പെരുമ്പിലാവിലെ പുതിയ ബാറിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തം
text_fieldsപെരുമ്പിലാവ്: പെരുമ്പിലാവിനെ മദ്യത്തിൽ മുക്കിക്കൊല്ലാൻ അനുവദിക്കില്ല എന്ന മുദ്രാവാക്യമുയർത്തി മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ ബാർ തുടങ്ങാനിരിക്കുന്ന ഹോട്ടൽ പരിസരത്ത് ആരംഭിച്ച അനിശ്ചിതകാല സായാഹ്ന ധർണ എട്ടാം ദിവസത്തിലേക്ക് കടന്നു. സായാഹ്ന ധർണ വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡന്റ് എം.എ. കമറുദ്ദീൻ ഉദ്ഘാടനം ചെയ്തു. ബാർ വിരുദ്ധ സമിതി കൺവീനർ എം.എൻ. സലാഹുദ്ദീൻ അധ്യക്ഷത വഹിച്ചു.
വിദ്യ ഹോട്ടലിനോടനുബന്ധിച്ച് ആരംഭിക്കാനിരിക്കുന്ന ബാറിനെതിരെയാണ് നാട്ടുകാർ സമരമാരംഭിച്ചിരിക്കുന്നത്. ബാർ വിരുദ്ധ സമിതിയംഗങ്ങളായ എ.കെ. അബ്ദുൽ കരീം, കെ.എം. സബിത, സമര സമിതിയംഗങ്ങളായ കെ.ടി. ജമാൽ, എൻ.പി. ബഷീർ, സി. ആഷിഖ്, കെ.കെ. ജാബിർ, കെ.ആർ. ഖാദർ, ടി.എ. റഹീന, കെ.കെ. സബിത എന്നിവർ ധർണക്ക് നേതൃത്വം നൽകി. പുതുതായി ആരംഭിക്കാൻ പോകുന്ന ബാർ ആശുപത്രിയുടെയും മസ്ജിദിന്റെയും വിദ്യാലയങ്ങളുടെയും പരിസരമായതിനാൽ അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ വരുംദിവസങ്ങളിൽ പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ച് നടത്തുമെന്നും ഭാരവാഹികൾ വ്യക്തമാക്കി. വിഷയത്തിൽ കഴിഞ്ഞ ദിവസം എക്സൈസ് കമീഷണർക്ക് പരാതിയും നൽകിയിരുന്നു.
ബാറിനെതിരെ ആഴ്ചകൾക്കു മുമ്പ് പരിസരത്തെ മസ്ജിദുറഹ്മ മഹല്ല് കമ്മിറ്റി ഹൈകോടതിയിൽ സമർപ്പിച്ച ഹരജിയിൽ കഴിഞ്ഞ ദിവസം എക്സൈസ് ഡെപ്യൂട്ടി കമീഷണർ മഹല്ല് കമ്മിറ്റി ഭാരവാഹികളെ വിളിച്ച് ഹിയറിങ്ള നടത്തുകയും ബാറിന്റെയും മസ്ജിദിന്റെയും ദൂരപരിധി അളന്ന് തിട്ടപ്പെടുത്തുകയും ചെയ്യുമെന്ന് അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

