സാക്ഷരത മിഷന്റെ തിളക്കം; സംഗീത പ്രഫഷനൽ ഡിഗ്രിക്ക്
text_fieldsസംഗീത
തൃശൂർ: പഠനത്തിന് പ്രായം തടസ്സമല്ലെന്ന് തെളിയിക്കുകയാണ് പുതുക്കാട് നെല്ലായ് സ്വദേശി സംഗീത നാരായണൻ. കേരള സാക്ഷരത മിഷനിലെ ആദ്യബാച്ച് പഠിതാവ് പ്രഫഷനൽ ബിരുദ പഠനത്തിന് പ്രവേശനം നേടുന്നു എന്ന അപൂർവനേട്ടമാണ് സംഗീത സ്വന്തമാക്കിയത്.
2015ൽ സാക്ഷരത മിഷൻ ആദ്യ ബാച്ചിലെ പഠിതാവായ സംഗീത എൽ.എൽ.ബി എന്ന സ്വപ്നം കൈയെത്തിപ്പിടിക്കാനുള്ള ഒരുക്കത്തിലാണ്. സാഹചര്യങ്ങൾ കൊണ്ട് പഠനം ഇടയ്ക്ക് നിർത്തേണ്ടി വന്ന സംഗീത കെ.എസ്.ആർ.ടി.സി പുതുക്കാട് ഡിപ്പോയിലെ കണ്ടക്ടറായി ജോലി നോക്കുമ്പോഴാണ് കേരള സാക്ഷരത മിഷൻ നടത്തുന്ന തുല്യത പ്ലസ് ടു കോഴ്സിനെപ്പറ്റി അറിയുന്നത്.
ആദ്യ ബാച്ചിൽ പ്രവേശനം നേടുകയും ചെയ്തു. നല്ല മാർക്കോടെ പ്ലസ്ടു പരീക്ഷ പാസാവുകയും തുടർന്ന് കാലിക്കറ്റ് സർവകലാശാലയുടെ വിദൂരവിദ്യാഭ്യാസം വഴി സോഷ്യോളജി ബിരുദം നേടുകയും ചെയ്തു. ശേഷം എൽ.എൽ.ബി എന്ന സ്വപ്നം പൂർത്തീകരിക്കാനായി പഞ്ചവത്സര എൽ.എൽ.ബി എൻട്രൻസ് പരീക്ഷ എഴുതുകയും എറണാകുളം പൂത്തോട്ട എസ്.എൻ ലോ കോളജിൽ പഞ്ചവത്സര റഗുലർ പഠനത്തിന് 48ാം വയസ്സിൽ പ്രവേശനം നേടുകയും ചെയ്തു.
ലക്ഷ്യം ഉണ്ടായിരിക്കുക, അതിന് വേണ്ടി കഠിനമായി പരിശ്രമിക്കുക എന്നതാണ് പ്രധാനമെന്ന് മൂർക്കനിക്കര വീട്ടിൽ നാരായണന്റെ ഭാര്യയായ സംഗീത പറയുന്നു. അശ്വിൻ, അശ്വിനി എന്നിവരാണ് മക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

