ഒളകര നിവാസികൾക്ക് ഭൂമി: ഡിസംബർ 10നകം സർവേ പൂർത്തിയാക്കും
text_fieldsഒളകര കോളനി സന്ദർശിച്ച കലക്ടർ വി.ആർ. കൃഷ്ണ തേജ നിവാസികളുമായി സംസാരിക്കുന്നു
തൃശൂർ: ഒളകര കോളനി നിവാസികളായ 44 കുടുംബങ്ങളുടെ ഭൂമിക്ക് വേണ്ടിയുള്ള രണ്ട് പതിറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പിന് പരിഹാരമാകുന്നു. ഡിസംബര്‍ പത്തിനകം സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് കലക്ടര്‍ വി.ആര്. കൃഷ്ണതേജ അറിയിച്ചു. കലക്ടറുടെ നേതൃത്വത്തിലുള്ള റവന്യൂ, വനം, പട്ടിക വര്‍ഗ വകുപ്പുകളുടെ സംഘം കോളനി സന്ദര്‍ശിച്ചു.
കോളനി നിവാസികള്‍ക്ക് വനാവകാശപ്രകാരം ഭൂമി ലഭ്യമാക്കുന്ന കാര്യത്തില്‍ നീതി നടപ്പാക്കാന്‍ എല്ലാ ശ്രമവും ജില്ല ഭരണകൂടം സ്വീകരിക്കുമെന്ന് കലക്ടര്‍ കോളനി നിവാസികളോട് പറഞ്ഞു. ഭൂമിയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ കൃത്യമായി പരിശോധിച്ച ശേഷം ഓരോരുത്തര്‍ക്കും പതിച്ച് നല്‍കേണ്ട ഭൂമിയുടെ കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളും. അതിന്റെ ആദ്യ പടിയായാണ് സര്‍വേ വേഗത്തില്‍ പൂര്‍ത്തിയാക്കി കൃത്യമായ ഭൂപടം തയാറാക്കുന്നതെന്ന് കലക്ടര്‍ പറഞ്ഞു.
ഊരു മൂപ്പത്തി മാധവിയുടെ നേതൃത്വത്തില്‍ കോളനി നിവാസികള്‍ കലക്ടറോട് ആശങ്കകളും ആവലാതികളും പങ്കുവെച്ചു. സര്‍വേ നടപടികള്‍ ആരംഭിക്കുന്ന സമയം നേരത്തെ ആക്കണമെന്നും സര്‍വേയുമായി ബന്ധപ്പെട്ട് തൊഴില്‍ നഷ്ടപ്പെടുന്ന കോളനി നിവാസികള്‍ക്ക് ആ ദിവസങ്ങളിലെ വേതനം അനുവദിക്കണമെന്നും ചര്‍ച്ചയില്‍ ആവശ്യമുയര്‍ന്നു. സര്‍വേ നടപടികള്‍ക്ക് പ്രദേശവാസികള്‍ അംഗങ്ങളായ ഫോറസ്റ്റ് റൈറ്റ് കമ്മിറ്റിയുടെ പിന്തുണ അംഗമായ രതീഷ് ഉറപ്പു നല്കി.
സബ് കലക്ടര്‍ മുഹമ്മദ് ഷെഫീഖ്, ഡെപ്യൂട്ടി കലക്ടര്‍ പി.എ. വിഭൂഷന്, സര്‍വേ വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ പി.കെ. ശാലി, തൃശൂര്‍ തഹസില്‍ദാര്‍ ടി. ജയശ്രീ, ട്രൈബല്‍ ഡെവലപ്മെന്റ് ഓഫിസര്‍ സി. ഹെറാള്‍ഡ് ജോണ്‍, വൈല്‍ഡ് ലൈഫ് വാര്ഡന് പി.എം. പ്രഭു, അസിസ്റ്റന്റ് വാര്ഡന് സുമു സ്കറിയ, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ സവിത പി. ജോയി തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

