കാർഷിക സർവകലാശാല ഡ്രോൺ പൈലറ്റ് പരിശീലന കേന്ദ്രത്തിന് ലൈസൻസ്
text_fieldsതൃശൂർ: നബാർഡ് സഹായത്തോടെ കാർഷിക സർവകലാശാലയിൽ പ്രവർത്തനമാരംഭിച്ച ഡ്രോൺ പൈലറ്റ് പരിശീലന കേന്ദ്രത്തിന് റിമോട്ട് പൈലറ്റ് ട്രെയിനിങ് ഓർഗനൈസേഷൻ (ആർ.പി.ടി.ഒ) ലൈസൻസ് ലഭിച്ചു.
സർവകലാശാലയിലെ അഗ്രി ബിസിനസ് ഇൻക്യൂബേറ്ററിൽ പ്രവർത്തിക്കുന്നതിനായാണ് മോദ എയ്റോ അക്കാഡമിക് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ എവിയേഷന്റെ ലൈസൻസ് അനുവദിച്ചത്. ഇതോടെ ലൈസൻസോടുകൂടിയ ഡ്രോൺ പരിശീലനത്തിന് സർവകലാശാലയിൽ തുടക്കം കുറിക്കും.
ഡ്രോൺ സാങ്കേതിക വിദ്യയിൽ നൈപുണ്യമുള്ള കൂടുതൽ വിദഗ്ധ തൊഴിലാളികളെ വാർത്തെടുക്കുന്നതിനും കാർഷിക ഉത്പാദന ചെലവ് കുറക്കാനും ഡ്രോൺ പൈലറ്റ് പരിശീലന കേന്ദ്രം ഒരു മുതൽ കൂട്ടായിരിക്കുമെന്ന് സർവകലാശാല വൈസ്ചാൻസലറും കാർഷിക ഉൽപാദന കമീഷണറുമായ ഡോ. ബി. അശോക് അഭിപ്രായപ്പെട്ടു. ഡ്രോൺ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി, വളപ്രയോഗത്തിനും കീടനാശിനി തളിക്കുന്നതിനുമായി പോഷകങ്ങളുടെ അളവും തളിക്കേണ്ട സമയ പരിധിയുമെല്ലാം കാർഷിക സർവകലാശാല ഇതിനോടകം തന്നെ ഗവേഷണങ്ങളിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇത്തരം ഗവേഷണ നേട്ടങ്ങൾ കൂടി കർഷകരിലേക്കെത്തിക്കുവാൻ പുതിയ ഡ്രോൺ പൈലറ്റ് പരിശീലന കേന്ദ്രം വഴിത്തിരിവാകുമെന്ന് സർവകലാശാല ഗവേഷണ വിഭാഗം മേധാവി ഡോ. കെ എൻ അനിത് ചൂണ്ടിക്കാട്ടി. കാർഷിക മേഖലയിലെ സാങ്കേതിക നവീകരണം ലക്ഷ്യമാക്കി ഡ്രോണുകളുടെ പ്രവർത്തനത്തിലും അറ്റകുറ്റപ്പണികളിലും നിരവധി പ്രായോഗിക പരിശീലന പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ലൈസൻസോടുകൂടിയ ഡ്രോൺ പൈലറ്റ് പരിശീലനത്തിന് അനുമതി ലഭിക്കുന്നത്.
കാർഷിക ഡ്രോണുകൾക്കുപരി നിരീക്ഷണത്തിനും വിള ഇൻഷുറൻസിനുമുള്ള മിനിഡ്രോണുകളുടേയും പരിശീലനത്തിനുള്ള അനുമതി ലഭ്യമായിട്ടുണ്ടെന്നും ഇത് കാർഷിക മേഖലയിലേക്ക് സാങ്കേതിക മികവുള്ള യുവ സംരംഭകരുടെ ചുവടുവെപ്പ് സുഗമമാക്കുമെന്നും അഗ്രി ബിസിനസ് ഇൻക്യൂബേറ്റർ മേധാവി ഡോ. കെ.പി. സുധീർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

