥാനപാതയിലെ പെരുമ്പുഴയിൽ കക്കൂസ് മാലിന്യം തള്ളുന്നത് വർധിച്ചിട്ടും ടാങ്കർ ലോറികൾ പിടികൂടാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. മാലിന്യം വെള്ളം നിറഞ്ഞ പാടത്ത് ഒഴുകുകയാണ്.
ഇതിനിടയിലാണ് പാമ്പുകടിയേറ്റ കുട്ടിയെ തൃശൂരിലെ ആശുപത്രിയിലെത്തിച്ച് മടങ്ങിയ ആംബുലൻസ് പ്രവർത്തകർ പെരുമ്പുഴ പാടത്ത് പുലർച്ച ടാങ്കർ ലോറിയിൽനിന്ന് ജലാശയത്തിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കുന്നത് കണ്ടത്. ഇതുകണ്ട് ആംബുലൻസ് റോഡിൽ തിരിക്കുകയും ലോറിയുടെ അടുത്തേക്ക് എത്തിയെങ്കിലും ലോറി അമിതവേഗത്തിൽ ചീറിപ്പാഞ്ഞു. മൂന്നുകിലോമീറ്റർ ദൂരം ലോറിയെ പിന്തുടർന്ന് എറവ് കപ്പൽ പള്ളിക്കും അരിമ്പൂരിനും ഇടയിൽ ലോറിയുടെ നമ്പർ ആംബുലൻസിലെ ഗാർഡ് വിഡിയോയിൽ പകർത്തി. ഇതുപ്രകാരം മണലൂർ പഞ്ചായത്ത് പൊലീസിൽ പരാതി നൽകിയിരുന്നു.
ദൃശ്യം ആംബുലൻസ് ഡ്രൈവറും പൊലീസിന് നൽകി. എന്നിട്ടും അടുത്ത ദിവസം രണ്ടു ലോറികളിൽ മാലിന്യം തള്ളി. സംഭവവുമായി ‘മാധ്യമം’ രണ്ട് തവണ വാർത്ത നൽകിയിരുന്നു. മാലിന്യം തള്ളുന്നത് വർധിച്ചിട്ടും നടപടി ഉണ്ടാകാതെ വന്നതോടെ മാലിന്യം ഒഴുക്കുന്ന ടാങ്കർ ലോറി പിടികൂടാൻ നാട്ടുകാർ രാത്രി ഉറക്കമൊഴിച്ച് കാത്തിരിക്കുകയായിരുന്നു.
മനക്കൊടി പ്രദേശത്ത് മാലിന്യം തട്ടാൻ എത്തിയപ്പോൾ നാട്ടുകാർക്ക് ചേർന്ന് ലോറി തടഞ്ഞു. തുടർന്ന് പൊലീസിനെ വിളിച്ചു വരുത്തുകയായിരുന്നു. രണ്ടു ലോറികൾ പൊലീസ് കസ്റ്റഡിയിലെടുത്തു. അതിൽ ഒരു ലോറി ആംബുലൻസ് ഡ്രൈവർമാർ വിഡിയോയിൽ പകർത്തിയ ലോറിയായിരുന്നു. മാലിന്യം തള്ളുന്നത് സംബന്ധിച്ച് നിരവധി വാർത്തകൾ പുറത്തുവന്നിട്ടും അന്തിക്കാട് പൊലീസിന്റെ നിരുത്തരവാദപരമായ സമീപനത്തിനെതിരെ വ്യാപക പരാതികൾ ഉയർന്നിരുന്നു.
സംസ്ഥാനപാതയിൽ ഒരു വർഷത്തോളമായി നാലോളം ലോറികൾ പെരുമ്പുഴയിൽ സജീവമായി കക്കൂസ് മാലിന്യം തട്ടിയിട്ടും അന്തിക്കാട് പൊലീസിന് ഇതൊന്നും കണ്ടെത്താനായില്ല. ലോറികൾ പിടിച്ചപ്പോൾ ഇവരുമായി ബന്ധപ്പെട്ട ആളുകളുടെ നിരന്തര സമ്മർദം പഞ്ചായത്തുകളിൽ ചെല്ലുന്നുണ്ട്. ഒരു ചെറുതരി പോലും പിന്നാക്കം ഇല്ല എന്നാണ് അരിമ്പൂർ പഞ്ചായത്തിന്റെ നിലപാട്. എന്നാൽ, പൊലീസ് വണ്ടി കണ്ടെത്തിയാൽ മാത്രമാണ് നടപടിയെടുക്കാൻ പറ്റുകയുള്ളൂ എന്നാണ് മണലൂർ പഞ്ചായത്ത് നിലപാട്. പൊതുജലാശയങ്ങൾ അടക്കമുള്ളവ മലിനപ്പെടുത്തിയ വാഹനത്തിന്റെ പെർമിറ്റ് കട്ട് ചെയ്യുന്നത് ഉൾപ്പെടെ നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

