എങ്ങുമെത്താതെ കുഴൂർ കോഴിത്തീറ്റ ഫാക്ടറി
text_fieldsകുഴൂർ കോഴിത്തീറ്റ ഫാക്ടറിയുടെ കെട്ടിടം
മാള: കുഴൂര്‍ കോഴിത്തീറ്റ ഫാക്ടറി ‘നിറവ് കെപ്കോ ഫീഡ്സ്’ പ്രവർത്തന സജ്ജമായില്ല. സംസ്ഥാന ബജറ്റിൽ ഫാക്ടറിയെ അവഗണിച്ചതായി ആക്ഷേപം. നൂറോളം അവിദഗ്ധ തൊഴിലാളികള്‍ക്കും മുന്നൂറോളം പേര്‍ക്ക് നേരിട്ടല്ലാതെയും തൊഴില്‍ വാഗ്ദാനം നൽകുന്ന ഫാക്ടറിയാണിത്. അരലക്ഷം കോഴി വളര്‍ത്തല്‍ കര്‍ഷകര്‍ക്ക് ഫാക്ടറിയുടെ സഹായം ലഭിക്കുമെന്ന പ്രതീക്ഷയും അസ്തമിക്കുകയാണ്.
രണ്ട് ഷിഫ്റ്റുകളിലായി പ്രവര്‍ത്തിക്കുകയാണെങ്കില്‍ പ്രതിദിനം160 ടണ്‍ കോഴിത്തീറ്റ പെല്ലറ്റ് രൂപത്തില്‍ ഉല്പാദിപ്പിക്കാന് ഇവിടെ സാധിക്കുമെന്ന് വിദഗ്ധർ പറയുന്നു. ചോളം, സോയാബീന്‍, ഉണക്കമീന്‍ എന്നിവ ചേര്‍ത്താണ് കോഴിത്തീറ്റ തയാറാക്കുക. ഉത്തരേന്ത്യയില്‍നിന്ന് നേരിട്ട് കോഴിത്തീറ്റക്കുള്ള അസംസ്കൃത വസ്തുക്കള്‍ ശേഖരിക്കുമെന്നും പറഞ്ഞിരുന്നു.
1993ല്‍ മുൻ മുഖ്യമന്ത്രി കെ. കരുണാകരനാണ് ഫാക്ടറിക്ക് ശ്രമമാരംഭിച്ചത്. തുടർന്ന് മാള കാക്കുളിശ്ശേരിയില്‍ 5.13 ഏക്കര്‍ സ്ഥലം വാങ്ങി. ഫാക്ടറിയുടെ തറക്കല്ലിടല്‍ കരുണാകരന് തന്നെയാണ് നടത്തിയത്.
217.20 ലക്ഷം രൂപയാണ് അടങ്കല്‍ തുക നിശ്ചയിച്ചിരുന്നത്. 49.74 ലക്ഷം രൂപ ചെലവഴിച്ച ശേഷം പ്രതീക്ഷിച്ച ബാങ്ക് ലോണ്‍ ലഭ്യമായില്ല. ഇതേ തുടർന്ന് പ്ലാന്റിന്റെ പണി നിര്‍ത്തിവെക്കേണ്ടി വന്നു. പില്ലറുകളും ബീമുകളും മഴയും വെയിലുമേറ്റ് നശിച്ചു.
പിന്നീട് 2011ലാണ് അന്നത്തെ സര്‍ക്കാറിന്റെ നൂറുദിന കര്‍മ പരിപാടിയില്‍ ഈ ഫാക്ടറി ഉൾപ്പെടുത്തുന്നതും നിര്‍മാണപ്രവര്‍ത്തനം പുനരാരംഭിക്കുന്നതും. പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി സര്‍ക്കാര്‍ ഏജന്‍സിയായ കിറ്റ്കോയെ ഏല്‍പ്പിച്ചു. 9.86 കോടി രാഷ്ട്രീയ കൃഷി വികാസ് യോജന പ്രകാരവും 5.75 കോടി സംസ്ഥാന വിഹിതവും ചേര്‍ത്ത് 15.55 കോടി രൂപയാണ് നിര്‍മാണ ചെലവ് കണക്കാക്കിയത്.
ഫാക്ടറിയുടെ നിർമാണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്ത അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി 2012ലെ ഓണത്തിന് മുമ്പ് ഫാക്ടറി ഉല്പന്നം ജനങ്ങള്‍ക്കായി പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചു. പക്ഷേ, ഇത് യാഥാർഥ്യമായില്ല. രണ്ടുവർഷത്തെ ഇടവേളക്കുശേഷം, 2014 സെപ്റ്റംബറിൽ ഭാഗികമായി കോഴിത്തീറ്റ ഉൽപാദനം തുടങ്ങി.
തുടർന്ന് പ്രവർത്തനം കാര്യക്ഷമമാക്കാൻ പത്ത് കോടി രൂപ സർക്കാർ അനുവദിച്ചു. താൽക്കാലികമായി യന്ത്രങ്ങൾ സജ്ജീകരിച്ച് തുടങ്ങിയ ഫാക്ടറി പ്രവർത്തനം സജീവമാക്കാനായില്ല.
അടിയന്തര ശ്രദ്ധ നൽകി ഫാക്ടറി പ്രവർത്തനം വിപുലമാക്കണമെന്നാവശ്യം വ്യാപകമായി ഉയർന്നു. അതേസമയം, 2016ൽ തിരുവനന്തപുരത്തെ ഹാച്ചറിയിലേക്കുള്ള യന്ത്രങ്ങളാണെന്ന് പറഞ്ഞ് ഇവിടെനിന്ന് യന്ത്രങ്ങള്‍ കടത്തിക്കൊണ്ടുപോയതായി ആരോപണമുയർന്നിരുന്നു. രാഷ്ട്രീയ കാരണങ്ങളും ഫാക്ടറിയെ അവഗണിക്കുന്നതിന് പിന്നിലുണ്ടെന്ന് ആരോപണമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

