10 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം: മധ്യവയസ്കന് അഞ്ചുവർഷം തടവ്
text_fieldsമുഹമ്മദാലി
കുന്നംകുളം: 10 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ മധ്യവയസ്കന് അഞ്ച് വർഷം തടവും 30,000 രൂപ പിഴയും ശിക്ഷ. കോട്ടപ്പടി ഏഴിക്കോട്ടയിൽ വീട്ടിൽ മുഹമ്മദാലിയെയാണ് (52) കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി എസ്. ലിഷ ശിക്ഷിച്ചത്. 2021 ലാണ് കേസിനാസ്പദമായ സംഭവം. ഗുരുവായൂർ പൊലീസ് സബ് ഇൻസ്പെക്ടറായിരുന്ന അജീഷിന്റെ നേതൃത്വത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. സബ് ഇൻസ്പെക്ടർ ജയപ്രദീപാണ് കുറ്റപത്രം സമർപ്പിച്ചത്.
കേസിൽ 29 സാക്ഷികളെ വിസ്തരിക്കുകയും 11 രേഖകളും തൊണ്ടിമുതലും ശാസ്ത്രീയ തെളിവുകളും പരിശോധിക്കുകയും ചെയ്തു. പ്രോസിക്യൂഷനായി അഡ്വ. കെ.എസ്. ബിനോയിയും സഹായികളായി അഭിഭാഷകരായ അമൃത, അനുഷ, ഗുരുവായൂർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ ടി.കെ. ഷിജു എന്നിവരും പ്രവർത്തിച്ചു.

