പാലപ്പിള്ളിയിൽ വീണ്ടും പുലി; പശുവിനെ കൊന്നു
text_fieldsആമ്പല്ലൂര്‍: പാലപ്പിള്ളി വലിയകുളത്ത് പുലിയിറങ്ങി പശുവിനെ കൊന്നു. വലിയകുളം പാഡിയില്‍ താമസിക്കുന്ന തോട്ടം തൊഴിലാളിയായ പള്ളിപ്പുറം സുബൈദയുടെ പശുക്കുട്ടിയെയാണ് പുലി കൊന്നത്. വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. പാഡിക്ക് സമീപം കെട്ടിയിട്ട പശുവിനെ പുലി പിടികൂടി വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു. പശുക്കളുടെ കരച്ചില് കേട്ട് ഓടിയെത്തി ടോര്‍ച്ചടിച്ചപ്പോള്‍ പുലി ഓടിപ്പോയതായി വീട്ടുകാര്‍ പറഞ്ഞു. കാട്ടാന ശല്യത്തിന് പിന്നാലെയാണ് പുലികൾ നാടിറങ്ങുന്നത്. മുമ്പും ഇവിടെ പുലിയിറങ്ങി പശുക്കളെ കൊന്നിരുന്നു. നിരന്തരം കാട്ടാനയിറങ്ങുന്ന പ്രദേശത്ത് പുലിയും എത്തിയതോടെ നാട്ടുകാര്‍ ഭീതിയിലാണ്. പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. മുമ്പ് പുലിയെ പിടികൂടാന്‍ കൂട് സ്ഥാപിച്ചിരുന്നുവെങ്കിലും ഫലപ്രദമായിരുന്നില്ല. ചിമ്മിനി ഡാം റോഡിനോട് ചേര്‍ന്നുള്ള പാഡിയില്‍ താമസിക്കുന്നവര്‍ക്ക് കാട്ടാനയും പുലിയും കാരണം പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. പുലിയെ പിടികൂടുന്നതിനു വനപാലകർ നടപടിയെടുക്കണമെന്ന് ആവശ്യമുയർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

