നിരവധി മോഷണ കേസിലെ പ്രതികളായ രണ്ടുപേർ പിടിയിൽ
text_fieldsഅബ്ദുൾ റഹീം, ഷെൻഫീർ
കുന്നംകുളം: വിവിധ ജില്ലകളിലായി നിരവധി മോഷണ കേസുകളിൽ പ്രതികളായ രണ്ടുപേരെ കുന്നംകുളം പൊലീസ് പിടികൂടി. ചേലക്കര പാത്തുകുടി പുതുവീട്ടിൽ അബ്ദുറഹിം (31), ദേശമംഗലം ആറങ്ങോട്ടുകര കോഴിക്കാട്ടിൽ ഷെൻഫീർ (37) എന്നിവരെയാണ് സി.ഐ യു.കെ. ഷാജഹാനും സംഘവും അറസ്റ്റ് ചെയ്തത്.
കേച്ചേരി മണലിയിൽ പൊലീസുകാരന്റെ വീട്ടിൽ കവർച്ച നടത്തിയ കേസിലാണ് അറസ്റ്റ്. ഗുരുവായൂർ സ്‌റ്റേഷനിലെ സി.പി.ഒ ഷഫീക്കിന്റെ വീട്ടിലാണ് കഴിഞ്ഞ മാസം 29ന് മോഷണം നടന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന 50,000 രൂപയും മൂന്നു ഗ്രാമിന്റെ കമ്മലും മൊബൈൽ ഫോണുമാണ് കവർച്ച ചെയ്യപ്പെട്ടത്.
500 മീറ്റർ അകലെ പുതുതായി നിർമിച്ച വീട്ടിലായിരുന്നു ഷെഫീക്കിന്റെ കുടുംബം. പിറ്റേന്ന് രാവിലെ ഷഫീക്കിന്റെ പിതാവ് ഖാലിദ് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീടിന്റെ പിറകിലെ ഗ്രില്ലിന്റെ പൂട്ട് തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നിരുന്നത്.
അറസ്റ്റിലായ പ്രതികളിൽ ഒരാളായ റഹീമിന്റെ മാതാവിന്റെ വീട് മണലി തെങ്ങ് കോളനിയിലായിരുന്നു. ഇയാൾ മണലിയിൽ താമസിച്ചാണ് വളർന്നത്. ഇരുവരും മറ്റൊരു മോഷണ കേസിൽ ജയിലിൽ കഴിയുകയായിരുന്നു. കഴിഞ്ഞ ഏഴിന് കേച്ചേരി സ്വദേശി മുഹമ്മദ് ഫയാസിന്റെ ബൈക്ക് കവർന്ന കേസിലും ഇവർ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.
ജില്ലക്ക് പുറമെ മലപ്പുറം, പാലക്കാട് ജില്ലകളിലായി റഹീമിന്റെ പേരിൽ 35ഓളവും ഷെൻഫീറിന്റെ പേരിൽ 15ഓളവും മോഷണ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. അസി. പൊലീസ് കീഷണർ ടി.എസ്. സിനോജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിൽ എസ്.ഐമാരായ രാജീവ്, ഡാൻസാഫ് സ്ക്വാഡിലെ ആശിഷ്, ശരത്ത്, സുജിത്ത്, സി.പി.ഒ സന്ദീപ് എന്നിവരും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

