ചൂടോടെ വോട്ടുപിടിത്തം
text_fieldsതൃശൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി കെ. മുരളീധരന്
ധീവരസഭ തൊപ്പിയും പങ്കായവും സമ്മാനിച്ചപ്പോൾ
തൃശൂർ: തൈക്കാട്ടുശേരി പൂരത്തിൽ പങ്കെടുത്തും ഒറാംപാടത്ത് റാഗി കൃഷിക്ക് വിത്തെറിഞ്ഞും ഒല്ലൂർ നിയോജക മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥി വി.എസ്. സുനിൽ കുമാറിന്റെ മൂന്നാംഘട്ട പര്യടനം. മന്ത്രി കെ. രാജനും എൽ.ഡി.എഫ് നേതാക്കൾക്കുമൊപ്പമാണ് സ്ഥാനാർഥി പര്യടനം നടത്തിയത്.
രാവിലെ തൈക്കാട്ടുശേരി ശ്രീ ദുർഗാദേവി ക്ഷേത്രത്തിലെ പൂരത്തിൽ പങ്കെടുത്ത സുനിൽകുമാർ, അവിടെ വെച്ച് മേള പ്രമാണി പെരുവനം കുട്ടൻമാരാരെ പൊന്നാട അണിയിച്ച് ആദരിച്ചു. തുടർന്ന്, വിവിധ സ്ഥാപനങ്ങൾ സന്ദർശിച്ച് വോട്ടഭ്യർഥിച്ചു. മഹാത്മാഗാന്ധി യൂനിവേഴ്സിറ്റിയിൽനിന്ന് ഡോക്ടറേറ്റ് നേടിയ സിജി സന്തോഷിനെ ആദരിച്ചശേഷം നേരെ പോയത് ഒറയംപാടത്തേക്കാണ്. അവിടെ റാഗി കൃഷി വിത്ത് വിതച്ചു ഉദ്ഘാടനം ചെയ്തു.
തുടർന്ന് വിവിധ സ്ഥലങ്ങളിലെത്തിയ സ്ഥാനാർഥിക്ക് ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. പട്ടാളക്കുന്ന് നിവാസികളും മണ്ണുത്തി സെന്ററിലെ ഓട്ടോ തൊഴിലാളികളും പൂച്ചെട്ടി നിവാസികളും വലക്കാവ് സെന്റർ നിവാസികളും സ്വീകരണം നൽകി. രാത്രി ഏറെ വൈകിയാണ് ഒല്ലൂർ നിയോജകമണ്ഡലത്തിലെ പര്യടനം പൂർത്തിയായത്. ബുധനാഴ്ച പുതുക്കാട് മണ്ഡലത്തിലാണ് പര്യടനം.
തൃശൂർ: ലോക്സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി കെ. മുരളീധരന്റെ ചൊവ്വാഴ്ചയിലെ പര്യടനം നാട്ടിക മണ്ഡലത്തിലായിരുന്നു. രാവിലെ എടമുട്ടം സെന്ററിൽ എത്തിയപ്പോൾ പ്രവർത്തകർ ആവേശ സ്വീകരണമാണ് നൽകിയത്.
തുടർന്ന് എടമുട്ടം സെൻട്രലിലെ കടകളിലും വ്യാപാര സ്ഥാപനങ്ങളിലും വോട്ട് അഭ്യർഥിച്ചു തുടർന്ന് കഴിമ്പ്രം എസ്.എൻ.ഡി.പി യോഗം ഹയർ സെക്കൻഡറി സ്കൂൾ, കോതകുളം ടൗൺ, വലപ്പാട് ചന്തപ്പടി, മീഞ്ചന്ത തുടങ്ങിയ സ്ഥലങ്ങളിലും വോട്ടർമാരെ കണ്ടു. നാട്ടിക ഗവ. ഫിഷറീസ് ഹയർ സെക്കൻഡറി സ്കൂളിലേക്കുള്ള യാത്രയിൽ അമ്മ സദസിലെ സ്ത്രീകൾ ആരതി ഉഴിഞ്ഞാണ് സ്ഥാനാർഥിയെ വരവേറ്റത്.
തുടർന്ന് നാട്ടിക ബീച്ച്, നാട്ടിക വെസ്റ്റ് കെ.എം.യു.പി സ്കൂൾ, കുടുംബാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ വോട്ടഭ്യർഥിച്ചു. തളിക്കുളം കോൺഗ്രസ് ഹൗസിൽ എത്തിയ സ്ഥാനാർഥിയെ പൂർണകുംഭം നൽകിയാണ് എതിരേറ്റത്. തുടർന്ന് സെൻട്രൽ സ്കൂൾ തളിക്കുളം, തളിക്കുളം ജുമാമസ്ജിദ് എന്നിവിടങ്ങളിലും സന്ദർശനം നടത്തി.
മുറ്റിച്ചൂർ ജുമാമസ്ജിദ് സന്ദർശിക്കുകയും ജമാലുദ്ദീൻ അഹമ്മദ് ഖാദരിയുടെ മഖാം സന്ദർശിച്ച് പ്രാർഥിക്കുകയും ചെയ്തു. തുടർന്ന് പുത്തൻപീടിക സെന്റ് ആന്റണീസ് ചർച്ച്, പുത്തൻപീടിക ബാങ്ക് ഓഫ് ഇന്ത്യ, പെരിങ്ങാട്ടുകര നമ്പൂതിരി യോഗക്ഷേമസഭ ബാങ്ക്, അന്തിക്കാട് പഞ്ചായത്ത് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് തുടങ്ങിയ സ്ഥലങ്ങളിലും എത്തി വോട്ട് തേടി.
ധീവരസഭ സംസ്ഥാന സെക്രട്ടറി പി.വി. ജനാർദ്ദനനെ സന്ദർശിച്ച് വോട്ട് അഭ്യർത്ഥിച്ചു. പിന്നീട് സംവിധായകൻ സത്യൻ അന്തിക്കാടിന്റെ വസതിയിലും സന്ദർശനം നടത്തി. ഉച്ചക്ക് ശേഷം പഴുവിൽ ശ്രീ ഗോകുലം പബ്ലിക് സ്കൂൾ സന്ദർശിച്ച് വോട്ട് അഭ്യർഥിച്ചു.
തുടർന്ന് ചിറക്കൽ സാന്തോം വൈദിക മന്ദിരത്തിൽ എത്തി റവ. ഫാ. ജിന്റോ പെരപ്പാടനെ സന്ദർശിച്ചു അനുഗ്രഹം വാങ്ങി. പഴുവിൽ സെൻട്രൽ ജുമാമസ്ജിദിൽ എത്തിയപ്പോൾ സി.പി.എമ്മിൽനിന്ന് കോൺഗ്രസിലേക്ക് വന്ന ഷറഫുദ്ദീൻ വലിയകത്തിനെ ഷാൾ അണിയിച്ചു സ്വീകരിച്ചു. ബുധനാഴ്ച ഒല്ലൂർ മണ്ഡലത്തിലാണ് പര്യടനം.
ധീവരസഭ പ്രവർത്തകർ മുരളീധരന് മത്സ്യത്തൊഴിലാളികളുടെ തൊപ്പിയും പങ്കായവും സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

