തുറക്കുളം മാർക്കറ്റ് പുനരുദ്ധരിക്കുന്നു
text_fieldsകുന്നംകുളം: നഗരസഭയുടെ സ്വപ്നപദ്ധതിയായ തുറക്കുളം മാർക്കറ്റിന്റെ നിർമാണ പ്രവർത്തനങ്ങൾ പുതിയ ഘട്ടത്തിലേക്ക്. പദ്ധതിയുടെ തുടർനടപടികൾക്കും പുതുക്കിയ പദ്ധതിരേഖ (ഡി.പി.ആർ) തയാറാക്കുന്നതിനുമായി കുന്നംകുളം നഗരസഭയും തൃശൂർ ഗവ. എൻജിനീയറിങ് കോളജും തമ്മിൽ ഔദ്യോഗികമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചു. പദ്ധതിയുടെ ഓരോ ഘട്ടവും കൃത്യമായ ആസൂത്രണത്തോടെ മുന്നോട്ട് കൊണ്ടുപോകാനാണ് നഗരസഭ ലക്ഷ്യമിടുന്നത്.
മുമ്പ് ബി.ഒ.ടി വ്യവസ്ഥയിൽ നിർമാണം ആരംഭിച്ച തുറക്കുളം മാർക്കറ്റിന്റെ പണികൾ ചില കോടതി വ്യവഹാരങ്ങളെത്തുടർന്ന് പാതിവഴിയിൽ നിലച്ചിരുന്നു. എന്നാൽ, നിലവിലെ സാഹചര്യത്തിൽ മാർക്കറ്റിന്റെ നിർമാണ പ്രവർത്തനങ്ങൾ തുടരുന്നതിന് യാതൊരുവിധ നിയമതടസ്സങ്ങളുമില്ലെന്ന് നഗരസഭക്ക് കൃത്യമായ നിയമോപദേശം ലഭിച്ചതോടെയാണ് പദ്ധതിക്ക് വീണ്ടും ജീവൻ വെച്ചത്. ഇതിന്റെ തുടർച്ചയായാണ് എൻജിനീയറിങ് കോളജിലെ വിദഗ്ധ സംഘം നേരത്തെ സ്ഥലം സന്ദർശിച്ച് വിശദ പരിശോധനകൾ പൂർത്തിയാക്കിയത്. പൂർണമായും സോളാർ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന രീതിയിലാണ് മാർക്കറ്റിന്റെ നിർമാണം വിഭാവനം ചെയ്തിരിക്കുന്നത്. ഇതുവരെ പൂർത്തിയായ പ്രവർത്തനങ്ങൾക്ക് പുറമെ ഫ്ലോറിങ്, ഇലക്ട്രിക്കൽ-പ്ലംബിങ് വർക്കുകൾ, സെൻട്രലൈസ്ഡ് എ.സി, വിശാലമായ പാർക്കിങ് സൗകര്യം, ഡ്രൈനേജ്, സെൻട്രലൈസ്ഡ് മലിനജല ശുദ്ധീകരണ പ്ലാന്റ് (എസ്.ടി.പി), സോളാർ സംവിധാനം എന്നിവ ഉൾപ്പെടുത്തിയാണ് പുതിയ ഡി.പി.ആർ തയാറാക്കുന്നത്.
പ്രവൃത്തി പൂർത്തീകരിക്കുന്നതിനാവശ്യമായ ഫണ്ട് കണ്ടെത്തുന്നതിനും പ്രസ്തുത തുക കൃത്യമായി തിരിച്ചടക്കാനുള്ള നഗരസഭയുടെ ശേഷി കണക്കാക്കുന്നതുമായ കുറ്റമറ്റ രീതിയിലാണ് ഡി.പി.ആർ രൂപകൽപന ചെയ്യുന്നത്. തൃശൂർ എൻജിനീയറിംഗ് കോളജ് പ്രിൻസിപ്പൽ ഡോ. ഇ.എ. ജാസ്മിൻ, ആർക്കിടെക്ചർ വിഭാഗം പ്രഫസർ സി.എ. ബിജു, നഗരസഭ ചെയർപേഴ്സൻ സൗമ്യ അനിലൻ, വൈസ് ചെയർപേഴ്സൻ പി.ജി ജയപ്രകാശ്, മുൻസിപ്പൽ സെക്രട്ടറി കെ.കെ മനോജ്, മുൻസിപ്പൽ എൻജിനീയർ ബിനയ് ബോസ് എന്നിവരുടെ സാന്നിധ്യത്തിലാണ് ധാരണാപത്രം ഒപ്പുവെച്ചത്.

