പങ്ങാരപ്പിള്ളിയിലെ മരംകൊള്ള; ഉന്നതോദ്യോഗസ്ഥർ പണം വാങ്ങിയെന്ന് പട്ടയ ഉടമയുടെ വെളിപ്പെടുത്തൽ
text_fieldsതൃശൂർ: എളനാട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെടുന്ന പങ്ങാരപ്പിള്ളിയിൽ പട്ടയഭൂമിയില്‍നിന്ന് കോടികൾ വിലമതിക്കുന്ന മരങ്ങൾ കടത്തിയത് ഉദ്യോഗസ്ഥർ പണം വാങ്ങിയിട്ട്. പണം വാങ്ങിയാണ് വാക്കാൽ അനുമതി നൽകിയതെന്ന് പട്ടയം ലഭിച്ചയാളാണ് വെളിപ്പെടുത്തിയത്. റേഞ്ച് ഓഫിസറും ഡെപ്യൂട്ടി റേഞ്ച് ഓഫിസറുമാണ് തന്നോട് മരം മുറിച്ചോളാൻ വാക്കാൽ അനുമതി നൽകിയത്. തന്‍റെ കൈയിൽനിന്ന് പണം വാങ്ങി പുട്ട് അടിച്ചുവെന്നും ഇപ്പോൾ തന്നെ കുരുക്കിലാക്കാനാണ് ശ്രമിക്കുന്നതെന്നും പട്ടയ ഉടമ പറയുന്നു. ആറേക്കറോളമുള്ള പട്ടയഭൂമിയിൽ റബർ കൃഷിക്കുള്ള അനുമതിയുടെ മറവിലാണ് വൻ മരങ്ങൾ മുറിച്ചുകടത്തിയത്.
പട്ടയം കിട്ടുന്നതിന് മുമ്പുള്ള ഭൂമിയിലെ മരങ്ങൾ സംബന്ധിച്ച് കൃത്യമായ കണക്കുകളൊന്നുമില്ലെന്നും മുറിച്ചോളാനും പറഞ്ഞുവെന്ന് ഇയാൾ തുറന്നു പറയുന്നു. ഇക്കാര്യങ്ങൾക്ക് തന്‍റെ കൈയിൽ തെളിവുകളുണ്ടെന്നും ഇദ്ദേഹം വ്യക്തമാക്കി. വനംവകുപ്പിന്‍റെ അനുമതിയോടെ മാത്രം മുറിക്കേണ്ട തേക്കും വീട്ടിയും ഇരുളും അടക്കമുള്ളവയാണ് വാക്കാൽ അനുമതിയുടെ പേരിൽ ഉദ്യോഗസ്ഥർ പണം വാങ്ങിയതിനെ തുടർന്ന് മുറിച്ചുകടത്തിയത്. ചിലത് വീണുകിടക്കുകയാണെന്നും അതുകൊണ്ട് മുറിച്ചിട്ടുവെന്നതടക്കം പട്ടയ ഉടമ പറയുന്നുണ്ടെങ്കിലും അക്കാര്യങ്ങളിൽ വ്യക്തത വരുത്താതെയാണ് പ്രതികരിച്ചത്.
തേക്കിന്‍റെയും ഇരുളിന്‍റെയും വീട്ടിയുടെയും മുറിച്ചുകടത്തിയ ഭാഗത്തിന്‍റെ കടഭാഗം ഇപ്പോഴും കിടക്കുന്നുണ്ട്. വേരുകളടക്കം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പിഴുതെടുത്ത നിലയിലുമുണ്ട്. 1961ലെ കേരള വനനിയമം സെക്ഷൻ 82 പ്രകാരം കൃഷിക്കായി പതിച്ചു നൽകുന്ന ഭൂമിയിലെ മരങ്ങൾ സർക്കാർ സ്വത്തും റവന്യൂ പട്ടയഭൂമിയിലെയും മിച്ചഭൂമിയിലെയും അനധികൃത മരംമുറി കുറ്റകരമാണെന്നിരിക്കെയാണ് അതിന്‍റെ സംരക്ഷണ ചുമതലയുള്ള വകുപ്പ് മേധാവികൾ കൊള്ളക്ക് സൗകര്യമൊരുക്കിയത്.
മരംമുറിയിൽ പരാതിയുയർന്നപ്പോൾ കുറ്റവാളികളെ സംരക്ഷിക്കുംവിധം അന്വേഷണ റിപ്പോർട്ട് തയാറാക്കിയതിന് വിയോജിച്ചതിന് 'മേലധികാരിയോട് ധിക്കാരപരമായി പെരുമാറി'യെന്ന പെരുമാറ്റച്ചട്ടം കാണിച്ച് വനിത ബീറ്റ് ഓഫിസറെ സസ്പെൻഡ് ചെയ്ത് നല്ലപിള്ള ചമയുകയാണ് ഉദ്യോഗസ്ഥർ. അതേസമയം, മരംകൊള്ള വിവരം പുറത്തുവന്നതോടെ വനം വിജിലൻസ് പ്രാഥമികാന്വേഷണം തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

