
കുറ്റിപ്പുറം-ഇടപ്പള്ളി ദേശീയപാത വികസനം: സർവേ ഭീഷണിപ്പെടുത്തിയും തെറ്റിദ്ധരിപ്പിച്ചുമെന്ന് നാട്ടുകാർ
text_fieldsതൃശൂർ: കുറ്റിപ്പുറം-ഇടപ്പള്ളി ദേശീയപാത 66 (17) വികസനത്തിനായി ജില്ലയിൽ ഏറ്റെടുക്കുന്ന ഭൂമിയുടെ വിലനിർണയം അവസാനഘട്ടത്തിലെന്ന് അധികൃതർ. എന്നാൽ, നടപടികളൊന്നും പാലിക്കാതെ സർവേ നടത്തുകയാെണന്ന് ജനം. ദേശീയപാതയോരം, ടിപ്പുസുത്താൻ പാതയോരം, ബൈപാസുകൾക്കായുള്ള ചതുപ്പുനിലങ്ങൾ അടക്കമുള്ള ഭൂമിയുടെ വിലയാണ് നിർണയിക്കുന്നത്. ഭൂമി ഏറ്റെടുക്കാനുള്ള ഓഫിസും പൊതുമരാമത്ത് വകുപ്പും ഒപ്പം സമാറ കൺസൽട്ടൻസിയും ചേർന്നാണ് സർേവ പുരോഗമിക്കുന്നത്.
ഭൂമി, കെട്ടിടങ്ങൾ, സ്ഥാപനങ്ങൾ, കൃഷി, വൃക്ഷങ്ങൾ അടക്കമുള്ളവയുടെ വിലയാണ് നിർണയിക്കുന്നത്. ഇതിൽ ഭൂവിലനിർണയം ഏറക്കുറെ പൂർത്തിയായെന്ന് ഡെപ്യൂട്ടി കലക്ടർ പാർവതി ദേവി 'മാധ്യമ'ത്തോട് പറഞ്ഞു. എന്നാൽ, 3ജി വിജ്ഞാപനത്തിന് മുന്നോടിയായി വിലനിർണയത്തിനുള്ള ബേസിക് വാല്യൂ റിപ്പോർട്ട് (ബി.വി.ആർ) കണക്കാക്കിയെങ്കിലും ഇതുസംബന്ധിച്ച വിവരങ്ങൾ ജനത്തിന് നൽകാൻ അധികൃതർ തയാറല്ല.
ഒപ്പം വിലനിർണയത്തിന് മുന്നോടിയായ പുനരധിവാസം സംബന്ധിച്ച കാര്യത്തിലും അനുകൂലനിലപാട് ഇതുവരെ സ്വീകരിച്ചിട്ടില്ല. പുനരധിവാസ കമ്മിറ്റിപോലും ഇതുവരെ ആയിട്ടില്ല. ഭൂമി നഷ്ടപ്പെടുന്ന മേഖലയിലെ സ്ത്രീ, പട്ടികജാതി-വർഗക്കാരെ ഉൾെപ്പടുത്തിയുള്ള കമ്മിറ്റിയുമില്ല. ഇതുകൂടാതെ ഇത്തരം പദ്ധതികൾക്ക് പാരിസ്ഥിതിക-സാമൂഹിക ആഘാതപഠനം നടത്തണമെന്ന സുപീംകോടതി വിധിയുടെ ലംഘനമാണ് നടക്കുന്നെതന്നും ജനത്തിന് പരാതിയുണ്ട്.
20 വില്ലേജുകളിലുമായി ഇരുനൂറോളം പേരെ ഉപയോഗിച്ച് െഫബ്രുവരി 15നകം പൂർത്തിയാക്കുന്നതിനാണ് അധികൃതരുടെ ശ്രമം. വില പേശാനുള്ള അവകാശം അടക്കം ഇല്ലാതാക്കി തെറ്റിദ്ധരിപ്പിച്ചും ഭീഷണിെപ്പടുത്തിയും തഹിസിൽദാർമാർ അടക്കം രംഗത്തുണ്ട്.
രേഖകൾ തരാത്തവരുടെ ഭൂമിയുടെ വില ഹൈകോടതിയിൽ കെട്ടിവെച്ച് ഭൂമി ഏറ്റെടുക്കുമെന്ന ഭീഷണിവരെയുണ്ട്. കുറ്റിപ്പുറം-ഇടപ്പള്ളി ദേശീയപാത 66 (17) വികസനത്തിനായി ജില്ലയിൽ ഏറ്റെടുക്കുന്ന ഭൂമിയുടെ രേഖ പരിശോധനക്ക് പലരും എത്താത്ത സാഹചര്യത്തിലാണ് ഇത്തരം ഭീഷണി. അതിനിടെ രേഖകൾ സമർപ്പിക്കുന്നതിന് പിന്നോട്ടുപോകുന്നവരെ വാഹനം വിളിച്ച് ഭക്ഷണം നൽകി എത്തിക്കാൻ പാർട്ടി വീടുകൾ കയറിയിറങ്ങി ശ്രമംനടത്തിയിരുന്നു.
കാര്യങ്ങൾ മാനദണ്ഡങ്ങൾ പാലിച്ച് നടത്തണമെന്നാണ് ജനത്തിെൻറ ആഗ്രഹം. വികസനത്തിന് എതിരല്ലെന്നും വാഗ്ദാനം ചെയ്തത് പ്രകാരം 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമം അനുസരിച്ച് വില നൽകണമെന്നുമാണ് ആവശ്യം. ഒപ്പം പുനരധിവാസം സംബന്ധിച്ച കാര്യത്തിൽ വ്യക്തതയും കൃത്യതയുമാണ് അവരുടെ ആവശ്യം.
കോവിഡും കാലവർഷവും ഉൾപ്പെടെയുള്ള ദുരിതപൂർണ സാഹചര്യവുമാണ് ജനം കൂടുതൽ സമയം ആവശ്യപ്പെടാൻ കാരണം. ഇതൊന്നും മുഖവിലക്ക് എടുക്കാതെ അധികൃതർ ഹിയറിങ്ങുമായി മുന്നോട്ടുപോയതാണ് ജനം പരിശോധനക്ക് എത്താതിരിക്കാൻ കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
