കച്ചമുറുക്കി വരന്തരപ്പിള്ളി പഞ്ചായത്ത്
text_fieldsകലാപ്രിയ സുരേഷ്, ജോജോ പിണ്ടിയാന്‍
ആമ്പല്ലൂര്‍: തോട്ടം, വനം മേഖലകള്‍ ഉള്‍പ്പെടുന്ന വരന്തരപ്പിള്ളി പഞ്ചായത്തില്‍ കര്‍ഷകരും കര്‍ഷക തൊഴിലാളികളുമാണ് വോട്ടര്‍മാരില്‍ ബഹുഭൂരിപക്ഷവും. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതു, വലതു മുന്നണികളെ മാറിപരീക്ഷിച്ച ചരിത്രമാണുള്ളത്. മൂന്നു മുന്നണികള്‍ക്കും ഏറെക്കുറെ തുല്യ വേരോട്ടമുള്ള പഞ്ചായത്ത് കൂടിയാണിത്. നിലവില്‍ ഇടതുമുന്നണിക്കാണ് ഭരണം.
അഞ്ച് വര്‍ഷത്തെ ഭരണത്തില്‍ ജനോപകാരപ്രദമായ ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കാന്‍ കഴിഞ്ഞുവെന്ന് ഭരണസമിതി അവകാശപ്പെടുന്നു. അതേസമയം, ഭരണസമിതി തീര്‍ത്തും പരാജയമാണെന്ന് പ്രതിപക്ഷം വിലയിരുത്തുന്നു. നിലവില്‍ 22 അംഗ പഞ്ചായത്ത് കമ്മിറ്റിയില്‍ എല്‍.ഡി.എഫ്-12, യു.ഡി.എഫ്-ആറ്, ബി.ജെ.പി-നാല് എന്നിങ്ങനെയാണ് കക്ഷിനില.
ഇടതുപക്ഷം ഭരിക്കുന്ന വരന്തരപ്പിള്ളി പഞ്ചായത്തില്‍ സമസ്ത മേഖലയിലും വികസനം കൊണ്ടുവരാന്‍ ഭരണസമിതിക്ക് കഴിഞ്ഞതായി പ്രസിഡന്റ് കലാപ്രിയ സുരേഷ് അവകാശപ്പെടുന്നു. വന്യജീവി ആക്രമണം പ്രതിരോധിക്കാന്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടപടികള്‍ നടന്നുവരുന്നു. സംസ്ഥാന സര്‍ക്കാറിന്റെ മൂന്നുകോടിയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഡി.പി.ആര് ആണ് തയാറാക്കുന്നത്. ഈ ആവശ്യത്തിനായി 2025-26 സാമ്പത്തിക വര്‍ഷത്തില്‍ 15 ലക്ഷം വകയിരുത്തിയിട്ടുണ്ട്.
മാലിന്യ നിര്‍മാര്‍ജനത്തിന് മാതൃകാപരമായ പദ്ധതികള്‍ നടപ്പാക്കി. 101 പുതിയ റോഡുകള്‍ നിര്‍മിച്ചു.158 റോഡുകള്‍ നവീകരിച്ചു. വിവിധ സ്കൂളുകളില്‍ പുതിയ കെട്ടിടങ്ങള്‍ നിര്‍മിച്ചു. സംസ്ഥാനത്ത് ആദ്യമായി വരന്തരപ്പിള്ളിയില്‍ മൊബൈല്‍ ക്രിമിറ്റോറിയം നടപ്പാക്കി. ചിമ്മിനി ഇക്കോ ടൂറിസം വികസനത്തിനായി അതിവിപുലമായ പദ്ധതികള്‍ ആവിഷ്കരിച്ചു. മുനിയാട്ടുകുന്നില്‍ പ്രദേശിക ടൂറിസം പദ്ധതി നടപ്പാക്കാനുള്ള ഭൂമി വനം വകുപ്പില്‍നിന്ന് ലഭ്യമായിട്ടുണ്ട്. ലൈഫ് പദ്ധതിയില്‍ 118 പേര്‍ക്ക് ഭൂമിയും വീടും ഭവനരഹിതരായ 418 പേര്‍ക്ക് വീടും നല്കി. 117 കുടുംബങ്ങളെ അതിദരിദ്രാവസ്ഥയില്‍നിന്ന് മോചിപ്പിച്ചു.
