വോട്ടർമാരെ, നമ്മുടെ പ്രിയങ്കരനായ സ്ഥാനാർഥി...
text_fieldsതൃശൂർ ലോക്സഭ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി കെ. മുരളീധരൻ താണിക്കുടം മേഖലയിൽ നടത്തിയ പര്യടനം
തൃശൂർ: ലോക്സഭ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥിക്ക് പതിവുപോലെ തിരക്കുപിടിച്ച് പ്രചാരണ പര്യടന ദിനമായിരുന്നു ശനിയാഴ്ച. ഒല്ലൂർ മണ്ഡലത്തിലായിരുന്നു പര്യടനം. മാടക്കത്തറ പഞ്ചായത്തിലെ താണിക്കുടം ക്ഷേത്രത്തിൽനിന്ന് രാവിലെ ഏഴരക്ക് തുടങ്ങി മണ്ണുത്തി മണ്ഡലത്തിൽ അന്നത്തെ പ്രചാരണം അവസാനിപ്പിക്കുമ്പോൾ രാത്രി ഏറെ വൈകി.
താണിക്കുടം ശ്രീഭഗവതി ക്ഷേത്ര ദർശനത്തോടെയായിരുന്നു തുടക്കം. പേര ഭഗവതി ക്ഷേത്രം, സെൻറ് മേരീസ് യാക്കോബായ സുറിയാനി പള്ളി, സെൻറ് മേരീസ് മലങ്കര കത്തോലിക്ക പള്ളി, പൊങ്ങണംകാട് സെന്റ് മേരീസ് ചർച്ച്, ശ്രീബാലസുബ്രഹ്മണ്യ ക്ഷേത്രം, വെള്ളാനിക്കര ജുമാമസ്ജിദ്, ചിറക്കാക്കോട് എളങ്ങല്ലൂർ മന, പാണഞ്ചേരി സെന്റ് ആൻസ് കോൺവെന്റ്, ചെമ്പൂത്ര കൊടുങ്ങല്ലൂർക്കാവ് ഭഗവതി ക്ഷേത്രം, ചെമ്പൂത്ര വിശുദ്ധ മറിയം മഠം, പട്ടിക്കാട് മാർത്തോമാ ശ്ലീഹാ പള്ളി എന്നിവിടങ്ങളിലും ടൗണിൽ വിവിധയിടങ്ങളിലും എത്തി വോട്ടഭ്യർഥിച്ചു.
മണ്ണുത്തിയിൽ കാർഷിക സർവകലാശാല വാഴ ഗവേഷണ കേന്ദ്രത്തിൽ സ്ഥാനാർഥിക്ക് ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. വിലങ്ങന്നൂർ ലത്തീൻ ചർച്ച്, മുല്ലക്കര മാരിയമ്മ ക്ഷേത്രം, അയ്യപ്പ ക്ഷേത്രം എന്നിവിടങ്ങളും സന്ദർശിച്ചു. വിലങ്ങന്നൂർ ടൗണിൽ യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനമായിരുന്നു മറ്റൊരു പരിപാടി. സ്ഥാനാർഥി തന്നെയായിരുന്നു ഉദ്ഘാടകൻ.
മാടകത്തറ മണ്ഡലത്തിൽ ഏഴ് കേന്ദ്രങ്ങളിലാണ് എത്തിയതെങ്കിൽ ഭൂവിസ്തൃതിയേറിയ പാണഞ്ചേരി മണ്ഡലത്തിൽ മാരായ്ക്കൽ വരെയുള്ള 23 കേന്ദ്രങ്ങളിലാണ് സ്ഥാനാർഥി വോട്ടുതേടി എത്തിയത്. ഉച്ചക്ക് പീച്ചി സർവിസ് ബാങ്കിൽ കയറിയ ശേഷം ഭക്ഷണത്തിന് പിരിഞ്ഞ് മൂന്ന് മണിക്ക് കണ്ണാറ കാത്തലിക് ചർച്ചിൽനിന്ന് വോട്ടഭ്യർഥന പുനഃരാരംഭിച്ചു. നടത്തറ മണ്ഡലത്തിൽ ചവറാംപാടം ഇവാഞ്ചലിക്കൽ മിഷനിൽനിന്ന് തുടങ്ങി മുളയം ഡാമിയൻ ഇൻസ്റ്റിറ്റ്യൂട്ട് വരെയുള്ള 12 കേന്ദ്രങ്ങളിലും മണ്ണുത്തി മണ്ഡലത്തിൽ ഇൻഫന്റ് ജീസസ് ചർച്ച് മുതൽ രാത്രി ഒരു ഗൃഹ സന്ദർശനം വരെയുള്ള ഒമ്പത് ഇടങ്ങളിലും എത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

