പൊലീസിനെ ആക്രമിച്ച കേസിലെ പ്രതികൾ പിടിയിൽ
text_fieldsകുന്നംകുളം: പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ മുഖ്യപ്രതികളായ രണ്ടുപേരെകൂടി പിടികൂടി. പെരുമ്പിലാവ് പാതാക്കര കാര്യടത്ത് അബ്ദുൽ അഹദ് (25), ചാലിശ്ശേരി മുലയംപറമ്പത്ത് ക്ഷേത്രത്തിന് സമീപം തൊഴുക്കാട് ശ്രീരാഗം വീട്ടിൽ അജയ് (18) എന്നിവരെയാണ് മംഗളൂരുവിൽ ഒളിവിൽ കഴിയുന്നതിനിടെ കുന്നംകുളം പൊലീസ് പിടികൂടിയത്. പൊലീസ് ഉദ്യോഗസ്ഥനെ വാൾവീശി ആക്രമിക്കാൻ ശ്രമിക്കുകയും പൊലീസ് ഉദ്യോഗസ്ഥന്റെ ബൈക്ക് കൊണ്ടുപോകുകയും ചെയ്ത സംഘത്തിലുള്ളവരാണ് ഇരുവരും.
ആക്രമണശേഷം ബൈക്കിൽ കടന്ന ഇവരെ പൊലീസ് പിന്തുടർന്നപ്പോൾ വാൾ വീശി ഭീഷണിപ്പെടുത്തി കടന്നുകളയുകയായിരുന്നു. സംഭവശേഷം മംഗളൂരുവിൽ ഒളിവിൽ കഴിയുകയായിരുന്നു ഇരുവരും. കുന്നംകുളം സി.ഐ വി.സി. സൂരജ്, സബ് ഇൻസ്പെക്ടർ സക്കീർ അഹമ്മദ്, ജില്ല പൊലീസ് മേധാവിയുടെ സ്ക്വാഡിലെ സബ് ഇൻസ്പെക്ടർ രാഗേഷ്, സിവിൽ പൊലീസ് ഓഫിസർമാരായ റിജിൻദാസ്, സുജിത്ത്, ശരത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. തെളിവെടുപ്പും നടത്തി.