വിവിധ തോടുകളുടെ പുനരുദ്ധാരണ പ്രവൃത്തികള്‍ ചെയ്തു. തരിശുഭൂമി കൃഷിയോഗ്യമാക്കി. നെല്ല്, വാഴ, ജാതി, പച്ചക്കറി കൃഷികള്‍ക്ക് പിന്തുണ നല്കിവരുന്നു. വിവിധ കുടിവെള്ള, ജലസേചന പദ്ധതികളുടെ പൈപ്പ് ലൈനുകള്‍ കൂടുതല്‍ ഇടങ്ങളിലേക്ക് ദീര്‍ഘിപ്പിച്ചു. തേന്‍ ഉല്പാദനത്തിന് പ്രോത്സാഹനം നല്കി. അംഗൻവാടികള്‍ക്ക് വിവിധ ഉപകരണങ്ങള്‍ നല്കി.
എന്നാൽ, പ്രതിപക്ഷ നേതാവ് ജോജോ പിണ്ടിയാൻ ഈ വാദമുഖങ്ങളെല്ലാം നിഷേധിക്കുകയാണ്. മലയോര പഞ്ചായത്തായ വരന്തരപ്പിള്ളിയില്‍ മനുഷ്യ, വന്യജീവി സംഘര്‍ഷം ലഘൂകരിക്കാന്‍ ഭരണസമിതിയുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടായില്ല. കാട്ടാന ആക്രമണത്തില്‍ അറുപേര്‍ കൊല്ലപ്പെട്ടിട്ടും വിഷയത്തില്‍ ഇപ്പോഴും പഞ്ചായത്ത് നിസ്സംഗത പാലിക്കുകയാണ്. നിരന്തരം പുലിയിറങ്ങി വളര്‍ത്തുമൃഗങ്ങളെ കൊന്നിട്ടും പുലിയെ പിടികൂടാന്‍ കൂട് സ്ഥാപിക്കുന്നതിന് വനം വകുപ്പിലോ സര്‍ക്കാറിലോ സമ്മര്‍ദം ചെലുത്താന്‍ കഴിഞ്ഞില്ല. ജലക്ഷാമം നേരിടുന്ന വാര്‍ഡുകളില്‍ കുടിവെള്ള, ജലസേചന പദ്ധതികള്‍ തുടങ്ങിയില്ല. കര്‍ഷകര്‍ക്ക് നല്‍കേണ്ട സബ്സിഡി യഥാസമയം നല്‍കുന്നില്ല. മിക്ക റോഡുകളും പൊട്ടിപ്പൊളിഞ്ഞ് ശോച്യാസ്ഥയിലാണ്. കുടുംബാരോഗ്യ കേന്ദ്രം, ആയുര്‍വേദ ആശുപത്രി, കൃഷിഭവന് എന്നിവിടങ്ങളില്‍ നിര്‍വഹണ ഉദ്യോഗസ്ഥന് ഇല്ലാത്തതിനാല്‍ ജനങ്ങള്‍ക്ക് ഗുണകരമാകുന്നില്ല.
ആദിവാസി, പട്ടികജാതി ഉന്നതികളില്‍ അടിസ്ഥാന സൗകര്യം ഒരുക്കിയില്ല. വിസ്തൃതിയിലും ജനസംഖ്യയിലും ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്തായ വരന്തരപ്പിള്ളിയില്‍ യുവാക്കള്‍ക്ക് കളിസ്ഥലം നിര്‍മിക്കാന്‍ കഴിഞ്ഞില്ല. വനിതകള്‍ക്ക് തൊഴില്‍ സംരംഭം തുടങ്ങിയില്ല. തോട്ടം മേഖലയിലെ കീടനാശിനി പ്രയോഗം നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. ഏറെ സാധ്യതകളുള്ള ടൂറിസം മേഖലയുടെ പുരോഗതിക്കായി നടപടികള്‍ ഉണ്ടായില്ല. ജൽജീവന്‍ മിഷന് പദ്ധതി അവതാളത്തിലാക്കി. വയോധികര്‍ക്കും ഭിന്നശേഷികാര്ക്കുമായി പദ്ധതികള്‍ ഉണ്ടായില്ല. ഭരണ സമിതിയുടെ കെടുകാര്യസ്ഥതമൂലം കോടികളുടെ പദ്ധതികള്‍ നടപ്പാക്കാനായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

