റോഡിൽ കൂട്ടിയിട്ട മാലിന്യങ്ങൾ നഗരസഭ നീക്കി
text_fieldsകുന്നംകുളം ടൗണിൽ യേശുദാസ് റോഡിലെ മാലിന്യം നഗരസഭ ജീവനക്കാർ നീക്കുന്നു
കുന്നംകുളം: നഗരത്തിലെ റോഡരികിൽ കൂടി കിടന്നിരുന്ന മാലിന്യം നഗരസഭ നീക്കി. യേശുദാസ് റോഡിലെ ആക്രിക്കടക്ക് സമീപത്തുണ്ടായിരുന്ന മാലിന്യമാണ് പൊതുജനാരോഗ്യ പരിസ്ഥിതി പരിപാലന വിഭാഗം ഉദ്യോഗസ്ഥര്‍ നീക്കിയത്.
നഗരത്തിന്റെ വിവിധ ഇടങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ കൃത്യമായി നടത്തി മാലിന്യക്കൂമ്പാരങ്ങൾ നീക്കം ചെയ്ത് പൂന്തോട്ടങ്ങൾ നിർമിച്ചിരുന്നു. എന്നാല്‍, യേശുദാസ് റോഡിലെ മാലിന്യം നീക്കം ചെയ്യാന്‍ സാധിച്ചിരുന്നില്ല. മുഴുവൻ ശുചീകരണ തൊഴിലാളികളെ ഉള്‍പ്പെടുത്തിയാണ് ഒരു മണിക്കൂർ കൊണ്ട് പൂർണമായി നീക്കം ചെയ്തത്. നീക്കിയ മാലിന്യം കുറുക്കന്‍പാറ ഗ്രീൻപാർക്കിൽ തരം തിരിച്ച് സംസ്കരിക്കും. നീക്കിയ മാലിന്യത്തില്‍നിന്ന് വില ലഭിക്കാവുന്ന പാഴ്വസ്തുക്കൾ ഹരിതകർമ സേനയുടെ സഹായത്തിൽ വിൽപന നടത്തും. ഇതില്‍നിന്ന് ലഭിക്കുന്ന തുക യേശുദാസ് റോഡില്‍ താമസിക്കുന്ന വയോധികക്ക് നൽകുമെന്ന് പൊതുജനാരോഗ്യ പരിസ്ഥിതി പരിപാലന വിഭാഗം അറിയിച്ചു. ക്ലീൻ സിറ്റി മാനേജർ ആറ്റ്ലി പി. ജോൺ, പി.എച്ച്.ഐ എ. രഞ്ജിത്ത്, എച്ച്.ഐ മാരായ എസ്. രശ്മി, എം.എസ്. ഷീബ, പി.പി. വിഷ്ണു, സിവിൽ പൊലീസ് ഓഫിസർ വി.ജെ. ജിൻസി എന്നിവർ നേതൃത്വം നൽകി.

